തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എഡിജിപി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് മുഖവിലയ്ക്കെടുക്കണമോ, കൂടുതൽ അന്വേഷണത്തിന് ഉത്തരവിടണമോ എന്നതിൽ നിർണായകമാകുക മുഖ്യമന്ത്രിയുടെ നിലപാടാകും. സിറ്റി പോലീസ് കമ്മീഷണറുടെ പരിചയക്കുറവ് മൂലമുള്ള വീഴ്ച മാത്രം ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് നിലവിലെ സാഹചര്യത്തിൽ അതേപടി അംഗീകരിച്ചാൽ അത് സിപിഎമ്മിനുള്ളിലും ഇടതുമുന്നണിയിലും ഭിന്ന സ്വരമുയരാൻ കാരണമാകും. സുരേഷ് ഗോപി നടത്തിയ ഇടപെടലുകളെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ലെന്നത് കൂടുതൽ വിവാദങ്ങൾക്കും വഴി തുറക്കും.
തൃശൂർ പൂരം അലങ്കോലപ്പെട്ടതാണ് ബിജെപി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമെന്നും, ഇതിന് പിന്നിൽ വൻ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നുമുള്ള ആരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് എഡിജിപി എം.ആർ. അജിത് കുമാർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. കാലതാമസം വരുത്തി നൽകിയ റിപ്പോർട്ടിലാകട്ടെ, തൃശൂർ പൂരം അലങ്കോലപ്പെടാൻ കാരണമായ സംഭവ വികാസങ്ങളിൽ അന്ന് സിറ്റി പോലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകന്റെ പരിചയക്കുറവും, കർക്കശമായ പെരുമാറ്റവും മൂലമുള്ള വീഴ്ചയെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.
സംഭവ സമയത്ത് പൂര നഗരിയിലേക്ക് ആംബുലൻസിൽ അന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി വന്നിറങ്ങിയത് സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ടിൽ പരാമർശമുണ്ടെങ്കിലും, അത് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നില്ല. അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ആംബുലൻസ് ലോക്സഭാ സ്ഥാനാർഥി ദുരുപയോഗം ചെയ്തത് എന്തുകൊണ്ടാണ് റിപ്പോർട്ടിൽ മറച്ചുവെക്കപ്പെട്ടത് എന്നത് അടക്കം നിരവധി ചോദ്യങ്ങൾക്ക് കാരണമാകുന്നതാണ് എഡിജിപിയുടെ റിപ്പോർട്ട്. മാത്രമല്ല, അന്വേഷണം പ്രഖ്യാപിച്ച ഘട്ടത്തിൽ ആരോപണവിധേയനല്ലായിരുന്നെങ്കിലും, റിപ്പോർട്ട് സമർപ്പിക്കപ്പെട്ട വേളയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന എഡിജിപി എം.ആർ അജിത്കുമാർ തന്നെ നടത്തിയ അന്വേഷണത്തിന് എന്ത് പ്രസക്തിയാണ് ഉള്ളതെന്ന ചോദ്യമാണ് സിപിഐയും പ്രതിപക്ഷവും ഉയർത്തുന്നത്.
റിപ്പോർട്ട് അതേപടി അംഗീകരിച്ചാൽ അത് കൂടുതൽ വിവാദങ്ങൾക്ക് കാരണമാകും. എഡിജിപിയുടെ പങ്ക് അടക്കമുള്ള വിഷയങ്ങൾ അന്വേഷിക്കണമെന്ന ആവശ്യമുയരുമ്പോൾ, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാരിന് പരിഗണിക്കേണ്ടി വരും. റിപ്പോർട്ട് പരിശോധിച്ച് മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടാണ് നിർണായകമാകുക. റിപ്പോർട്ട് അതേപടി അംഗീകരിക്കുന്ന സാഹചര്യം ഉണ്ടായാൽ അത് സിപിഎമ്മിനുള്ളിലും, ഇടതുമുന്നണിയിലും മുഖ്യമന്ത്രിക്കെതിരായ ചർച്ചകൾക്ക് കാരണമാകും. എല്ലാ സാഹചര്യവും പരിഗണിച്ചാകും അന്തിമ തീരുമാനമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. നിയമ ഉപദേശം തേടിയതിനു ശേഷമാകും റിപ്പോർട്ടിൽ എന്തുചെയ്യണമെന്ന് സർക്കാർ തീരുമാനിക്കുക.