ഇമ്രാൻ ഖാൻ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു (ഫയൽ ചിത്രം) 
NEWSROOM

നിരോധിക്കപ്പെടാൻ മാത്രം പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് ചെയ്തതെന്ത്?

പാർട്ടിയെ 2029 വരെ നിരോധിച്ചില്ലെങ്കിൽ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കെത്തുമെന്നാണ് പാക് മന്ത്രിയായ അഹ്സാൻ ഇക്ബാൽ ആരോപിച്ചത്

Author : ന്യൂസ് ഡെസ്ക്

കഴിഞ്ഞ ജൂൺ 16ാം തീയതിയാണ് പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ്റെ പാർട്ടിയെ അടുത്ത അഞ്ച് വർഷത്തേക്ക് നിരോധിക്കണമെന്ന് ആവശ്യമുന്നയിച്ചത്. ഇമ്രാൻ ഖാൻ രൂപം നൽകിയ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പി.ടി.ഐ) പാർട്ടിയെ 2029 വരെ നിരോധിച്ചില്ലെങ്കിൽ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് പാക് മന്ത്രിയായ അഹ്സാൻ ഇക്ബാൽ ആരോപിച്ചത്. കൃത്യം ഒരു മാസത്തിനിപ്പുറം ഇമ്രാൻ്റെ പാർട്ടിയെ വിലക്കി കൊണ്ടുള്ള പാകിസ്ഥാൻ സർക്കാരിൻ്റെ ഉത്തരവ് പുറത്തിറങ്ങിയിരിക്കുകയാണ്.

യഥാർഥത്തിൽ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ രൂപം നൽകിയ രാഷ്ട്രീയ പാർട്ടി, രാജ്യവ്യാപകമായി വിലക്ക് നേരിടാൻ മാത്രമുള്ള എന്ത് പാതകമാണ് ചെയ്തതെന്നാണ് ലോകം ഉറ്റുനോക്കുന്നത്. മുൻ പ്രധാനമന്ത്രിയുടെ പാർട്ടിയെ തുടലഴിച്ചു വിട്ടാൽ, അത് രാജ്യവ്യാപകമായ പുതിയ പ്രക്ഷോഭങ്ങൾക്കും രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കും കാരണമാകുമെന്നും, പിന്നീടൊരിക്കലും തിരിച്ചുവരാനാകാത്ത വിധമുള്ള സാമ്പത്തിക തകർച്ചയിലേക്ക് തള്ളിവിടുമെന്നുമാണ് പാക് മന്ത്രി അഹ്സാൻ ഇക്ബാലിൻ്റെ വാദം.

പാകിസ്ഥാൻ ഭരണഘടനയുടെ ആർട്ടികിൾ 17 പ്രകാരം പാകിസ്ഥാൻ്റെ സേവനത്തിലല്ലാത്ത ഓരോ പൗരനും ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനോ അതിൽ അംഗമാകാനോ അവകാശമുണ്ട്. എന്നാൽ പാകിസ്ഥാൻ്റെ പരാമധികാരത്തിനോ അഖണ്ഡതക്കോ വിപരീതമായി പാർട്ടി പ്രവർത്തിക്കുകയാണെങ്കിൽ സർക്കാരിന് പാർട്ടിയെ നിരോധിക്കാം. നിരോധനം പ്രഖ്യാപിച്ച് 15 ദിവസത്തിനകം വിഷയം സുപ്രീം കോടതിയിൽ ചർച്ച ചെയ്യുകയും അന്തിമ വിധി പ്രഖ്യാപിക്കുകയും ചെയ്യും. ഇത്തരത്തിൽ പാർട്ടിയെ നിരോധിക്കാനാണ് പാക് സർക്കാർ ലക്ഷ്യമിടുന്നത്.

പാകിസ്ഥാൻ സർക്കാരിൻ്റെ നീക്കത്തിന് പിന്നിലെ കാരണം

സംവരണസീറ്റ് വിഷയത്തിൽ പിടിഐ പാർട്ടിക്കും നിയമവിരുദ്ധമായി വിവാഹം കഴിച്ചെന്ന കേസിൽ ഇമ്രാൻ ഖാനും അടുത്തിടെ കോടതിയിൽ നിന്നുണ്ടായ അനുകൂല നടപടികളിൽ സർക്കാരിനുണ്ടായ രോഷം ചെറുതല്ല. ദേശീയ, പ്രവിശ്യാ അസംബ്ലികളിൽ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും സംവരണം ചെയ്ത സീറ്റുകളിലേക്ക് ഇമ്രാൻ ഖാൻ്റെ പിടിഐ യോഗ്യമാണെന്ന് കഴിഞ്ഞ ആഴ്ച സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. ഇതോടെ 109 സീറ്റുകളുമായി പിടിഐ ദേശീയ അസംബ്ലിയിലെ ഏറ്റവും വലിയ കക്ഷിയായി മാറും. എന്നാൽ പിടിഐക്ക് സംവരണ സീറ്റുകൾ അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ അപ്പീൽ നൽകാനാണ് പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) നേതൃത്വത്തിലുള്ള സർക്കാരും സഖ്യകക്ഷികളും പദ്ധതിയിടുന്നത്.

