NEWSROOM

ദിവസവും സാരിയാണോ ധരിക്കാറ്; 'പെറ്റിക്കോട്ട് ക്യാന്‍സറി'നുള്ള സാധ്യത കൂടുതലെന്ന് റിപ്പോർട്ട്

സാരിയുടുക്കാനായി അരക്കെട്ടിൽ മുറുക്കിയുടുക്കുന്ന പാവാടയാണ് ഇതിനു കാരണം

Author : ലിൻ്റു ഗീത

പലപ്പോഴും നാടൻ വേഷം എന്ന് പറയുമ്പോൾ മനസിലേക്കോടിയെത്തുന്ന വസ്ത്രങ്ങളിൽ ഏറ്റവും ആദ്യമാണ് നമുക്ക് സാരി. നമ്മുടെ തനത് ആഘോഷങ്ങളിലും സംസ്കാരത്തിലും എല്ലാം സാരിക്കുള്ള പങ്ക് വളരെ വലുതാണ്. എന്നാൽ സ്ഥിരമായി സാരി ഉടുക്കുന്നവരെ കാത്തിരിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾ ആണെന്നാണ് പുതിയ കണ്ടെത്തൽ. അടുത്തിടെ നടത്തിയ മെഡിക്കൽ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ദിനവും സാരിയുടുക്കുന്ന സ്ത്രീകളിൽ സ്‌കിന്‍ ക്യാന്‍സറിനുള്ള സാധ്യത കൂടുതൽ ആണെന്നാണ് പഠനം പറയുന്നത്.

സാരിയുടുക്കാനായി അരക്കെട്ടിൽ മുറുക്കിയുടുക്കുന്ന പാവാടയാണ് ഇതിനു കാരണം. സ്ഥിരമായി സാരിയുടുക്കാനായി അടിപ്പാവാട മുറുക്കിയുടുക്കുന്നവരിൽ ആണ് ഈ ക്യാന്‍സറിനുള്ള സാധ്യത കൂടുതൽ. 'പെറ്റിക്കോട്ട് ക്യാന്‍സര്‍' എന്നാണ് ഈ സ്‌കിന്‍ ക്യാന്‍സറിനെ അറിയപ്പെടുന്നത്. മഹാരാഷ്‌ട്രയിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിലെയും ബിഹാറിലെ മധുബനി മെഡിക്കൽ കോളേജിലെയും ഡോക്‌ടര്‍മാരാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.

എന്താണ് പെറ്റിക്കോട്ട് ക്യാന്‍സര്‍


ഇന്ത്യയിലെ ഗ്രാമീണ വനിതകളിലാണ് അധികമായും പെറ്റിക്കോട്ട് ക്യാന്‍സര്‍ കാണപ്പെടുന്നത്. അടിപ്പാവാട മുറുക്കിയുടുക്കുന്നത് മൂലം അരയിൽ നീര് വയ്‌ക്കുകയും പിന്നീട് അവിടെ ചെറിയ വൃണങ്ങള്‍ ഉണ്ടാകും. മാര്‍ജോലിന്‍ അള്‍സര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തരത്തിൽ തുടര്‍ച്ചയായി ഉണ്ടാകുന്ന മുറിവുകൾ ആണ് പിന്നീട് സ്‌കിന്‍ ക്യാന്‍സറിന് കാരണമാകുന്നത്. ബിഎംജെ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റിപ്പോര്‍ട്ടിലാണ് ഈ ക്യാന്‍സറിനെ പറ്റി പറയുന്നത്.

സാരി ക്യാന്‍സര്‍ എന്നാണ് ആദ്യം ഇതിനെ അറിയപ്പെട്ടത്. സാരി മെലനോസിസ്, സാരി കാൻസർ സിൻഡ്രോം എന്നിങ്ങനെയുള്ള പേരുകളിലും ഇതറിയപ്പെട്ടിരുന്നു. എന്നാൽ സാരിയല്ല അടിയിൽ ഉടുക്കുന്ന പാവാടയാണ് ഇതിനുകാരണം എന്ന് വ്യക്തമായതോടെയാണ് പെറ്റികോട്ട് കാൻസർ എന്നും ഇതറിയപ്പെട്ടു തുടങ്ങി.

പെറ്റിക്കോട്ട് ക്യാൻസറിനുള്ള കാരണങ്ങൾ


• പെറ്റിക്കോട്ട് അരക്കെട്ടിൽ ഇറുക്കിയുടുക്കുന്നത്.
• സാരിയുടെ പ്ലീറ്റിൽ നിന്നുള്ള സമ്മർദ്ദം.
• ചർമ്മത്തിൽ നീണ്ടുനിൽക്കുന്ന ചൊറിച്ചിൽ.
• ഈ ഭാഗങ്ങളിൽ മതിയായ സൂര്യപ്രകാശം ലഭിക്കാത്തത്.
• ഈർപ്പവും വിയർപ്പും.

