NEWSROOM

സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടങ്ങും: വി.ഡി. സതീശന്‍

പൂരം കലക്കിയെന്ന് താന്‍ പറഞ്ഞപ്പോള്‍ ആരും സമ്മതിച്ചില്ല. ഇപ്പോള്‍ മന്ത്രിമാര്‍ തന്നെ പറയുന്നു പൂരം കലങ്ങിയതാണെന്ന്

Author : ന്യൂസ് ഡെസ്ക്

ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴെല്ലാം ഗവര്‍ണര്‍ പോരുമായി എത്തുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പിന്നീട് ഇവരുടെ തര്‍ക്കം മാത്രം ചര്‍ച്ചയാകും.

സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര് മുറുകും. അപ്പോള്‍ ഇവരുടെ തര്‍ക്കം മാത്രം ചര്‍ച്ചയാകും. ഒരാഴ്ച കഴിയുമ്പോള്‍ കോംപ്രമൈസ് ചെയ്യും. നിയമസഭ കൂടാന്‍ അനുമതി കൊടുത്താല്‍ ഇറക്കാന്‍ പാടില്ല എന്നാണ്. ആ നിയമം ലംഘിച്ച് ഗവര്‍ണര്‍ ഓര്‍ഡിനന്‍സിന് ഒപ്പുവച്ചു. ഗവര്‍ണറും സര്‍ക്കാരും നിയമം ലംഘിച്ച് ഓര്‍ഡിനന്‍സ് പാസാക്കി. എല്ലാ കാര്യത്തിലും സര്‍ക്കാര്‍ പ്രതിരോധത്തില്‍ ആകുമ്പോഴാണ് വിഷയം മാറ്റാന്‍ പോര് തുടങ്ങുന്നത്. ഇപ്പോഴത്തെ തര്‍ക്കം ഇലക്ഷന്‍ കഴിയുന്നതുവരെ മാത്രം കാണും.

ആര്‍എസ്എസ് നിയമപരമായി പൊയ്‌ക്കോട്ടെ തങ്ങള്‍ നേരിടുമെന്നും രാഹുല്‍ ഗാന്ധിക്കെതിരെ വരെ കേസ് കൊടുത്തിട്ടുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു.


ദി ഹിന്ദുവില്‍ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തിലും വി.ഡി. സതീശന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി അറിയാതെയാണ് മലപ്പുറം പരാമര്‍ശം നല്‍കിയതെങ്കില്‍ എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല. മുന്‍ എംഎല്‍എയുടെ മകനെ ഒന്ന് ഫോണില്‍ വിളിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. അതിന്റെ അര്‍ഥം മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞാണ് ഇന്റര്‍വ്യൂ. മുഖ്യമന്ത്രി മൗനത്തിന്റെ മാളത്തില്‍ ഒളിക്കുന്നു. മിണ്ടാന്‍ പറ്റാത്ത കാര്യം വരുമ്പോള്‍ മുഖ്യമന്ത്രി മൗനത്തില്‍ ആകും.

ഒരുപാട് ജീര്‍ണതകള്‍ ഉള്ള പാര്‍ട്ടിയായി സിപിഎം മാറി. ഒരു ഭരണകക്ഷി എംഎല്‍എ തന്നെ പുറത്തുവന്നു. കേരളത്തിലെ പ്രതിപക്ഷം നാളുകളായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിവര ഇടുകയായിരുന്നു ഭരണകക്ഷി എംഎല്‍എ. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപചാപക സംഘം ഉണ്ടെന്ന പറഞ്ഞത് പ്രതിപക്ഷമാണ്.


പൂരം കലക്കിയെന്ന് താന്‍ പറഞ്ഞപ്പോള്‍ ആരും സമ്മതിച്ചില്ല. ഇപ്പോള്‍ മന്ത്രിമാര്‍ തന്നെ പറയുന്നു പൂരം കലങ്ങിയതാണെന്ന്. പൂരം കലക്കി ബിജെപിക്ക് തൃശൂരില്‍ ജയിക്കാനുള്ള അവസരം ഒരുക്കി. പൂരം കലക്കിയ ആളെത്തന്നെ അന്വേഷിക്കാന്‍ ഏല്‍പ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായത്.

മഞ്ചേശ്വരം കോഴക്കേസില്‍ സര്‍ക്കാര്‍ കെ. സുരേന്ദ്രനെ രക്ഷിച്ചുവെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. ഒരു വര്‍ഷം കൊണ്ട് സമര്‍പ്പിക്കേണ്ട കുറ്റപത്രം സമര്‍പ്പിച്ചത് 17 മാസം കഴിഞ്ഞാണ്. കുറ്റപത്രം വൈകി എന്ന ഒറ്റ കാരണത്താലാണ് കെ. സുരേന്ദ്രന് കോടതി വെറുതെവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT