NEWSROOM

കുട്ടികളിൽ രോ​ഗബാധ രൂക്ഷം; ഗാസയിലേക്ക് ലോകാരോ​ഗ്യ സംഘടന എത്തിച്ചത് 12 ലക്ഷം പോളിയോ വാക്സിൻ

ഗാസ മുനമ്പിലെ വിവിധ സോണുകളിൽ മൂന്ന് ദിവസങ്ങളിൽ വിവിധ ഘട്ടങ്ങളായിട്ടായിരിക്കും പ്രതിരോധ കുത്തിവെപ്പ് നടത്തുകയെന്ന് യുഎൻ അധികൃതർ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

യുദ്ധം തുടരുന്ന സാഹചര്യത്തിൽ, കുട്ടികളുടെ ഇടയിൽ ​രോ​ഗബാധ ആദ്യമായി കണ്ടുതുടങ്ങിയതിന് ശേഷം ​ഗാസയിൽ 1.2 മില്യൺ പോളിയോ വാക്സിൻ എത്തിച്ചതായി ലോകാരോ​ഗ്യ സംഘടന. ഇനിയും നാല് ലക്ഷത്തിലധികം വാക്സിനുകൾ എത്തിക്കാനുള്ളതായും ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്ന പ്രതിരോധ കുത്തിവെപ്പ്, മൂന്ന് ദിവസത്തിനകം 6,40,000 കുട്ടികളിലെങ്കിലും നടത്തുക എന്നതാണ് ലക്ഷ്യം. ഇതിനായി ​ഗാസയിലെ പല പ്രദേശങ്ങളെയും യുദ്ധത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

യുദ്ധസാഹചര്യത്തിൽ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിന്റെ വെല്ലുവിളികളെ മുന്നിൽ കണ്ടുകൊണ്ട്, ഇത് സാധ്യമല്ല എന്ന് ഒരു ഡബ്ല്യു.എച്ച്.ഒ അധികൃതൻ പറഞ്ഞിരുന്നെങ്കിലും എല്ലാം ഒത്തുവരുമെങ്കിൽ സാധ്യമാക്കാവുന്നതേയുള്ളൂ എന്ന തീരുമാനം ഡബ്ല്യു.എച്ച്.ഒ കൈക്കൊള്ളുകയായിരുന്നു. പ്രതിരോധ കുത്തിവയ്പ്പുകൾ ഞായറാഴ്ച രാവിലെ 6 നും വൈകുന്നേരം 3 നും ഇടയിൽ ദിവസേനയുള്ള ഇടവേളകളില്‍ നടക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സ്ഥിരീകരിച്ചു.


ഗാസ മുനമ്പിലെ വിവിധ സോണുകളിൽ മൂന്ന് ദിവസങ്ങളിൽ വിവിധ ഘട്ടങ്ങളായിട്ടായിരിക്കും പ്രതിരോധ കുത്തിവെപ്പ് നടത്തുകയെന്ന് യുഎൻ അധികൃതർ അറിയിച്ചു. ടൈപ്പ് 2 പോളിയോ വൈറസ് ബാധിച്ച് ഒരു കുഞ്ഞ് പാരലൈസ്ഡായതിന് ശേഷമാണ് ഡബ്ല്യു.എച്ച്.ഒ അടിയന്തരമായി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

ഗാസയില്‍ ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളുടെ തുടക്കം 2023 ഒക്ടോബർ ഏഴിനായിരുന്നു. ഹമാസ് ആക്രമിച്ചതിനെ തുടര്‍ന്നായിരുന്നു ഇസ്രയേലിന്റെ യുദ്ധപ്രഖ്യാപനം. ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ മരിക്കുകയും 250 പേര്‍ ബന്ദികളാക്കപ്പെട്ടുവെന്നുമായിരുന്നു ഇസ്രയേല്‍ വാദം. രണ്ടുദിവസത്തിനിപ്പുറം ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഒരു പ്രഖ്യാപനം നടത്തി: "ഗാസ സ്ട്രിപ്പ് വളയാന്‍ ഉത്തരവിട്ടിരിക്കുകയാണ്. അവിടെ ഇനി വൈദ്യുതി ഉണ്ടാവില്ല, ഭക്ഷണം ഉണ്ടാവില്ല, ഇന്ധനവും ഉണ്ടാവില്ല. എല്ലാം തടഞ്ഞിരിക്കുന്നു. മനുഷ്യമൃഗങ്ങളെയാണ് ഞങ്ങള്‍ നേരിടുന്നത്. അതിനനുസരിച്ചായിരിക്കും ഞങ്ങള്‍ പ്രവര്‍ത്തിക്കുക". അതൊരു ഏകപക്ഷീയ യുദ്ധപ്രഖ്യാപനം ആയിരുന്നു. അതിന്റെ ബാക്കിപത്രമാണ് നാം ഇന്നും കണ്ടുകൊണ്ടിരിക്കുന്നത്.

ഇതുവരെ 38,000 മനുഷ്യര്‍ ഗാസയില്‍ മരിച്ചുവെന്നാണ് യുഎന്‍ കണക്കുകള്‍. പക്ഷേ, മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ സലീം യൂസുഫും റാഷാ ഖത്തീബും പ്രസിദ്ധീകരിച്ച ലേഖനം പറയുന്നത് മരണസംഖ്യ 1,80,000 വരെ ഉയര്‍ന്നിരിക്കാമെന്നാണ്. 10,000 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നും ലേഖനം പറയുന്നു. ഇവരെ മരിച്ചവരായി കണക്കാക്കിയിട്ടില്ല. ഇവര്‍ കാണാതായവരാണ്, പേരില്ലാത്തവരാണ്. രേഖകളില്‍ അവര്‍ അജ്ഞാതരായി തുടരും.

SCROLL FOR NEXT