Capitol 
NEWSROOM

ട്രംപിന്റെ നുണകള്‍ ഏല്‍ക്കില്ല; ഈ മാപ്പ് നല്‍കല്‍ അമേരിക്കന്‍ ജനതയോടുള്ള അനീതിയാണ്

പഴയ നുണകളെ കൂട്ടുപിടിച്ചാണ് ട്രംപ് അവയ്ക്കെല്ലാം പ്രതിരോധം തീര്‍ക്കുന്നത്.

Author : എസ് ഷാനവാസ്



തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ വാക്ക് പാലിച്ചു. 2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റോളില്‍ കലാപം അഴിച്ചുവിട്ടവരയെല്ലാം, പ്രസിഡന്റായപ്പോള്‍ ട്രംപ് കുറ്റവിമുക്തരാക്കി. തെരഞ്ഞെടുപ്പ് സംവിധാനങ്ങളെയും, സര്‍ക്കാരിനെയും അക്രമത്തിലൂടെ അട്ടിമറിക്കാന്‍ നടത്തിയ രാജ്യദ്രോഹ ഗൂഢാലോചന ഉള്‍പ്പെടെ കുറ്റങ്ങളും, കുറ്റവാളികളും ഇല്ലാതെയായി. രാജ്യത്തെ നീതിന്യായ വകുപ്പിന്റെ നാല് വര്‍ഷത്തെ പ്രയത്നങ്ങളെയാണ് ട്രംപ് ഒറ്റയടിക്ക് റദ്ദ് ചെയ്തത്. 'അമേരിക്കന്‍ ജനതയോടുള്ള അനീതി അവസാനിപ്പിക്കുന്നു' എന്നാണ് ട്രംപിന്റെ പ്രഖ്യാപനം. പഴയ നുണകളെ കൂട്ടുപിടിച്ചാണ് ട്രംപ് അവയ്ക്കെല്ലാം പ്രതിരോധം തീര്‍ക്കുന്നത്. രാജ്യത്തെ ജനവിധിയെ ചോദ്യം ചെയ്ത്, ജനാധിപത്യത്തെ കടന്നാക്രമിച്ചവരാണ് തെരഞ്ഞെടുക്കപ്പെട്ട നേതാവിന്റെ അധികാരത്താല്‍ കുറ്റവിമുക്തരാകുന്നത് എന്നതാണ് വിരോധാഭാസം.

അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്രിമിനല്‍ കേസ് അന്വേഷണങ്ങളിലൊന്നായിരുന്നു ക്യാപിറ്റോള്‍ അക്രമം. ട്രംപ് പരാജയപ്പെട്ട 2020ലെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ അനുയായികള്‍ ക്യാപിറ്റോളിലേക്ക് മാര്‍ച്ച് നടത്തിയത്. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു, തോല്‍വി അംഗീകരിക്കില്ല, ജയിച്ചത് താനാണ് എന്നതായിരുന്നു ട്രംപിന്റെ വാദം. പിന്നാലെ, ട്രംപിന്റെ കലാപാഹ്വാനം അനുസരിച്ച് അനുയായികള്‍ വാഷിങ്ടണ്‍ ഡി.സിയിലെ ക്യാപിറ്റോളിലേക്ക് ഇരച്ചെത്തി. പാര്‍ലമെന്റ് ആസ്ഥാനത്തേക്ക് കടന്നുകയറിയവര്‍ ജനാധിപത്യത്തെയും, ജനവിധിയെയുമാണ് കുടഞ്ഞെറിയാന്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്ന നടപടിയില്‍നിന്ന് കോണ്‍ഗ്രസിനെ തടയുകയായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യം. ഇലക്ടറല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങവെയാണ്, സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചും പരിക്കേല്‍പ്പിച്ചുംകൊണ്ട് ആയിരത്തോളം അക്രമികള്‍ പാര്‍ലമെന്റിനകത്തേക്ക് ഇരച്ചുകയറിയത്. തടയാനെത്തിയവരെ ഫയര്‍ എക്സ്റ്റിങ്ഗ്യൂഷര്‍, മെറ്റല്‍ ബാറ്റണ്‍, പെപ്പര്‍ സ്പ്രേ ഉള്‍പ്പെടെ ഉപയോഗിച്ച് ആക്രമിച്ചു. സംഘര്‍ഷത്തില്‍ ട്രംപ് അനുയായികളായ നാല് പേരും, അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഏഴ് മണിക്കൂര്‍ നീണ്ട ഉപരോധത്തിനിടെ, 140ലധികം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. 2000 മുതല്‍ 2500 വരെ അക്രമികള്‍ ക്യാപിറ്റോള്‍ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറിയെന്നാണ് എഫ്ബിഐ റിപ്പോര്‍ട്ട്. തീവ്ര വലതുപക്ഷ അനുഭാവികളായ പ്രൗഡ് ബോയ്സ്, ഓത്ത് കീപ്പേഴ്സ് എന്നീ സായുധസംഘങ്ങളുടെ നേതാക്കളും അക്രമികളിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ, 'ആഭ്യന്തര യുദ്ധ'ത്തെക്കുറിച്ച് ഇരു സംഘത്തിന്റെയും നേതാക്കള്‍ ആശയവിനിമയം നടത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരി ആറിന് നടന്ന കലാപം അമേരിക്കന്‍ ജനാധിപത്യത്തെയാകെ കളങ്കപ്പെടുത്തുന്നതായിരുന്നു. ജനവിധി അംഗീകരിക്കാന്‍ തയ്യാറാകാത്ത മുന്‍ പ്രസിഡന്റ്, അധികാര കൈമാറ്റ പ്രക്രിയയെയാകെ തടസപ്പെടുത്താനാണ് ശ്രമിച്ചത്. അനുയായികളിലെ അക്രമി സംഘം അതിന് കൂട്ടുനിന്നു. പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറിയവര്‍ക്കും, സമാനതകളില്ലാത്ത അക്രമങ്ങള്‍ നടത്തിയവര്‍ക്കുമാണ് ട്രംപ് ഇപ്പോള്‍ മാപ്പ് നല്‍കിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരെ നിര്‍ദാക്ഷിണ്യം തല്ലിച്ചതച്ചവരും, പെപ്പര്‍ സ്പ്രേ ഉപയോഗിച്ച് ആക്രമിച്ചവരും, തല്ലിക്കൊന്നവരും, മാധ്യമപ്രവര്‍ത്തകരെ കൈയ്യേറിയവരും, പൊതുമുതല്‍ നശിപ്പിച്ചവരും അതില്‍ ഉള്‍പ്പെടുന്നു. 1500ഓളം പേരാണ് അന്ന് അറസ്റ്റിലായത്. അതില്‍ ചെറിയൊരു വിഭാഗത്തെ, അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. കുറ്റം ചുമത്തി, വിചാരണ നേരിട്ടവരും, നിയമലംഘനം നടത്തിയെന്ന് കോടതി മുന്‍പാകെ കുറ്റം സമ്മതിച്ചവരുമായ 1200ഓളം പേര്‍ക്കാണ് ശിക്ഷ വിധിച്ചത്. ഭൂരിഭാഗത്തിനും ജയില്‍ ശിക്ഷയാണ് ലഭിച്ചത്. ഇവരെല്ലാവരുമാണ് പൊതുമാപ്പിലൂടെ കുറ്റവിമുക്തരാകുന്നത്. അതേസമയം, പ്രൗഡ് ബോയ്സ്, ഓത്ത് കീപ്പേഴ്സ് സംഘടനകളുടെ 14 നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരുന്നത്. ട്രംപിന്റെ പ്രഖ്യാപനത്തോടെ അവയും റദ്ദാകും.

'സമ്പൂര്‍ണവും ഉപാധിരഹിതവുമായ മാപ്പ്' അനുവദിച്ചാണ് ട്രംപിന്റെ ഉത്തരവ്. ട്രംപിന്റെ നിർദേശപ്രകാരം ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് വാഷിംഗ്ടൺ ഡി.സിയിലെ ഫെഡറൽ കോടതിയോട് മേലില്‍ കുറ്റം വിധിക്കാന്‍ കഴിയാത്തവിധം എല്ലാ കേസുകളും ഒഴിവാക്കാന്‍ ആവശ്യപ്പെടും. ഇതു സംബന്ധിച്ച പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ പ്രോസിക്യൂട്ടർമാർക്ക് സമയം വേണ്ടിവരും, ചിലപ്പോള്‍ ദിവസങ്ങളോ ആഴ്ചകളോ വേണ്ടിവന്നേക്കും. എല്ലാത്തിനുമൊടുവില്‍, ജഡ്ജിയായിരിക്കും ഔദ്യോഗികമായി കേസുകള്‍ തള്ളുന്നത്. ക്യാപിറ്റോള്‍ അക്രമത്തിന്റെ പേരില്‍ ട്രംപ് ഇംപീച്ച്മെന്റ് നടപടികള്‍ക്ക് വിധേയനായിരുന്നു. ഇംപീച്ച്മെന്റിനുള്ള പ്രമേയം റിപ്പബ്ലിക്കന്മാര്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ട്രംപ് ഇംപീച്ച്മെന്റില്‍നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍, ട്രംപിനെതിരെ നാല് കുറ്റങ്ങള്‍ ചുമത്തിയിരുന്നു. വീണ്ടും ജയിച്ച് അധികാരത്തിലേറിയോടെ, ആ കുറ്റങ്ങളില്‍ നിന്നെല്ലാം ട്രംപും മോചിതനായി. പ്രസിഡന്റിനുള്ള നിയമ പരിരക്ഷയുടെ ആനുകൂല്യവും ട്രംപിന് ലഭിക്കും.

