NEWSROOM

ട്രംപ് പറഞ്ഞ Very Bloody War; യുക്രെയ്നില്‍ കൊല്ലപ്പെട്ടവര്‍ക്ക് കണക്കുണ്ടോ?

റഷ്യന്‍ നിയന്ത്രണത്തിലുള്ള മേഖലകളിലെ അത്യാഹിതങ്ങളുടെ വിവരങ്ങള്‍ ലഭ്യമല്ല. ഇത് യുഎന്‍ റിപ്പോര്‍ട്ടുകളെ അപൂര്‍ണമാക്കുന്നു.

Author : ന്യൂസ് ഡെസ്ക്


റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ ഫോണില്‍ വിളിച്ച് സംസാരിച്ചശേഷം, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു: 'യുക്രെയ്നിലെ രക്തരൂക്ഷിതമായ യുദ്ധം ദശലക്ഷങ്ങളുടെ ജീവനെടുത്തു'. ട്രംപ് ഇക്കാര്യം പറയുന്നത് ആദ്യമായല്ല. ദശലക്ഷത്തോളം റഷ്യന്‍ സൈനികരും ഏഴ് ലക്ഷത്തോളം യുക്രെയ്ന്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് നേരത്തെയും ട്രംപ് പറഞ്ഞിട്ടുണ്ട്. യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മാത്രം കണക്കാണത്. എത്ര സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് കൃത്യമായി പറയുക പ്രയാസമാണ്. കാണാതായവരുടെയും, പരിക്കേറ്റവരുടെയും കാര്യത്തിലും അതു തന്നെയാണ് സ്ഥിതി. വൈകിയാണെങ്കിലും, യുക്രെയ്ന്‍ അവരുടെ പക്കലുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍, റഷ്യ അതിന് തയ്യാറായിട്ടില്ല. റഷ്യന്‍ നിയന്ത്രണത്തിലുള്ള മേഖലകളിലെ അത്യാഹിതങ്ങളുടെ വിവരങ്ങളും ലഭ്യമല്ല. ഇത് യുഎന്‍ റിപ്പോര്‍ട്ടുകളെ അപൂര്‍ണമാക്കുന്നു. മാധ്യമസ്ഥാപനങ്ങളും, സ്വതന്ത്ര ഏജന്‍സികളുമൊക്കെ പുറത്തുവിട്ട റിപ്പോര്‍ട്ടുകളുണ്ടെങ്കിലും യഥാര്‍ത്ഥ കണക്കുകള്‍ അതിനേക്കാള്‍ വളരെ മുകളിലായിരിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

യുദ്ധത്തില്‍ കൊല്ലപ്പെട്ട യുക്രെയ്ന്‍ സൈനികര്‍
യുദ്ധത്തിന്റെ ആദ്യ വര്‍ഷങ്ങളിലൊന്നും മരണ സംഖ്യയെക്കുറിച്ചോ, പരിക്കേറ്റവരുടെ എണ്ണത്തെക്കുറിച്ചോ യുക്രെയ്ന്‍ കാര്യമായ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവിട്ടിരുന്നില്ല. എന്നാല്‍, റഷ്യ പൂര്‍ണതോതില്‍ ആക്രണം തുടങ്ങിയ 2022 ഫെബ്രുവരി 24 മുതല്‍ 46,000 യുക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഫെബ്രുവരി 16ന് പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കി അറിയിച്ചത്. ഫെബ്രുവരി നാലിന് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയെഴ്സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തില്‍ യുദ്ധത്തില്‍ 3.90 ലക്ഷം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സെലന്‍സ്കി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 2014ല്‍ റഷ്യ ക്രിമിയ, ഡോണ്‍ബാസ് മേഖലയില്‍ തുടങ്ങിവെച്ച അധിനിവേശം മുതല്‍ യുദ്ധമായി പരിണമിച്ച 2022 ഫെബ്രുവരി 24 വരെയുള്ള കണക്കുകള്‍ സെലന്‍സ്കി പറഞ്ഞതില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇക്കാലയളവില്‍ 4,400 യുക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്.