രോഗം വരാതിരിക്കാനായി ശ്രദ്ധിക്കേണ്ടത്


• സാരി ധരിക്കുമ്പോള്‍ അടിപ്പാവാട അധികം മുറുക്കി കെട്ടാതിരിക്കുക.
• അരക്കെട്ടിൽ മുറിവോ നീര്‍ക്കെട്ടോ ഉണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിക്കുക
• അരയില്‍ മുറിവോ നീര്‍ക്കെട്ടോ ശ്രദ്ധയില്‍പ്പെട്ടാല്‍ സാരി മാറ്റി മറ്റ് വസ്‌ത്രങ്ങള്‍
  ധരിക്കുക.
• മൃദുവായ തുണികൊണ്ടുള്ള അടിപ്പാവാടകൾ ഉപയോഗിക്കുക.
• ചൂടുള്ള കാലാവസ്ഥയില്‍ അയഞ്ഞ വസ്‌ത്രങ്ങള്‍ ധരിക്കുക.
• അസുഖം വന്നാല്‍ ഉടനടി വിദഗ്‌ധ ചികിത്സ തേടാം.


ആദ്യ കേസ്

70 വയസ്സുള്ള ഒരു സ്ത്രീക്കാണ് രാജ്യത്ത് ആദ്യമായി പെറ്റിക്കോട്ട് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. 18 മാസമായി നീണ്ടുനിന്ന അസഹനീയമായ വേദനയും അൾസറുമായാണ് സ്ത്രീ ചികിത്സക്കെത്തിയത്. അരക്കെട്ടിൽ പാവാട ഇറുക്കിയുടുത്തത് കാലക്രമേണ മാർജോലിൻ അൾസറിന് കാരണമായി. പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ ആണ് സ്ത്രീക്ക് പെറ്റിക്കോട്ട് ക്യാന്‍സറാണെന്ന് കണ്ടെത്തിയത്.

രണ്ടാമത്തെ കേസ്

60 വയസുള്ള മറ്റൊരു സ്ത്രീയിലാണ് രോഗം രണ്ടാമത് സ്ഥിരീകരിക്കുന്നത്. രണ്ടുവർഷമായി തുടർച്ചയായി മുറിവുകൾ വന്നുതുടങ്ങിയപ്പോഴാണ് ഇവർ ഡോക്ടറെ സമീപിക്കുന്നത്. തുടർന്ന് നടത്തിയ ബയോപ്‌സി പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. 40 വര്‍ഷത്തോളമായി പരമ്പരാഗത വസ്‌ത്രമായ 'ലുഗ്‌ഡ'യാണ് ഇവര്‍ ധരിക്കാറുള്ളത്.

ദീർഘകാലം നിലനിൽക്കുന്നതും ഉണങ്ങാത്തതുമായ മുറിവുകളോ ഇത്തരം ശരീരഭാഗങ്ങളിലുള്ള നിരന്തരമായ ചൊറിച്ചിലുകളോ മാർജോലിൻ അൾസറിന്റെ ലക്ഷണങ്ങൾ ആണ്. ഇതിനെ സ്ക്വാമസ് സെൽ കാർസിനോമ എന്നും വിളിക്കാറുണ്ട് 


പെറ്റിക്കോട്ട് ക്യാൻസറിനെ കുറിച്ച് ഡോക്ടർമാർക്ക് പറയാനുള്ളത്

ദിവസവും സാരിയുടുക്കുന്ന വ്യക്തികളിൽ വളരെ അപൂർവമായും, എന്നാൽ ശ്രദ്ധിക്കേണ്ടതുമായ ഒന്നാണ് പെറ്റിക്കോട്ട് ക്യാൻസർ അഥവാ സാരി ക്യാൻസർ. ഇത് സാധാരണ അരക്കെട്ടിലെ മധ്യഭാഗത്തയാണ് കൂടുതലായും കണ്ടുവരുന്നത് എന്നാണ് ബോറിവാലി എച്ച്സിജി കാൻസർ സെൻ്ററിലെ മെഡിക്കൽ ഓങ്കോളജി കൺസൾട്ടന്റായ ഡോ. ദർശന റാണെ പറയുന്നത്.

പ്രധാനമായും ചുരിദാർ ധരിക്കുന്ന സ്ത്രീകളിലും ധോതി ധരിക്കുന്ന പുരുഷന്മാരിലും സമാനമായ ചർമ്മ അവസ്ഥകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതൊരു അപൂർവമായ രോഗമാണെങ്കിലും ബോധവൽക്കരണത്തിൻ്റെയും പ്രതിരോധ പ്രവർത്തനത്തിന്റെയും ആവശ്യകതയെ ഇത് ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും ഡോ. ദർശന റാണെ കൂട്ടിച്ചേർത്തു.

*ശ്രദ്ധിക്കുക ഒരു രോഗാവസ്ഥയും നിസാരമെന്ന് കരുതി തള്ളിക്കളയരുത്. അസുഖങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി ഡോക്ടറെ സമീപിച്ച് ആവശ്യമായ ചികിത്സകൾ സ്വീകരിക്കേണ്ടതാണ്.

SCROLL FOR NEXT