ഐഎംഎഫുമായുള്ള വായ്‌പാ കരാർ പിടിഐ നേതാക്കൾ അട്ടിമറിക്കാൻ ശ്രമിച്ചതായും സർക്കാർ ആരോപിക്കുന്നു. കൂടാതെ 2023 മെയ് ഒമ്പതിന് ഇമ്രാന്റെ അറസ്റ്റിനെ തുടർന്ന് പാകിസ്ഥാനിലുടനീളം നടന്ന കലാപങ്ങളും പാർട്ടി നിരോധിക്കാനുള്ള തീരുമാനത്തെ സ്വാധിനിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.  200 ലധികം കേസുകളിൽ പ്രതിയായ ഇമ്രാൻ ഖാൻ കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ജയിലിലാണ്. ഇമ്രാനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യവുമായി പാർട്ടിപ്രവർത്തകർ പ്രതിഷേധം കനപ്പിക്കുന്നതിനിടെയാണ് സർക്കാരിന്റെ നീക്കം.

ഒരു രാഷ്ട്രീയ പാർട്ടിയെയും നിരോധിക്കാൻ സർക്കാരിന് താൽപര്യമുണ്ടായിരുന്നില്ലെന്ന് മുൻ പ്രധാനമന്ത്രിയും മുൻ പിഎംഎൽ-എൻ സീനിയർ വൈസ് റപെൻഡുമായ ഷാഹിദ് ഖഖാൻ അബ്ബാസി പറഞ്ഞു. 'ഇമ്രാൻ ഞങ്ങളെ ജയിലിലാക്കി ഞങ്ങൾ അവനെ ജയിലിലടക്കുന്നു', അതിൽ അസ്വഭാവികമായി ഒന്നും തന്നെയില്ലെന്ന് നേതാവ് വ്യക്തമാക്കി.


പാക്കിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫിൻ്റെ ചരിത്രം

1996 ഏപ്രിൽ 25 നാണ് ഇമ്രാൻ ഖാൻ്റെ തെഹ്‌രീക്-ഇ-ഇൻസാഫെന്ന രാഷ്ട്രീയ പാർട്ടി രൂപികരിക്കപ്പെടുന്നത്. നയീമുൽ ഹഖ്, അഹ്‌സൻ റഷീദ്, ഹഫീസ് ഖാൻ, മൊവാഹിദ് ഹുസൈൻ, മഹമൂദ് അവാൻ എന്നിവരായിരുന്നു പാർട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ. ഇമ്രാൻ ഖാൻ്റെ നേതൃത്വത്തിൽ പിടിഐ സാവധാനം വളരാൻ തുടങ്ങിയെങ്കിലും ജനപ്രീതി നേടിയെടുക്കാനായില്ല.

2002ലെ ദേശീയ തെരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ടാണ് പാർട്ടി പാർലിമെൻ്റിലേക്കുള്ള അരങ്ങേറ്റം കുറിക്കുന്നത്. അന്ന് തൊട്ടേ പാകിസ്ഥാൻ്റെ മുഴുവൻ രാഷ്ട്രീയ ക്രമത്തെയും ഇമ്രാൻ ഖാൻ രൂക്ഷമായി വിമർശിക്കാൻ തുടങ്ങി. പാകിസ്ഥാനിലെ ഭരണം അഴിമതി നിറഞ്ഞതും കാര്യക്ഷമതയും ധാർമികതയും ഇല്ലാത്തതാണെന്ന് നേതാവ് ഉറച്ച് വിശ്വസിച്ചു. തൻ്റെ പാർട്ടി ഇതിനെതിരെ പ്രവർത്തിക്കുമെന്ന് കാട്ടി ഖാൻ ഗ്രാസ് റൂട്ട് കാമ്പയിൻ ആരംഭിച്ചു.

