ബംഗ്ലാദേശിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി കരീൻ ജെയിൻ. അമേരിക്കൻ ബന്ധമുണ്ടെന്ന തരത്തിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്നും ജെയിൻ വ്യക്തമാക്കി. സർക്കാരിനെ അട്ടിമറിക്കാൻ യുഎസ് ശ്രമങ്ങൾ നടന്നെന്ന ആരോപണം മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുൾപ്പെടെ ഉന്നയിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.
ബംഗ്ലാദേശിൽ സംഭവിക്കുന്നതിനെല്ലാം ഉത്തരവാദികൾ ബംഗ്ലാദേശ് ജനതയാണെന്നും അതിൽ അമേരിക്കയ്ക്ക് പങ്കില്ലെന്നുമാണ് മാധ്യമ സെക്രട്ടറി കരീൻ ജെയിൻ പറയുന്നത്. അമേരിക്കയെ കുറ്റപ്പെടുത്തി പുറത്ത് വന്ന റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണ്. അമേരിക്കൻ ബന്ധം ആരോപിക്കുന്ന റിപ്പോർട്ടുകൾ നുണക്കഥകളാണെന്നും രാജ്യത്തിനെതിരെ തെറ്റിദ്ധാരണ പരത്തുകയാണെന്നും കരിനെ പറയുന്നു. ബംഗ്ലാദേശ് സർക്കാരിന്റെ ഭാവി തീരുമാനിക്കേണ്ടത് രാജ്യത്തെ ജനങ്ങളാണെന്നും കരീൻ കൂട്ടിച്ചേർത്തു.
സംവരണത്തെ ചൊല്ലി ബംഗ്ലാദേശ് ഭരണകൂടത്തിനെതിരെ ഉയർന്ന വിദ്യാർഥി പ്രതിഷേധം രൂക്ഷമായതോടെ, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വെച്ച് രാജ്യം വിട്ടിരുന്നു. സമാധാനത്തിൻ്റെ പാതയിലായിരുന്ന രാജ്യത്ത് രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചതിന് പിന്നിൽ അമേരിക്കയുടെ ഇടപെടൽ ഉണ്ടെന്ന തരത്തിലുള്ള ആക്ഷേപങ്ങളാണ് ഉയർന്നിരുന്നത്. ബംഗ്ലാദേശിനെ പ്രതിസന്ധിയിലാക്കി നേട്ടം കൊയ്യാൻ അമേരിക്ക ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നു. പിന്നാലെ അമേരിക്കയ്ക്ക് സംഘർഷത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഹസീന തന്നെ രംഗത്തെത്തി. ബംഗാള്‍ ഉള്‍ക്കടലിന്‍റെ വടക്ക് കിഴക്കന്‍ മേഖലയിലുള്ള സെന്‍റ് മാര്‍ട്ടിന്‍ ദ്വീപിന്‍റെ പരമാധികാരം അടിയറവ് വെച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ അധികാരം സ്ഥാപിക്കാന്‍ അമേരിക്കയെ അനുവദിച്ചിരുന്നെങ്കില്‍ അധികാരത്തില്‍ തുടരുമായിരുന്നെന്ന് ഹസീന പറഞ്ഞു.
അതേസമയം രാജ്യത്ത് തുടരുന്ന രാഷ്ട്രീയാവസ്ഥയെ 'വിദ്യാർഥികൾ നടത്തുന്ന വിപ്ലവം' എന്നാണ് ബംഗ്ലാദേശിൻ്റെ താത്കാലിക തലവനായി ചുമതലയേറ്റ മുഹമ്മദ് യൂനസ് വിശേഷിപ്പിച്ചത്. പ്രതിഷേധങ്ങൾക്കിടെ യൂറോപ്പിലേക്ക് പോയ യൂനസ് വിദ്യാർഥി നേതാക്കളുടെ ക്ഷണത്തെ തുടർന്ന് ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുകയായിരുന്നു. വിദ്യാർഥികൾ സമാനതകളില്ലാത്ത നേട്ടമാണ് സ്വന്തമാക്കിയതെന്നും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും യൂനസ് അറിയിച്ചു. ഉദ്യോഗസ്ഥരില്‍ അവാമി ലീഗിനോട് കൂറുള്ളവരെ പുറത്താക്കി പുതിയ നിയമനങ്ങള്‍ നടത്തിവരികയാണ് മുഹമ്മദ് യൂനസ് മുഖ്യ ഉപദേഷ്ടാവായ ഇടക്കാല സര്‍ക്കാര്‍. ഹസീനയുടെ രാജിക്ക് പിന്നാലെ ക്രമസമാധാന ചുമതലകളിൽ നിന്നും പിൻവാങ്ങിയ പൊലീസ് തിങ്കളാഴ്ചയോടെ ധാക്കയിൽ പട്രോളിംഗ് പുനരാരംഭിച്ചു.