രാജ്യദ്രോഹ ഗൂഢാലോചനയിൽ കുറ്റക്കാരായ അക്രമികള്‍ക്ക് ഉള്‍പ്പെടെ മാപ്പ് നൽകാനുള്ള ട്രംപിന്റെ തീരുമാനം ആദ്യകാലം മുതല്‍ക്കേ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. എന്നാല്‍, അതിനെയെല്ലാം 'സമര്‍ത്ഥമായ നുണകള്‍കൊണ്ട്' കോട്ട കെട്ടിയാണ് ട്രംപ് പ്രതിരോധിച്ചതും, പ്രതിരോധിക്കുന്നതും. ക്യാപിറ്റോളില്‍ കലാപം അഴിച്ചുവിട്ടവരില്‍, 'പുറത്തുനിന്നുള്ള പ്രക്ഷോഭകാരികള്‍' ഉണ്ടായിരുന്നുവെന്നായിരുന്നു തീവ്ര വലതുപക്ഷ സംഘങ്ങളുടെ പ്രധാന ആരോപണം. അക്രമത്തിന് ആക്കം കൂട്ടിയതില്‍ എഫ്ബിഐക്കും പങ്കുണ്ടെന്ന് ആരോപണങ്ങള്‍ തൊടുത്തു. അവ ട്രംപും ഏറ്റുപിടിച്ചു. പൊതുയോഗങ്ങളിലും, മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും ട്രംപ് ഇക്കാര്യം 'സ്ഥിരീകരിച്ചു'. അന്യായമായി പ്രോസിക്യൂട്ട് ചെയ്തവരെയെല്ലാം അധികാരത്തിലെത്തിയാല്‍ വെറുതെ വിടുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല, തെറ്റ് എന്തെങ്കിലും ചെയ്തതായിട്ട് തോന്നിയിട്ടില്ല, അതുകൊണ്ടാണ് 2021ല്‍ അധികാരം ഒഴിയുന്നതിന് മുന്‍പായി സ്വയം ശിക്ഷാ ഇളവ് പ്രഖ്യാപിക്കാതിരുന്നതെന്നു കൂടി ട്രംപ് പറഞ്ഞിരുന്നു.

ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനങ്ങള്‍ക്കെതിരായ അക്രമങ്ങളെ ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം നല്‍കുന്നതായിരുന്നു ക്യാപിറ്റോള്‍ അക്രമത്തില്‍ നടന്ന അന്വേഷണവും ശിക്ഷാവിധിയും. ആ പ്രതീക്ഷകളെ കൂടിയാണ് ട്രംപ് ഇല്ലാതാക്കിയിരിക്കുന്നത്. പൊതുമാപ്പ് നല്‍കുന്നതിനുള്ള അധികാരം യുഎസ് ജനാധിപത്യമാണ് പ്രസിഡന്റിന് അനുവദിച്ചുനല്‍കുന്നത്. നൈതികതയുടെ അളവുകോലില്‍, ജനാധിപത്യ മര്യാദകളെയും പൊതുമനസാക്ഷിയെയും ചേര്‍ത്തുനിര്‍ത്തി അവ നടപ്പാക്കുന്നതാണ് കീഴ്‌വഴക്കം. തന്റെ അനുയായികളെ സ്വതന്ത്രരാക്കാനും, തനിക്കെതിരെ സംസാരിച്ചവരെ ശിക്ഷിക്കാനുമായി ഇത്തരം അധികാരം വിനിയോഗിക്കുന്നത് രാഷ്ട്രീയ തന്ത്രം മാത്രമാണ്. അധികാരവും സ്വാധീനവും ഉപയോഗിച്ച്, ജനാധിപത്യ പ്രക്രിയയെയും നീതി നടത്തിപ്പിനെയുമൊക്കെ തകിടംമറിക്കാനാകുമെന്ന സന്ദേശം മാത്രമാണ് അത് ജനതയ്ക്ക് നല്‍കുക. യഥാര്‍ത്ഥത്തില്‍ ഈ മാപ്പ് നല്‍കലാണ് 'അമേരിക്കന്‍ ജനതയോടുള്ള അനീതി'.

SCROLL FOR NEXT