ആഗോളതലത്തിൽ ട്രെൻഡിങ്ങായൊരു വീഡിയോ. അതും പൊന്നാനിക്കാരനായ ഒരു മലയാളിയുടെ റാപ് വീഡിയോ. കേരളവും ഇന്ത്യയും വിട്ട് ലോകപ്രശസ്ത റാപ്പറായ പ്രൊജക്ട് പാറ്റ് ഷെയർ ചെയ്ത വീഡിയോ. ബിൽബോഡിൽ 57ാം സ്ഥാനം. കെൻഡ്രിക് ലാമറിൻ്റെ നോട്ട് ലൈക്ക് അസിനെ കടത്തിവെട്ടി സ്പോട്ടിഫൈയിൽ 11ാം സ്ഥാനത്ത്. ലോകമൊന്നടങ്കം ചോദിക്കുകയാണ് ആരാണ് ഹനുമാൻകൈൻഡ്. ദി ട്രെൻഡ് സെറ്റർ?
ബിഗ്ഡോഗ്‌സ് എന്ന ഒറ്റ ട്രാക്കിലൂടെ ലോകം മുഴുവൻ തീ പടർത്തിയിരിക്കുകയാണ് ഹനുമാൻകൈൻഡ് എന്ന സൂരജ് ചെറുകാട്ട്. ജൂലൈ 10ന് റിലീസ് ചെയ്ത ഈ റാപ് ദിവസങ്ങൾക്കുള്ളിൽ ആഗോളഹിപ്ഹോപ് പ്രേമികൾക്കിടയിൽ ചർച്ചാവിഷയമായി. ഈ മാസ്റ്റർപീസിന് പിന്നിൽ ഇന്ത്യക്കാരനാണെന്നറിഞ്ഞപ്പോൾ ലോകം വാ പൊളിച്ചു. മലയാളിയെന്നറിഞ്ഞപ്പോൾ ഇന്ത്യയും ഞെട്ടി. ആറ് ലക്ഷത്തിലധികം വീഡിയോകളാണ് ബിഗ്ഡോഗ്സ് മ്യൂസിക്കിൽ ഇൻസ്റ്റഗ്രാമിലെത്തിയത്. ചുരുക്കത്തിൽ പറഞ്ഞാൽ ബിഗ്ഡോഗ്‌സിലെ വരികളിലേത് പോലെ ട്രെൻഡ് സെറ്ററായിരിക്കുകയാണ് ഹനുമാൻകൈൻഡ്.
വൺ ആൻഡ് ഓൺലി ഹനുമാൻകൈൻഡ്
ഹനുമാൻകൈൻഡെന്ന പേര് തന്നെയാണ് ആളുകളിൽ ആകാംക്ഷ പരത്തുന്നത്. ഇന്ത്യയിലെവിടെയും കേൾക്കാവുന്ന ഒന്നാണ് ഹനുമാൻ എന്ന പേര്. മാൻകൈൻഡ് അഥവാ മനുഷ്യരാശിക്ക് മതിലുകളോ വരമ്പുകളോ ഇല്ല. ഇത് രണ്ടും കൂടിയ ഒന്നായിരിക്കണം തൻ്റെ പേരെന്ന് സൂരജ് മനസിലുറപ്പിച്ചിരുന്നു. പേര് പോലെ അതിർത്തികളില്ലാതെ ലോകം മുഴുവൻ പടരുകയാണ് ഹനുമാൻകൈൻഡ്.
മരണകിണറിൽ ഓടുന്ന ബൈക്കുകൾ, കാറുകൾ, ഇത് കാണാൻ തിരക്കുകൂട്ടുന്നവർ. വീഡിയോയുടെ തുടക്കത്തിലെ വാണിങ്ങ് മെസേജ് മുതൽ 3 മിനുട്ട് 54 സെക്കൻ്റ് ഹിപനൊട്ടൈസിങ്ങ് സംഗീതവും ഹൈ ഒക്ടെൻ വിഷ്വൽസുമാണ് നമ്മെ കാത്തിരിക്കുന്നത്. ഹനുമാൻകൈൻഡും കൽമിയും ചേർന്നൊരുക്കിയ ബിഗ്ഡോഗ്‌സിൻ്റെ അണിയറപ്രവർത്തകരിൽ ഭൂരിഭാഗവും മലയാളികളാണ്. ഓൺ മ്യൂസികിനെ പൊതുവെ മാറ്റി നിർത്തിയിരുന്ന മലയാളികൾക്കുമുന്നിലേക്ക് ബിഗ്ഡോഗ്സെന്ന ആഗോള ഹിറ്റ് നീട്ടുന്ന സാധ്യത ചെറുതല്ല.
