NEWSROOM

ഭാവിയിലേക്ക് കരുതിവെക്കുന്ന പുസ്തകങ്ങള്‍; എന്താണ് ഫ്യൂച്ചർ ലൈബ്രറി?

ഇക്കഴിഞ്ഞ ദിവസം ഹാന്‍ കാങ്ങിന് സാഹിത്യ നോബേൽ ലഭിച്ചതിന് പിന്നാലെ ഫ്യൂച്ചർ ലൈബ്രറി എന്ന ആശയം ഒരിക്കൽക്കൂടി ചർച്ചയായിരിക്കുന്നു

Author : ന്യൂസ് ഡെസ്ക്

ഭാവി തലമുറയ്ക്കായി അക്ഷരനിധി കരുതിവച്ച ഒരു രാജ്യമുണ്ട്, നോർവെ. 100 വർഷങ്ങൾക്കപ്പുറം പ്രസിദ്ധീകരിക്കേണ്ട പുസ്തകങ്ങൾ 'ഫ്യൂച്ചർ ലൈബ്രറിയില്‍' സൂക്ഷിച്ചുവച്ചിരിക്കുകയാണ് നോർവെ. ഇക്കഴിഞ്ഞ ദിവസം ഹാന്‍ കാങ്ങിന് സാഹിത്യ നോബേൽ ലഭിച്ചതിന് പിന്നാലെ ഫ്യൂച്ചർ ലൈബ്രറി എന്ന ആശയം ഒരിക്കൽക്കൂടി ചർച്ചയായിരിക്കുന്നു.

എന്താണ് ഫ്യൂച്ചർ ലൈബ്രറി?

ഒരെഴുത്തുകാരി അല്ലെങ്കിൽ എഴുത്തുകാരൻ പുസ്തകം എഴുതുന്നു, അയാളുടെ ജീവിതകാലത്ത് അത് അച്ചടിക്കുന്നില്ല, ആരും വായിക്കുന്നുമില്ല. അതിൻ്റെ കയ്യെഴുത്ത് പ്രതി ഭദ്രമായി സൂക്ഷിച്ചുവയ്ക്കുന്നു. എഴുതിയ ആളടക്കം ഇപ്പോൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന സകല മനുഷ്യരും മരിച്ചുമണ്ണടിഞ്ഞ് കഴിഞ്ഞ്, ഒരു നൂറ്റാണ്ട് ഒഴുകിപ്പോയതിനപ്പുറം വരാനിരിക്കുന്ന തലമുറ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നു. അന്നുള്ള വായനക്കാർ പുസ്തകം വായിക്കുന്നു.. ! ഇത് വെറും സങ്കല്‍പ്പം മാത്രമല്ല, ഇതാണ് ഫ്യൂച്ചർ ലൈബ്രറി.

അടുത്ത 100 വർഷത്തേക്ക് നിശബ്ദമായൊരു വായനാമുറി ആതാണ് ഈ ആശയത്തിന്‍റെ അടിസ്ഥാനം. ഓരോ കൊല്ലവും ഓരോരുത്തരുടേത് എന്ന കണക്കിൽ നൂറ് എഴുത്തുകാരുടെ കയ്യെഴുത്തു പ്രതികൾ അടുത്തൊരു നൂറ്റാണ്ട് ഈ നിശബ്ദ വായനാമുറിയിൽ ശേഖരിച്ചുവയ്ക്കും. 2114ൽ അവയൊന്നിച്ച് അന്നത്തെ വായനക്കാർക്കായി ഒന്നിച്ച് പ്രസിദ്ധീകരിക്കും.

വിശാലമായൊരു കാൽപനിക സങ്കൽപം. അങ്ങു നോർവേയിൽ, ഓസ്ലോയുടെ വടക്ക് നോഡ്മാർക എന്നൊരു വനമേഖലയുണ്ട്. അവിടെ 1000 സ്പ്രൂസ് മരങ്ങൾ, അവിടത്തെ ഒരിനം വൃക്ഷമാണ്, നട്ടുവളർത്തുന്നുണ്ട്. എന്തിനെന്നോ? 100 വർഷം കഴിഞ്ഞ് പുസ്തകങ്ങളായി മാറാൻ. ഭാവിയിലെ പുസ്തകങ്ങള്‍ക്ക് വേണ്ടി പേപ്പർ പൾപ്പാവാൻ വളരുന്ന ആയിരം മരങ്ങളാണിവ. ഒരു നൂറ്റാണ്ടിനപ്പുറം അച്ചടിക്കാൻ പോകുന്ന പുസ്തകങ്ങളുടെ അപൂർവ ശേഖരം. ഇപ്പോഴതൊരു കാടായി വളരുന്നു. മനുഷ്യഭാവന എത്ര കാൽപനികമാണ്!

