NEWSROOM

ആദ്യം മാധ്യമ പ്രവർത്തകൻ, നാടക നടനായെത്തി പിന്നീട് സിനിമയിലേക്ക്; ടി.പി. മാധവനെ തളർത്തിയത് അനാഥത്വം!

ജസ്റ്റിസ് മാറഞ്ചേരി കരുണാകര മേനോൻ്റെ സഹായിയായും നെഗറ്റീവ് ഷേഡുള്ള വില്ലനായും ഭാവ പകർച്ച നടത്തി ടി.പി. മാധവൻ പ്രേക്ഷകരെ വിസ്മയിപ്പിച്ചു

Author : ന്യൂസ് ഡെസ്ക്


മലയാളി സിനിമാ പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമായിരുന്നു ടി.പി. മാധവൻ്റേത്. മോഹൻലാലിനും മമ്മൂട്ടിക്കും തിലകനുമൊപ്പം നിറഞ്ഞാടിയ 'നരസിംഹ'ത്തിലെ രാമൻ നായരെ മലയാളികൾക്ക് മറക്കാനാകുന്നതെങ്ങനെ. ജസ്റ്റിസ് മാറഞ്ചേരി കരുണാകര മേനോൻ്റെ സഹായിയായും നെഗറ്റീവ് ഷേഡുള്ള വില്ലനായും ഭാവ പകർച്ച നടത്തി ടി.പി. മാധവൻ പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

ഹിന്ദി ചിത്രമായ അനുരാഗിൻ്റെ റീമേക്കായ 'കാമം ക്രോധം മോഹം' ആയിരുന്നു കരിയറിലെ ആദ്യ സിനിമ. സന്ദേശം, വിയറ്റ്നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം... അങ്ങനെ അറുനൂറിലധികം ചിത്രങ്ങളിലായി ആ അഭിനയ സപര്യ നീണ്ടു. മുപ്പതിലേറെ സീരിയലുകളിലും വേഷമിട്ടു.

മാധ്യമ പ്രവർത്തനത്തകനായി മുംബൈയിലേക്ക്

കേരള സർവകലാശാല ഡീനും സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി അധ്യക്ഷനുമായിരുന്ന ഡോ. എൻ.പി. പിള്ളയുടെ മകനായി, 1935 നവംബർ 7ന് തിരുവനന്തപുരം വഴുതക്കാടാണ് ജനിച്ചത്. സോഷ്യോളജിയിൽ എംഎ ബിരുദധാരിയായ മാധവൻ, 1960ൽ മുംബൈയിൽ ഇംഗ്ലീഷ് പത്രത്തിൽ സബ് എഡിറ്ററായാണ് കരിയർ ആരംഭിക്കുന്നത്. 1960കളിൽ മുംബൈയിൽ മാധ്യമ പ്രവർത്തനം നടത്തിയിരുന്ന അദ്ദേഹം പിന്നീട് ബെംഗളൂരുവിൽ ഒരു പരസ്യ കമ്പനി സ്ഥാപിച്ചിരുന്നു.

മധുവിനൊപ്പം നാടകത്തിലേക്കും സിനിമയിലേക്കും

നിരവധി നാടകങ്ങളിൽ വേഷമിട്ട ശേഷമാണ് മാധവൻ സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. പിന്നീട് നടൻ മധുവുമായുള്ള സൗഹൃദത്തിലൂടെ നാടകത്തിലേക്കും പിന്നീട് സിനിമയിലേക്കും എത്തുകയായിരുന്നു. 1975ൽ നടൻ മധു സംവിധാനം ചെയ്ത 'കാമം ക്രോധം മോഹം' എന്ന ചിത്രത്തിലൂടെയാണ് ടി.പി മാധവൻ മലയാള സിനിമയിൽ തുടക്കമിടുന്നത്. രാഗം, മക്കൾ, അഗ്നിപുഷ്പം, പ്രിയംവദ, തീക്കനൽ, മോഹിനിയാട്ടം, സീമന്തപുത്രൻ, ശങ്കരാചാര്യർ, കാഞ്ചനസീത തുടങ്ങിയവ അദ്ദേഹത്തിൻ്റെ ആദ്യകാലത്തെ ശ്രദ്ധേയ ചിത്രങ്ങളാണ്.

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ AMMAയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു ടി.പി. മാധവൻ. 2000 മുതൽ 2006 വരെ ജോയിൻ്റ് സെക്രട്ടറിയുമായിരുന്നു. സംഘടനയുടെ സ്ഥാപകാംഗങ്ങളിൽ പ്രധാന സ്ഥാനം അദ്ദേഹത്തിന് കൂടി അവകാശപ്പെട്ടതാണ്.

ആരോഗ്യം തളർത്തിയ നാളുകൾ

2015ൽ ഹരിദ്വാർ സന്ദർശിക്കാൻ പോയ സമയത്ത് അദ്ദേഹം അയ്യപ്പ ക്ഷേത്രത്തിൽ കുഴഞ്ഞുവീണു. തുടർന്ന് സീരിയൽ സംവിധായകൻ പ്രസാദ് നൂറനാട്, സുജിൻ ലാൽ എന്നിവരുടെ സഹായത്താൽ പത്തനാപുരം ഗാന്ധിഭവനിൽ എത്തുകയുമായിരുന്നു. അതിനുശേഷം ടിപി മാധവൻ ഗാന്ധിഭവൻ വിട്ട് എങ്ങും പോകാൻ തയ്യാറായിട്ടില്ല. ഗാന്ധിഭവനിൽ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു. ശാരീരിക അവശതകളെ തുടർന്ന് 2016ലാണ് സിനിമാ അഭിനയ രംഗത്ത് നിന്ന് പിന്മാറുന്നത്.


കുടുംബ ജീവിതത്തിലെ താളപ്പിഴകൾ

മലയാള സിനിമയിൽ സജീവമായിരിക്കെയാണ് ഗിരിജയെ വിവാഹം കഴിക്കുന്നത്. ആ ബന്ധത്തിൽ അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടു പോയില്ല. ഏതാനും നാളുകൾക്കുള്ളിൽ തന്നെ വിവാഹ മോചനം നേടുകയായിരുന്നു.

അക്ഷയ് കുമാർ നായകനായ എയർ ലിഫ്റ്റ് (2016) ഉൾപ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ രാജാകൃഷ്ണ മേനോനാണ് മൂത്ത മകൻ. ടി.പി. മാധവൻ്റെ മകനായാണ് ജനിച്ചതെന്ന് പറയുമ്പോഴും ഇത്രയും വര്‍ഷത്തെ അവരുടെ ജീവിതത്തിനിടയില്‍ ആകെ രണ്ടു തവണ മാത്രമാണ് അച്ഛനെ കണ്ടതെന്ന് രാജാകൃഷ്ണ നേരത്തെ വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

SCROLL FOR NEXT