NEWSROOM

കുറ്റിച്ചൂലുമായെത്തി അന്ന് തലസ്ഥാനം പിടിച്ചു, ഇന്ന് കാലിടറി; ഡല്‍ഹിയിലെ അഗ്നിപരീക്ഷയില്‍ കെജ്‌രിവാളിന് പിഴച്ചതെവിടെ?

ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ എടുത്ത നയപരമായ ഒരു തീരുമാനത്തിലെ പാളിച്ച അഴിമതിക്കേസായി മാറുകയായിരുന്നു. അവരുടെ പതനത്തിന് അത് വഴിവെച്ചു.

Author : ന്യൂസ് ഡെസ്ക്

അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി ഭരണത്തില്‍ വന്ന ആം ആദ്മി പാര്‍ട്ടി, അഴിമതി കുരുക്കില്‍ മൂക്ക് കുത്തി വീഴുന്ന കാഴ്ചയാണ് ഡല്‍ഹിയില്‍ കണ്ടത്. അഴിമതിയുടെ പേരില്‍ ജയിലില്‍ പോയ കെജ്‌രിവാള്‍ , സിസോദിയ , സോംനാഥ് ഭാരതി എന്നിവരെ വോട്ടര്‍മാര്‍ തോത്പിച്ചു. ഇതോടെ മുഖം നഷ്ടപ്പെട്ട പാര്‍ട്ടിയായി ആപ്പ് മാറി. സൗജന്യങ്ങള്‍ കൊണ്ട് മൂടുന്ന അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിനോടുള്ള കടപ്പാട് ഇത്തവണ ജനങ്ങള്‍ മറന്നതിന് തെളിവാണ് ആപ്പിന്റെ കനത്ത തോല്‍വി.

സാധാരണക്കാരന് അധികാരത്തിലിരിക്കുന്നവരോടുള്ള ദേഷ്യവും വെറുപ്പും ഒരു കുറ്റിച്ചൂലിലേക്ക് ആവാഹിച്ച് ഭരണത്തിലേറിയവരാണ് ആം ആദ്മി പാര്‍ട്ടി. പക്ഷെ ആ വോട്ടര്‍മാര്‍ തന്നെ അഴിമതി കറ പുരണ്ട ആപ് സര്‍ക്കാരിനെ താഴെയിറക്കി. തന്റെ കരങ്ങള്‍ പരിശുദ്ധമാണെന്ന് ആണയിട്ട് അഗ്‌നി പരീക്ഷക്ക് ഇറങ്ങിയ കെജ്‌രിവാളിന് ജനങ്ങളുടെ വിശ്വാസ്യത നേടാനായില്ല. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ എടുത്ത നയപരമായ ഒരു തീരുമാനത്തിലെ പാളിച്ച അഴിമതിക്കേസായി മാറുകയായിരുന്നു.
അവരുടെ പതനത്തിന് അത് വഴിവെച്ചു.

അത് വരെ ഡല്‍ഹി ഭരണത്തില്‍ ഇടപെടാന്‍ ലഫ്‌നന്റെ ഗവര്‍ണറെ ആശ്രയിച്ചിരുന്ന അമിത് ഷാ നേരിട്ട് കളത്തിലിറങ്ങി. തന്ത്രപരമായ നീക്കങ്ങളിലൂടെ ആപ് മുഖ്യമന്ത്രിയെ തന്നെ ജയിലിലാക്കി. അഴിമതി വിരുദ്ധതയുടെ ചാമ്പ്യനായ അരവിന്ദ് കെജ്‌രിവാളിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഈ നീക്കത്തിലൂടെ അവര്‍ക്കായി. ഡല്‍ഹിയിലെ എഴുപത് ശതമാനത്തിലധികം വരുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് വെള്ളവും വൈദ്യുതിയും സൗജന്യമായി കിട്ടുന്നത് ഉറപ്പാക്കിയാല്‍ ജയിക്കാമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.

എന്നാല്‍ ആപ്പിനെക്കാള്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കാന്‍ ബി ജെ പി തയ്യാറായതോടെ തന്ത്രം പിഴച്ചു. ആപ്പിന്റെ വോട്ട് ബാങ്കായിരുന്ന ദളിത് - മുസ്ലീം വിഭാഗങ്ങളും പൂര്‍വ്വാ ഞ്ചല്‍ മേഖലയിലെ സാധാരണക്കാരും ഇത്തവണ ബി.ജെ.പിക്കും വോട്ട് കുത്തി. സിഖ് വിഭാഗക്കാരും ആപ്പിനൊപ്പം നിന്നില്ല. പൗരത്വ ഭേദഗതിക്കെതിരായ സമരം മുതല്‍ ആപ്പില്‍ നിന്ന് അകന്ന് തുടങ്ങിയ ന്യൂന പക്ഷങ്ങള്‍ ഈ തെരഞ്ഞെടുപ്പോടെ പാര്‍ട്ടിയെ കൈ വിട്ടു. പലപ്പോഴും ബിജെപിയെ മറി കടന്ന് ഹിന്ദുത്വ കാര്‍ഡ് പുറത്തിക്കുന്ന പാര്‍ട്ടിയായി എഎപി മാറിയത് മത നിരപേക്ഷ മുഖം നഷ്ടപ്പെടുത്തി.

തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോടെ ഭരണം നഷ്ടപ്പെട്ടതിന് പുറമെ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ എന്നിവര്‍ക്ക് നിയമസഭയില്‍ എത്താനാകത്തതും പാര്‍ട്ടിയുടെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലേക്ക് ആപ്പിനെ തള്ളിവിടും. തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊട്ട് മുന്നോട്ട് വരികയാണോ, അതോ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുതം എന്ന പഴയ കളിയാക്കല്‍ പോലെ പാര്‍ട്ടി ഇല്ലതാകുകയാണോ ചെയ്യുകയെന്ന് കാത്തിരുന്ന് കാണാം.

SCROLL FOR NEXT