സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്ന് ഹൈക്കോടതി. ഇത്തരത്തിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹിക വീക്ഷണത്തിന്റെ ഫലമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം.ബി.സ്നേഹലതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ധരിക്കുന്ന വസ്ത്രമടക്കം കണക്കിലെടുത്ത് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച കുടുംബ കോടതി ഉത്തരവിനെതിരെ രണ്ട് കുട്ടികളുടെ അമ്മ നൽകിയ ഹർജിയിലാണ് നിരീക്ഷണം.
ഏതു വസ്ത്രം ധരിക്കുന്നു എന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അത് കോടതിയുടെ സദാചാര പൊലീസിങ്ങിനും വിധേയമാകേണ്ടതില്ല. വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളിൽ ഉണ്ടാകരുത്. ലിംഗഭേദമില്ലാതെ തുല്യാവകാശം ഭരണഘടന ഉറപ്പാക്കുന്നുണ്ട്. ഭരണഘടനയുടെ 75ാം വാർഷികം ആഘോഷിക്കുമ്പോഴാണ് ഇത്തരമൊരു നിരീക്ഷണം നടത്തേണ്ടിവരുന്നത് എന്നത് നിർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.
വിവാഹമോചനം നേടിയ യുവതിയാണ് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയിൽ എത്തിയത്. ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചു, ഡേറ്റിങ് ആപ്പിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു, പുരുഷ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നു തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് കുട്ടികളുടെ കസ്റ്റഡി കുടുംബ കോടതി നിഷേധിച്ചത്. വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചതിനെയും കോടതി കുറ്റപ്പെടുത്തിയിരുന്നു. വിവാഹ മോചിതരായ സ്ത്രീകൾ എല്ലാം സങ്കടപ്പെട്ട് കഴിയണമെന്ന കുടുംബ കോടതിയുടെ വിലയിരുത്തൽ അംഗീകരിക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. കുട്ടികളുടെ താൽപര്യം മാതാവിനോടൊപ്പം കഴിയാനാണ്. അവധി സമയത്ത് പിതാവിനോടൊപ്പം പോകാനും ആഗ്രഹമുണ്ടെന്ന് കുട്ടികൾ അറിയിച്ചു. ഇതും കണക്കിലെടുത്ത് കുടുംബ കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി കുട്ടികളുടെ കസ്റ്റഡി അമ്മയ്ക്ക് നൽകി.