NEWSROOM

ശരീരത്തിന്റേയും മനസ്സിന്റേയും ആരോഗ്യത്തിന് നന്നായി ഉറങ്ങണം; പക്ഷേ എന്താണ് ഈ 'നല്ല ഉറക്കം'

ആഴത്തിലുള്ള ഉറക്കം നിങ്ങളുടെ ശരീരത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും

Author : ന്യൂസ് ഡെസ്ക്

ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ പലപ്പോഴും അടിവരയിട്ടു പറയാറുണ്ട്. മനസ്സിന്റേയും ശരീരത്തിന്റേയും ആരോഗ്യത്തിന് നല്ല ഉറക്കം അനിവാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എന്താണ് നല്ല ഉറക്കം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എത്ര പേര്‍ക്കറിയാം?

ജീവിതശൈലി പരിശീലകന്‍ ലൂക്ക് കുടീഞ്ഞോ അടുത്തിടെ ഇത് ആവര്‍ത്തിക്കുകയും ചെയ്തു. ആഴത്തിലുള്ള ഉറക്കം ഒരു ഔഷധമാണെന്ന് അദ്ദേഹം പറഞ്ഞുവെച്ചു. ക്ഷീണം, ഉന്മേഷമില്ലായ്മ, ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിക്കാനും ദൈനംദിന കാര്യങ്ങള്‍ ചെയ്യാനുള്ള ബുദ്ധിമുട്ട്, പകല്‍ ഉറക്കം എന്നിവ അപര്യാപ്തമായ ഉറക്കത്തിന്റെ ലക്ഷണങ്ങളാണെന്ന് ഗ്ലെനീഗിള്‍സ് ഹോസ്പിറ്റല്‍ പരേലിലെ ഫിസിഷ്യനും പ്രമേഹരോഗ വിദഗ്ധയുമായ ഡോ. ആരതി ഉള്ളാല്‍ പറയുന്നു.നല്ല ഉറക്കം രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുക മാത്രമല്ല, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഡോ. ഉള്ളാല്‍ പങ്കുവെക്കുന്നുണ്ട്.

എന്താണ് നല്ല ഉറക്കം?

ആഴത്തിലുള്ള ഉറക്കം നിങ്ങളുടെ ശരീരത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. സമ്മര്‍ദ്ദവും തിരക്കേറിയതുമായ ഒരു ദിവസത്തിനുശേഷം വിശ്രമിക്കാനും ശാന്തമാക്കാനും ഇത് നിങ്ങളെ സഹായിക്കും. നിങ്ങള്‍ ഉറങ്ങുമ്പോള്‍, കോര്‍ട്ടിസോള്‍ പോലുള്ള സമ്മര്‍ദ്ദ ഹോര്‍മോണുകള്‍ കുറയുകയും സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നല്ല ഉറക്കം നിങ്ങളുടെ മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കാനും സമ്മര്‍ദ്ദം നിയന്ത്രിക്കാനും വിവിധ ആരോഗ്യപ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും- ഡോ. ഉള്ളാല്‍ വിശദീകരിച്ചു.


ഒരാള്‍ ദിവസവും കുറഞ്ഞത് 8 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങണമെന്ന് ആരോഗ്യ വിദഗ്ധര്‍ ഊന്നിപ്പറയുന്നു. നല്ല ഉറക്കം എന്നതിന് എത്ര നേരം ഉറങ്ങി എന്ന് മാത്രമല്ല അര്‍ത്ഥമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ആഴത്തിലുള്ള ഉറക്കം ആരോഗ്യം മെച്ചപ്പെടുത്തും എന്നതു പോലെ തന്നെ ഏറെ നേരമുള്ള ഉറക്കം ആരോഗ്യത്തെ ഇല്ലാതാക്കുകയും ചെയ്യും. സാധാരണയില്‍ കൂടുതല്‍ സമയം ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ ഉന്മേഷം തോന്നാതിരിക്കുന്നതും ഇതുകൊണ്ട് തന്നെ.

നല്ല ഉറക്കം ലഭിക്കാന്‍ രാത്രിയില്‍ ചായ, കോഫി എന്നിവ കുടിക്കുന്നത് ഒഴിവാക്കാം. ഉറങ്ങാന്‍ കിടന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലഘുവായി ഭക്ഷണം കഴിക്കുന്നതും രാത്രി നേരത്തേ ഭക്ഷണം കഴിക്കുന്നതും ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കും.

SCROLL FOR NEXT