സ്കോട്ടിഷ് ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റും ചിത്രകാരിയുമായ കാത്തി പാറ്റേഴ്സണ് ഒരു തീവണ്ടി യാത്രയ്ക്കിടെ തോന്നിയ ആശയമായിരുന്നു ഇത്. ജാലകച്ചില്ലുകൾക്കപ്പുറം മഞ്ഞുമൂടുന്ന മരങ്ങൾ കണ്ട് അത് തൂവാലയിൽ വരയ്ക്കുകയായിരുന്നു പാറ്റേഴ്സൺ. അവർക്കപ്പോൾ തോന്നി, കാലത്തിന്റെ ഓർമകളാണ് മരങ്ങൾ. മരങ്ങൾ പുസ്തകങ്ങളെപ്പോലെയാണ്.. അപ്പോൾ വനങ്ങളോ? വനങ്ങൾ വായനശാലകളും..

ആ ചിന്ത പാറ്റേഴ്സന്റെ മനസിൽ കിടന്ന് വളർന്ന് ഫ്യൂച്ചർ ലൈബ്രറി എന്ന വിശാല ആശയമായി. 2014ൽ അവർ ലോകത്തിന് മുന്നിൽ ഫ്യൂച്ചർ ലൈബ്രറി പ്രൊജക്റ്റ് അവതരിപ്പിച്ചു.

നോർവീജിയൻ കാടകങ്ങളിൽ ഭാവിയിലേക്കൊരു വായനശാല. ഭാവിയിൽ പുസ്തകങ്ങളാകേണ്ട കയ്യെഴുത്തുപ്രതികൾ സൂക്ഷിക്കാൻ  ഡെച്ച്മാൻ ലൈബ്രറിയുടെ മുകളിലത്തെ നിലയിൽ കൊത്തുപണികളാൽ അലംകൃതമായ, നിശ്ശബ്ദമായൊരു മുറി.

കാല ദേശ ഭാഷാ ഭേദങ്ങളില്ലാതെ, ദൈർഘ്യമായ എഴുത്തോ ഹ്രസ്വമായതോ എന്ന വേർതിരിവില്ലാതെ, ലോകത്തിലെ ഏറ്റവും മികച്ച എഴുത്തുകാരുടെ കൈയെഴുത്ത് പ്രതികൾ ഈ സൈലൻ്റ് ലൈബ്രറിയിൽ സൂക്ഷിക്കും. 2015ല്‍ മാര്‍ഗരറ്റ് അറ്റ്‌വുഡിൽ തുടങ്ങി ഇതുവരെ പത്ത് ലോക പ്രസിദ്ധരായ എഴുത്തുകാർ കൈയെഴുത്ത് പ്രതികൾ ഫ്യൂച്ചർ ലൈബ്രറിയിലേക്ക് കൈമാറിയിട്ടുണ്ട്.

ഇക്കൊല്ലത്തെ സാഹിത്യ നൊബേൽ പുരസ്കാര ജേതാവ് ഹാൻ കാങും 2018ൽ ഫ്യൂച്ചർ ലൈബ്രറിയിലേക്ക് ഒരു പുസ്തകം നൽകിയിരുന്നു. എന്താണതിന്റെ പേര്, ഉള്ളടക്കം, എത്ര താളുകളുണ്ടാകും? ഒന്നും നമുക്കറിയില്ല, അറിയാനുമാകില്ല. നമ്മുടെ ജീവിതകാലത്ത് അത് പ്രസിദ്ധീകരിക്കില്ലല്ലോ...

