NEWSROOM

പഴയ കാല ചരിത്രം മറന്നുപോകരുത്; മാധ്യമങ്ങൾ വിവാദങ്ങളുടെ പുറകെ പോകുമ്പോൾ വസ്തുതകൾ പുറന്തള്ളപ്പെടുന്നു: മുഖ്യമന്ത്രി

വികസനത്തിന്റെ വാർത്തകൾ മലയാളം മാധ്യമങ്ങൾ കാണുന്നില്ലെന്ന ആക്ഷേപം പരിശോധിക്കണം

Author : ന്യൂസ് ഡെസ്ക്


മാധ്യമ പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകർ വിമർശനത്തിന് അതീതരാണോ എന്ന് പരിശോധിക്കപ്പെടണം. മാധ്യമങ്ങൾ വിവാദങ്ങളുടെ പുറകെ പോകുമ്പോൾ വസ്തുതകൾ പുറന്തള്ളപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വികസനത്തിന്റെ വാർത്തകൾ മലയാളം മാധ്യമങ്ങൾ കാണുന്നില്ലെന്ന ആക്ഷേപം പരിശോധിക്കണം. എല്ലാവരെയും വിമർശിക്കാൻ വ്യഗ്രതപ്പെടുമ്പോൾ അംഗീകരിക്കേണ്ടവരെ അംഗീകരിക്കാനും മനസ്സ് കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമ മേഖലയെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യണം. മാധ്യമങ്ങളും ജനാധിപത്യ സംവിധാനങ്ങളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചും അർഥവത്തായ സംവാദങ്ങൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യം ശക്തിപ്പെടുത്താൻ മാധ്യമങ്ങൾക്ക് വലിയ ഉത്തരവാദിത്തം ഉണ്ട്.

സമൂഹത്തെ പുനർനിർമിക്കാൻ കഴിയുന്നത് മാധ്യമങ്ങൾക്കാണ്. നാടിനെ മുന്നോട്ട് നയിക്കുന്നതിൽ ആദ്യകാല മാധ്യമപ്രവർത്തകർ ത്യാഗോജ്ജ്വലമായ ജീവിതമാണ് നയിച്ചത്. ചരിത്രം നാം മറന്നുപോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർമിത ബുദ്ധി വാർത്തകളെ നിയന്ത്രിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ മാറുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

SCROLL FOR NEXT