NEWSROOM

കുടിയേക്കാരെ ചങ്ങലകളില്‍ ബന്ധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്; നാടുകടത്തലിൻ്റെ ASMR വീഡിയോ എന്ന് അടിക്കുറിപ്പ്

പിന്നാലെ യുഎസ് കാര്യക്ഷമതാവകുപ്പിന്‍റെ ചുമതലവഹിക്കുന്ന എക്‌സ് ഉടമ, ഇലോണ്‍ മസ്‌ക് ഇത് റീപോസ്റ്റ് ചെയ്തിരുന്നു. ചിരിക്കുന്ന ക്യാപ്ഷനോടെയുള്ള മസ്കിന്‍റെ റീപോസ്റ്റും വൈറ്റ് ഹൌസ് ഔദ്യോഗിക പേജിലുള്‍പ്പെടുത്തിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

കുടിയേറ്റക്കാരെ ചങ്ങലകളില്‍ ബന്ധിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്. സിയാറ്റലില്‍ നിന്നുള്ള നാടുകടത്തല്‍ വിമാനത്തിലേക്ക് കുടിയേറ്റക്കാരെ കൈകാലുകള്‍ ബന്ധിച്ചുകയറ്റുന്നതിന്‍റെ 41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് വൈറ്റ് ഹൌസ് ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടത്. “ASMR: നിയമവിരുദ്ധ അന്യഗ്രഹജീവികളെ നാടുകടത്തുന്ന വിമാനം” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.


ചങ്ങല കിലുക്കം ഇന്ദ്രിയാനുഭൂതിയുണ്ടാക്കുന്നതാണെന്ന അടിക്കുറിപ്പോടെയാണ് വൈറ്റ്ഹൗസ് എക്‌സില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ASMR ഓട്ടോണമസ് സെൻസറി മെറിഡിയൻ റെസ്‌പോൺസ് എന്ന ഇന്ദ്രിയാനുഭൂതി നൽകുന്ന ശബ്ദങ്ങളടങ്ങിയ വീഡിയോ ആണിതെന്ന് വൈറ്റ്ഹൗസ് ലാഘവത്തോടെ പറയുകയാണ്. പിന്നാലെ യുഎസ് കാര്യക്ഷമതാവകുപ്പിന്‍റെ ചുമതലവഹിക്കുന്ന എക്‌സ് ഉടമ, ഇലോണ്‍ മസ്‌ക് ഇത് റീപോസ്റ്റ് ചെയ്തിരുന്നു. ചിരിക്കുന്ന ക്യാപ്ഷനോടെയുള്ള മസ്കിന്‍റെ റീപോസ്റ്റും വൈറ്റ് ഹൌസ് ഔദ്യോഗിക പേജിലുള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഇന്ത്യക്കാരുൾപ്പെടെ 300 അനധികൃത കുടിയേറ്റക്കാരെ പാനമയിലേക്ക് നാടുകടത്തിയിരിക്കുകയാണ് ട്രംപ് ഭരണകൂടം. പാനമയിലെ ഒരു ഹോട്ടല്‍ താത്കാലിക ഡിറ്റന്‍ഷന്‍ സെന്ററാക്കി മാറ്റിയാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ചില അനധികൃതകുടിയേറ്റക്കാരെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കാൻ അമേരിക്ക് നേരിട്ട് സാധിച്ചിരുന്നില്ല. ഇതോടെയാണ് എല്ലാവരെയും ഒരുമിച്ച് പാനമയിലേക്ക് നാടുകടത്തിയത്.

ഇന്ത്യ, ഇറാന്‍, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, പാകിസ്താന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് പാനമയിലേക്ക് അമേരിക്ക നാടുകടത്തിയത്. ഇവരുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ അമേരിക്ക നേരത്തെ പിടിച്ചെടുത്തിരുന്നു. ഇവർക്ക് അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാനുള്ള അവസരമൊരുക്കി കൊടുക്കും. അതുവരെ പനാമയിലെ ഹോട്ടലിൽ തുടരുന്ന ഇവരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നാണ് റിപ്പോർട്ട്.


എന്നാല്‍, ഡിറ്റന്‍ഷന്‍ സെന്ററിലുള്ള 40 ശതമാനം ആളുകളും സ്വമേധയാ മടങ്ങിപ്പോകാന്‍ തയ്യാറല്ലാത്തവരാണെന്നാണ് പാനമ അധികൃതര്‍ വ്യക്തമാക്കുന്നത്. സ്വന്തം രാജ്യത്ത് രക്ഷയില്ല, ഞങ്ങളെ സഹായിക്കണം ഇങ്ങനെ കുറിച്ചിരിക്കുന്ന പോസ്റ്ററുകൾ താമസിക്കുന്ന ഹോട്ടലിന്റെ ജനലുകളില്‍ ഇവര്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.

SCROLL FOR NEXT