ഓരോ വർഷവും ട്രസ്റ്റ് തെരഞ്ഞെടുക്കുന്ന എഴുത്തുകാർക്കാണ് ക്ഷണം. കൈയെഴുത്ത് പ്രതികൾ പൂർത്തിയായാൽ എല്ലാ കൊല്ലവും മേയ് മാസം തെരഞ്ഞെടുക്കപ്പെട്ട എഴുത്തുകാരൻ അഥവാ എഴുത്തുകാരി നോർവേയിലെത്തും. ഏറെ വൈകാരിമായ നിമിഷമാണത്. നൂറുവർഷമപ്പുറം ഇനിയും ജനിക്കാനിരിക്കുന്ന വായനക്കാർക്കായി ആത്മാവ് തൊട്ടെഴുതിയ കടലാസുകെട്ട് ആ വായനാമുറിയിൽ ഒരു കണ്ടെയ്നറിൽ അടച്ചുപൂട്ടി എഴുത്തുകാരൻ ഒളിപ്പിക്കും. 2114 വരെ അതൊരു പരമരഹസ്യമാണ്.

കൃത്യം ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ സ്പ്രൂസ് മരങ്ങൾക്ക് 100 വയസാകും. അന്ന് നിശബ്ദ മുറിയിലെ 100 പുസ്തകങ്ങളും പുനർജനിക്കും. അവ അച്ചടിക്കേണ്ട പ്രിന്റിംഗ് പ്രസും അത് ഉപയോഗിക്കേണ്ട വിധവും വരെ തയ്യാറാക്കിയിട്ടുണ്ട്.

"നൂറ് വർഷത്തിന് ശേഷം ഇനിയെന്നോ ജനിക്കാനിരിക്കുന്ന ഒരാൾ, ആദ്യമായി ഈ കണ്ടെയ്നറിൽ നിന്ന് മാനുസ്ക്രിപ്റ്റ് പുറത്തെടുത്ത് വായിക്കുമ്പോൾ എന്റെ ശബ്ദം അയാളോട് ആദ്യം പറയുന്നതെന്താകും?", 2015ൽ ഫ്യൂച്ചർ ലൈബ്രറിലേക്ക് ആദ്യ കയ്യെഴുത്ത് പ്രതി കൈമാറിയപ്പോൾ മാർഗരറ്റ് അറ്റ്‌വുഡ് പറഞ്ഞു.

എഴുത്തുകാർ സഹജീവിച്ച സങ്കൽപങ്ങൾ, കലഹിച്ച പ്രശ്നങ്ങൾ, സംവദിച്ച കഥാപാത്രങ്ങൾ എന്നു തുടങ്ങിയ ശേഷിപ്പുകളെല്ലാം തുടച്ചുനീക്കപ്പെട്ടിട്ടുണ്ടാവും. എന്നാൽ വർത്തമാനം കാണാത്ത പുസ്തകങ്ങൾ ഭാവിയിൽ ജീവിക്കും. കാലത്തിന്റെ അതിരുകൾ ഭേദിച്ച് കാത്തി പാറ്റേഴ്സന്റെ സൈലന്റ് ലൈബ്രറിലൂടെ മനുഷ്യരാശിയുടെ ചരിത്രം യാത്ര തുടരും.

നൂറ് വർഷങ്ങൾക്കപ്പുറം ഭൂമിയിലെ ജീവിതം എങ്ങനെയാകും? രാജ്യാതിർത്തികളും രാഷ്ട്രസങ്കൽപ്പങ്ങളും ഒരുപക്ഷേ മാറിയിട്ടുണ്ടാകും. ഗോളാന്തര യാത്രകളുടെ സാധ്യതകൾ ഒരുപക്ഷേ സജീവമായിട്ടുണ്ടാകും. ഒന്നിൽക്കൂടുതൽ ഭൂമികളെപ്പറ്റി നമ്മൾ ആലോചിച്ച് തുടങ്ങിയിട്ടുണ്ടാകണം. അന്ന് മരപ്പൾപ്പ് കൊണ്ട് അച്ചടിക്കുന്ന പുസ്തകങ്ങളുണ്ടാകുമോ? പുസ്തകം വായിക്കേണ്ട സാഹചര്യമുണ്ടാകുമോ? പുസ്തകം തന്നെയുണ്ടാകുമോ? എന്നിട്ടും ആ ആയിരം സ്പ്രൂസ് മരങ്ങൾ വളരുന്നു. ഒന്നുറപ്പാണ്, ഏതു വഴിയിലൂടെയും കൗതുകങ്ങൾ സൃഷ്ടിക്കാനുള്ള മനുഷ്യരുടെ കാൽപനിക ത്വര അന്നുമുണ്ടാകും.

SCROLL FOR NEXT