മൂന്ന് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വിനാശകരമായ വെള്ളപ്പൊക്കമാണ് തെക്കുകിഴക്കന്‍ സ്പെയിനിലുണ്ടായത്. വലൻസിയയുടെ കിഴക്കൻ മേഖലയിൽ അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയത്തിൻ്റെ ഫലമായി 64 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. വലൻസിയയിലെ റോഡുകളെല്ലാം പുഴകളായെന്നും ലക്ഷകണക്കിന് ആളുകളെ പ്രളയം ബാധിച്ചെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്‌പെയിനിൻ്റെ തെക്കേ അറ്റത്തുള്ള അൻഡലൂഷ്യയിൽ, സാധാരണയായി പെയ്യുന്ന മഴയേക്കാൾ മൂന്നിരട്ടി മഴ പെയ്തതായാണ് ദ ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ട്. രാജ്യത്തെ കാലാവസ്ഥാ ഏജൻസി നൽകുന്ന വിവരമനുസരിച്ച് ചില പ്രദേശങ്ങളിൽ രണ്ട് മണിക്കൂറിനുള്ളിൽ, ഒരു ചതുരശ്ര മീറ്ററിൽ 150 മുതൽ 200 ലിറ്റർ വരെ മഴ പെയ്തു. 1996 ശേഷം ആദ്യമായാണ് രാജ്യം ഇത്തരമൊരു പ്രളയക്കെടുതിയെ നേരിടുന്നത്. 'കോൾഡ് ഡ്രോപ്പ്' എന്നറിയപ്പെടുന്ന ഒരു വാർഷിക കാലാവസ്ഥാ പ്രതിഭാസമാണ് ഈ തീവ്രമായ മഴക്ക് കാരണം. 'ഡിപ്രെഷൻ ഐസ്‌ലാഡ എൻ നിവൽസ് ആൾട്ടോസ്' അഥവാ ഡാന എന്ന പേരിലും ഈ പ്രതിഭാസം അറിയപ്പെടുന്നു.
എന്താണ് ഡാന അല്ലെങ്കിൽ 'കോൾഡ് ഡ്രോപ്പ്'
മെഡിറ്ററേനിയൻ കടലിലെ ചൂടുപിടിച്ച വെള്ളത്തിനു മുകളിലൂടെ തണുത്ത വായു ഇറങ്ങുമ്പോഴാണ് കോൾഡ് ഡ്രോപ്പ് പ്രതിഭാസം സംഭവിക്കുന്നത്. കടലിൻ്റെ ഉപരിതലത്തിൽ ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു ഉയരുന്നതിന് ഈ പ്രതിഭാസം കാരണമാകുന്നു. പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ക്യുമുലോനിംബസ് മേഘങ്ങൾ രൂപീകരിക്കപ്പെടും. ഈ മേഘങ്ങളാണ് സ്പെയിനിൽ മിന്നൽ പ്രളയത്തിന് കാരണമായത്.
പോളാർ ജെറ്റ് സിസ്റ്റം അഥവാ ധ്രുവീയ പ്രവാഹവുമായി ബന്ധപ്പെട്ടാണ് ഈ കാലാവസ്ഥാ മാറ്റം സംഭവിക്കുന്നത്. ഭൂമിയിലെ ഏറ്റവും താഴ്ന്ന പാളിയായ ട്രോപോസ്ഫിയറിൽ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് അതിവേഗം സഞ്ചരിക്കുന്ന വായുവിനെയാണ് ധ്രുവീയ പ്രവാഹമെന്ന് വിളിക്കുന്നത്. ഇത് പോളാർ മേഖലയിലെ തണുത്ത കാറ്റിനെ ഉഷ്ണമേഖലയിലെ ചൂടുള്ള കാറ്റുമായി വേർത്തിരിക്കുകയും ചെയ്യുന്നു. ധ്രുവീയ പ്രവാഹത്തിലെ തണുത്ത വായുവുമായി സഞ്ചരിക്കുന്ന ഒരു ഭാഗം മെഡിറ്ററേനിയൻ കടലിന് മുകളിലൂടെയുള്ള ചൂടുള്ള വായുവുമായി കൂട്ടിയിടിക്കുന്നു. ഇതോടെയാണ് കോൾഡ് ഡ്രോപ്പ് പ്രതിഭാസം രൂപപ്പെടുന്നത്.
കോൾഡ് ഡ്രോപ്പ് തീവ്രമാകുന്നുണ്ടോ?
ശരത്കാലം ആരംഭിക്കുന്നതിന് മുൻപായി സ്പെയിനിൽ സാധാരണഗതിയിൽ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ഡാന. എന്നാൽ സമീപകാലങ്ങളിൽ ഡാന ഇടയ്ക്കിടെ സംഭവിക്കുന്നെന്നും തീവ്രമായി മാറിയെന്നും കാലവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഡാന മൂലമുള്ള ഈ മഴ കടൽ തീരങ്ങൾക്ക് പുറമെ, മാഡ്രിഡ് പോലുള്ള കനത്ത മഴ ലഭിക്കാത്ത നഗരങ്ങളിലും പെയ്യുന്നതായി സ്പെയിനിലെ കാലാവസ്ഥാ ഏജൻസി വക്താവ് റൂബൻ ഡെൽ കാമ്പോയെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ആഗോള താപനില കുതിച്ചുയരുന്നതാണ് ഇതിന് പ്രധാന കാരണം. ചൂട് കൂടുന്നതോടെ വായുവിന് കൂടുതൽ ഈർപ്പം ഉൾക്കൊള്ളാൻ കഴിയും. ഇത് അതിതീവ്രമായ മഴയ്ക്ക് കാരണമാകുന്നു. മെഡിറ്ററേനിയൻ കടലിലെ സമുദ്രോപരിതല താപനിലയിലെ വർധനയും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. മെഡിറ്ററേനിയൻ കടലിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഓഗസ്റ്റിൽ രേഖപ്പെടുത്തിയത്.