2007-ൽ ബേനസീർ ഭൂട്ടോ കൊല്ലപ്പെടുകയും സൗദി അറേബ്യയിലെ സ്വയം പ്രവാസം അവസാനിപ്പിച്ച് നവാസ് ഷെരീഫ് തിരിച്ചെത്തുകയും ചെയ്തപ്പോൾ, ജനാധിപത്യ തെരഞ്ഞെടുപ്പ് നടത്താൻ പ്രസിഡൻ്റ് മുഷറഫിന്മേൽ സമ്മർദം വർധിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് പിടിഐ, പല രാഷ്ട്രീയ പാർട്ടികളുമായും ചേർന്നുകൊണ്ട് സൈനിക ഭരണത്തെ എതിർത്ത 'ഓൾ പാർട്ടീസ് ഡെമോക്രാറ്റിക് മൂവ്‌മെൻ്റിൽ' ചേർന്നു.

എന്നാൽ 2008ലെ പൊതുതെരഞ്ഞെടുപ്പിൽ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി വിജയിച്ചു. പിന്നാലെ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച പിടിഐ വെറുതേ ഇരുന്നില്ല. 2008 നവംബറിലും ഡിസംബറിലുമായി നടന്ന മെമ്പർഷിപ്പ് ഡ്രൈവിൽ ഒന്നരലക്ഷത്തിലധികം ആളുകളാണ് പാർട്ടിയിൽ ചേർന്നത്.

2013 ലെ പാകിസ്ഥാൻ പൊതുതെരഞ്ഞെടുപ്പിൽ പ്രധാന കക്ഷിയായി പിടിഐ ഉയർന്നു. 2014ലെ ആസാദി മാർച്ച് പാർട്ടിയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഗവൺമെൻ്റിനെതിരായ ജനവികാരം 2018 ലെ പാകിസ്ഥാൻ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയെ സഹായിച്ചു. കൂട്ടുകക്ഷി സർക്കാരിൻ്റെ രൂപീകരണവുമായപ്പോൾ പിടിഐ രാജ്യത്തെ ഏറ്റവും വലിയ ഒറ്റ രാഷ്ട്രീയ പാർട്ടിയായി ഉയർന്നുവന്നു. പാകിസ്ഥാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇമ്രാൻ ഖാൻ മറ്റ് അഞ്ച് പാർട്ടികളുമായി ചേർന്ന് ആദ്യമായി ദേശീയ സർക്കാർ രൂപീകരിച്ചു. എന്നാൽ ഇമ്രാൻ ഖാൻ്റെ ഭരണം അധികകാലം നിലനിന്നില്ല. 2022 ഏപ്രിലിൽ, അവിശ്വാസ പ്രമേയം പിടിഐ സർക്കാരിനെ ഫെഡറൽ തലത്തിൽ നിന്ന് പുറത്താക്കി.

ഇസ്ലാമിക സോഷ്യലിസം ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ ക്ഷേമ രാഷ്ട്രമായി പാകിസ്ഥാനെ മാറ്റുകയും ന്യൂനപക്ഷങ്ങൾക്കെതിരായ മതപരമായ വിവേചനം ഇല്ലാതാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പിടിഐ ഔദ്യോഗികമായി പ്രസ്താവിച്ചു. പിപിപി, പിഎംഎൽ-എൻ  പോലുള്ള പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി മുഖ്യധാരാ പാകിസ്ഥാൻ രാഷ്ട്രീയത്തിലെ ഏക രാജവംശപരമല്ലാത്ത പാർട്ടിയാണ് തങ്ങളെന്നും പാർട്ടി അവകാശപ്പെടുന്നു .

ഒരു ജനപ്രിയ പാർട്ടിയാണെങ്കിലും 2019 മുതൽ, വിവിധ സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങളിലും കോവിഡ്-19 പകർച്ചവ്യാധിയുടെ കാര്യത്തിലും പിടിഐ പരാജയപ്പെട്ടു. അധികാരത്തിലിരുന്ന കാലത്ത്, പാകിസ്ഥാൻ പ്രതിപക്ഷത്തിനെ അടിച്ചമർത്തിയതും പാകിസ്ഥാനിൽ മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തിതും പാർട്ടി വരുത്തിയ വലിയ തെറ്റുകളായിരുന്നു. എന്നാൽ കോവിഡിൻ്റെ പിന്നീടുള്ള ഘട്ടങ്ങളിൽ രാജ്യത്തിൻ്റെ സാമ്പത്തിക വീണ്ടെടുക്കലിന് നേതൃത്വം നൽകിയതിന് ഖാനും പാർട്ടിയും ഒരുപോലെ പിന്നീട് പ്രശംസിക്കപ്പെട്ടു.

SCROLL FOR NEXT