യുദ്ധകാലത്ത് കാണാതായവരുടെയും, ജയിലിലായവരുടെയും കണക്കുകളില്‍ കൃത്യതയില്ലെന്നാണ് സെലന്‍സ്കി മോര്‍ഗന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അത് തിട്ടപ്പെടുത്താനുള്ള പരിശ്രമങ്ങളിലാണെന്നും യുക്രെയ്ന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ക്കുന്നു. അതായത്, എത്ര യുക്രെയ്ന്‍ സൈനികര്‍ റഷ്യയിയില്‍ യുദ്ധത്തടവുകാരായിട്ടുണ്ടെന്ന കാര്യത്തില്‍ കൃത്യതയില്ല. തടവുകാരെ പരസ്പരം കൈമാറുന്നതിന്റെ ഭാഗമായി നാലായിരത്തിലധികം യുക്രെയ്ന്‍ പൗരന്മാര്‍ തിരിച്ചെത്തിയെന്നാണ് യുദ്ധ തടവുകാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കോര്‍ഡിനേഷന്‍ ആസ്ഥാനം പുറത്തുവിട്ട വിവരം. റഷ്യന്‍ നിയന്ത്രണത്തിലുള്ള മേഖലകളില്‍ കൊല്ലപ്പെട്ട, പരിക്കേറ്റ, തടവുകാരാക്കപ്പെട്ട യുക്രെയ്ന്‍ സൈനികരുടെയും സാധാരണക്കാരുടെയും വിവരങ്ങളിലും വ്യക്തതയില്ല.

യുക്രെയ്നില്‍ കൊല്ലപ്പെട്ട റഷ്യക്കാര്‍
2022 ഫെബ്രുവരി 24 മുതല്‍ ഇതുവരെ 8.50 ലക്ഷം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുക്രെയ്ന്‍ സായുധ സേന ജനറല്‍ സ്റ്റാഫ് പങ്കുവെച്ച ഏറ്റവും പുതിയ വിവരം. എന്നാല്‍ ഈ കണക്കില്‍ പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും കണക്കുകള്‍ വേര്‍തിരിച്ച് പറയുന്നില്ല. 4.27 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നാണ് യുക്രെയ്ന്റെ കണക്കുകള്‍. 2022 സെപ്റ്റംബറിലായിരുന്നു റഷ്യ യുക്രെയ്നില്‍ കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് അവസാനമായി വെളിപ്പെടുത്തിയത്. അന്നത്തെ കണക്കുകള്‍ പ്രകാരം, 5937 റഷ്യന്‍ സൈനികരാണ് യുക്രെയ്നെതിരായ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. അതിനുശേഷം റഷ്യ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം, ബിബിസി റഷ്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷണ പ്രോജക്ടറായ മീഡിയസോണയുടെ റിപ്പോര്‍ട്ട് പ്രകാരം, 90,019 റഷ്യന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഓപ്പണ്‍-സോഴ്സ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഈ റിപ്പോര്‍ട്ട് യാഥാര്‍ഥ്യങ്ങളോട് ഏറ്റവും അടുത്തുനില്‍ക്കുന്നതാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും, യുദ്ധത്തില്‍ രണ്ട് രാജ്യങ്ങളുടെയും സൈനികരുടെ മരണസംഖ്യ സംബന്ധിച്ച ചര്‍ച്ചകള്‍ കൃത്യമായ ഒരു ഉത്തരത്തില്‍ അവസാനിച്ചിട്ടില്ല. യഥാര്‍ത്ഥ കണക്കുകള്‍ ഇതിനെല്ലാം മുകളിലായിരിക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം.

യുക്രെയ്നില്‍ കൊല്ലപ്പെട്ട സാധാരണക്കാര്‍
യുഎന്‍ കണക്കുകള്‍ പ്രകാരം, 2024 അവസാനത്തോടെ 12,340 സാധാരണക്കാര്‍ യുക്രെയ്നില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2022ല്‍ റഷ്യ പൂര്‍ണതോതില്‍ ആക്രമണം തുടങ്ങിയതു മുതലുള്ള കണക്കാണിത്. ഇക്കാലയളവില്‍ 27,836 പേര്‍ക്ക് പരിക്കേറ്റു. ഏരിയല്‍ ബോംബുകളും, ലോങ് റേഞ്ച് ആയുധങ്ങളുമാണ് കൂടുതല്‍ നാശം വിതച്ചത്. അതേസമയം, മരണം സ്ഥിരീകരിക്കാന്‍ പ്രവേശനം സാധ്യമാകാത്തതിനാല്‍ റഷ്യന്‍ നിയന്ത്രണത്തിലുള്ള മേഖലകളില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ കണക്കുകള്‍ യുഎന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മേഖലകളില്‍ പരുക്കേറ്റവരുടെ കാര്യത്തിലും സമാന സ്ഥിതിയാണുള്ളത്. റഷ്യ കൂടി തയ്യാറാകാതെ, യുക്രെയ്ന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെയും, പരിക്കേറ്റവരുടെയും കണക്ക് പൂര്‍ണമാകില്ല.

SCROLL FOR NEXT