NEWSROOM

വരുന്നു പാന്‍ 2.0; നിങ്ങളുടെ പഴയ പാൻ കാർഡ് ഇനി പ്രവർത്തിക്കുമോ?

പദ്ധതിയിലൂടെ വ്യക്തികൾക്കും ബിസിനസുകൾക്കും തടസമില്ലാത്ത സേവനങ്ങള്‍ നൽകുന്നതിനായി ആദായനികുതി വകുപ്പിൻ്റെ ഡിജിറ്റൽ സംവിധാനം നവീകരിക്കും

Author : ന്യൂസ് ഡെസ്ക്

പെർമെനന്‍റ് അക്കൗണ്ട് നമ്പർ (പാന്‍) സംവിധാനത്തെ പരിഷ്ക്കരിക്കാനായി ആസൂത്രണം ചെയ്ത പാന്‍ 2.0 പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്ര സർക്കാർ. നികുതിദായകർക്ക് ലഭിക്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ബിസിനസ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

എന്താണ് പാൻ 2.0?

നിലവിലെ പാൻ സംവിധാനത്തിന്‍റെ വിപുലീകരിച്ച പതിപ്പാണ് പാൻ 2.0. സാങ്കേതികവിദ്യ ഉപയോഗിച്ച് രജിസ്ട്രേഷൻ സുഗമമാക്കുകയും നികുതിദായകർക്ക് കൂടുതൽ എളുപ്പത്തില്‍ സമീപിക്കാവുന്ന തരത്തില്‍ പാന്‍ സംവിധാനത്തെ മാറ്റുകയുമാണ് ലക്ഷ്യം. 1,435 കോടി രൂപയുടെ പദ്ധതിയാണിത്. പദ്ധതിയിലൂടെ വ്യക്തികൾക്കും ബിസിനസുകൾക്കും തടസമില്ലാത്ത സേവനങ്ങള്‍ നൽകുന്നതിനായി ആദായനികുതി വകുപ്പിൻ്റെ ഡിജിറ്റൽ സംവിധാനം നവീകരിക്കും.

പാൻ 2.0 ൻ്റെ സവിശേഷതകൾ

• പ്രവർത്തനക്ഷമതയ്ക്കും മെച്ചപ്പെടുത്തിയ സുരക്ഷയ്ക്കുമായി പാൻ കാർഡുകളില്‍ എംബഡഡ് ക്യൂആർ കോഡ് അവതരിപ്പിക്കും.

• നിർദിഷ്‌ട സർക്കാർ ഡിജിറ്റൽ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവന്‍ ബിസിനസുകൾക്കുമുള്ള തിരിച്ചറിയല്‍ രേഖയായിരിക്കും ഇനി പാൻ.

• പദ്ധതി നികുതിദായകരുടെ രജിസ്‌ട്രേഷൻ പ്രക്രിയകൾ പുനഃക്രമീകരിക്കുകയും പാൻ/ടാൻ സേവനങ്ങളെ ഏകീകൃത പ്ലാറ്റ്‌ഫോമിലാക്കുകയും ചെയ്യും.

• പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതും സുരക്ഷിതവും വേഗമേറിയതും ആകാനാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഉപയോക്താക്കൾക്കുള്ള ആനുകൂല്യങ്ങൾ

• നികുതിദായകരുടെ രജിസ്ട്രേഷൻ സേവനങ്ങൾ വേഗത്തിലും ഉപയോക്തൃ സൗഹൃദമായും മാറും.

 നിലവിലുള്ള പാൻ ഉടമകൾക്ക് അധിക ചെലവില്ലാതെ പാൻ 2.0ലേക്ക് അപ്‌ഗ്രേഡ് ചെയ്യാം.

 ഒരു ഏകീകൃത സംവിധാനം വഴി സേവന വിതരണം മെച്ചപ്പെടുത്തുകയും ഡാറ്റ സ്ഥിരത ഉറപ്പാക്കുകയും ചെയ്യും.



പുതിയ പാനിന് അപേക്ഷിക്കണോ?

പാന്‍ 2.0 അവതരിപ്പിക്കുന്നതു കൊണ്ട് നിങ്ങള്‍ പുതിയ പാന്‍ കാർഡിന് അപേക്ഷിക്കേണ്ട കാര്യമില്ല. പാന്‍ 2.0 പദ്ധതി പ്രകാരം നിങ്ങളുടെ നിലവിലുള്ള പാന്‍ സാധുവാണ്. ക്യൂആർ കോഡ് അടക്കമുള്ള അപ്ഗ്രേഡുകള്‍ നിലവില്‍ കാർഡുള്ളവർക്ക് പ്രത്യേകിച്ച് നടപടികളൊന്നു കൂടാതെ തന്നെ ലഭ്യമാകും.

ബിസിനസുകൾക്ക് ലഭിക്കുന്ന പ്രാധാന്യം

പാൻ പൊതുവായ ഒരു തിരിച്ചറിയല്‍ രേഖയാകുന്നതിലൂടെ പദ്ധതി കേന്ദ്ര സർക്കാരിന്‍റെ ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടിന്‍റെ ഭാഗമാകുന്നു. ബിസിനസുകൾക്ക് ഈ സാർവത്രിക തെരഞ്ഞെടുപ്പ് രേഖ ഉപയോഗിച്ച് സർക്കാർ ഏജൻസികളുമായുള്ള ആശയവിനിമയം കാര്യക്ഷമമാക്കാനും സുഗമമായ പ്രവർത്തനം ഉറപ്പാക്കാനും സാധിക്കും.

Also Read: വിമാന യാത്രികരില്‍ നിന്നുണ്ടാകുന്ന മോശം പെരുമാറ്റം; യാത്രാ മാർഗനിർദേശങ്ങൾ പരിഷ്‌ക്കരിക്കണമെന്ന് സുപ്രീം കോടതി

സാധ്യത

ഇതുവരെ 78 കോടി പാൻ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. അതില്‍ 98 ശതമാനവും വ്യക്തികള്‍ക്കാണ് നല്‍കിയിരിക്കുന്നത്. പാൻ 2.0 നിലവിലുള്ള വ്യവസ്ഥയെ ഏകീകരിക്കുകയും ഉപയോക്താക്കൾക്കിടയില്‍ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ രീതികള്‍ അവതരിപ്പിക്കുകയും ചെയ്യും.

SCROLL FOR NEXT