വെറും 20 മിനുറ്റിലാണ് ഈ വരികൾ പിറന്നതെന്നതാണ് മറ്റൊരു കൗതുകം. ബിഗ്ഡോഗ്‌സിന് ലിൽ വെയ്ൻ എമിനേം തുടങ്ങിയ ബിഗ് റാപ്പർമാരുടെ വർക്കുമായി സാമ്യതയുണ്ടെന്നാണ് വിമർശകർ പറയുന്നത്. പക്ഷേ ഈ നായകൻമാരെ കേട്ട് വളർന്ന എന്നിലെ കൊച്ചുകുട്ടി ഈ വിമർശനങ്ങളിൽ സന്തുഷ്ടനാണെന്ന് റോളിങ്ങ് സ്റ്റോണിന് നൽകിയ ഇൻ്റർവ്യൂയിൽ ഹനുമാൻകൈൻഡ് വ്യക്തമാക്കി. വീഡിയോ ട്രെൻഡിങ്ങ് ആവുമെന്നുറപ്പായിരുന്നു, എന്നാൽ ജീവിതത്തിൻ്റെ ട്രാക്ക് മാറ്റുമെന്ന് കരുതിയില്ലെന്നും സൂരജ് ചെറുകാട്ട് പറയുന്നു.
ട്രെൻഡ്സെറ്ററായത് എങ്ങനെ
ഇന്ത്യയിൽ നിന്നെത്തിയ ആദ്യ ഹിപ്ഹോപ് മ്യൂസിക്കായിരുന്നില്ല ബിഗ്ഡോഗ്‌സ്, ഇന്ത്യയിലെ ഒരു റാപ്പർ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നതും ആദ്യമായല്ല, എന്നാൽ എന്തായിരിക്കും ബിഗ്ഡോഗ്‌സിനെ ഇത്രയധികം ചർച്ചാവിഷയമാക്കിയത്?ഹനുമാൻകൈൻഡിൻ്റെ സ്ലാങ്ങാണ് ഇതിന് സഹായിച്ചതെന്നാണ് ഒരു പക്ഷത്തിൻ്റെ വാദം. റിയാക്ഷൻ വീഡിയോകളും ഹനുമാൻകൈൻഡിൻ്റെ സൗത്ത് അമേരിക്കൻ ശൈലി തന്നെയാണ് പ്രധാനമായും ചർച്ചചെയ്യുന്നത്. ഡിഗ്രികാലം വരെ അമേരിക്കയിലെ ഹൂസ്റ്റണിൽ കഴിഞ്ഞ, ഹനുമാൻകൈൻഡിന് അമേരിക്കൻ ശൈലി എളുപ്പമായിരുന്നു. എന്നാൽ ആഗോളതലത്തിൽ ശ്രദ്ധനേടാൻ ഈ കാരണങ്ങൾ മാത്രം മതിയായിരുന്നില്ല. മരണക്കിണറിലെ ആ വീഡിയോ, കൃത്യമായി പറയുകയാണെങ്കിൽ ബിജോയ് ഷെട്ടി സൃഷ്ടിച്ചെടുത്ത വീഡിയോ നൽകിയ ദേസി ലുക്ക് കൂടി ബിഗ്ഡോഗ്‌സിനെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
ദൃശ്യമികവിനും താളത്തിനുമൊപ്പം കിടപിടക്കുന്ന ധാരാളം മെറ്റഫറുകളും സംസ്കാരിക പരാമർശങ്ങളാലും സമ്പന്നമാണ് ബിഗ്ഡോഗ്‌സ്. ഇന്ത്യൻ ശരീരങ്ങളെ ചൊല്ലിയുള്ള വെസ്റ്റേൺ വംശീയ പരാമർശങ്ങളെ ഹനുമാൻകൈൻഡ് വർണിക്കുന്നത് ബോർബൺ നിറമുള്ള ശരീരമെന്ന് പറഞ്ഞാണ്. ഒരു ആർട്ട് പീസിന് മരണമില്ല. അത് അനശ്വരമാണ്. എൻ്റെ മരണശേഷം ശരീരം അടക്കില്ലെന്നും എൻ്റെ ചിതാഭസ്മം നദിയിൽ ഒഴുക്കണമെന്നും ഹനുമാൻ കൈൻഡ് എഴുതിയപ്പോൾ കാലതീതമായ തൻ്റെ ആർട്ടിനെയാണ് ഹനുമാൻകൈൻഡ് പറഞ്ഞു വെക്കുന്നത്. മനസ്സിൽ പണമാണെന്നും അതിനായി ഓടികൊണ്ടിരിക്കുകയാണെന്നും പറയുന്ന ഹനുമാൻകൈൻഡ്, ജീവിക്കാനായി മരണക്കിണർ വരെ തിരഞ്ഞെടുക്കേണ്ടി വരുന്ന ഇന്ത്യൻ സമൂഹത്തെ മുഴുവൻ പ്രതിനിധീകരിക്കുകയാണ്.
നമ്മൾ കണ്ട് ശീലിച്ച ഇന്ത്യൻ ഡേസി റാപ് മ്യൂസിക് വീഡിയോ ആയിരുന്നില്ല ഹനുമാൻകൈൻഡിൻ്റേത്. സ്റ്റുഡിയോയോ കാറുകളോ മിന്നുന്ന വസ്ത്രങ്ങളോ മോഡലുകളോ ബിഗ്ഡോഗ്‌സിൽ ഇല്ലായിരുന്നു. വെസ്റ്റേൺ ശൈലിയിലുള്ള ഇന്ത്യൻ ഡേസി വിഷ്വൽസോട് കൂടി ഒരു മ്യൂസിക്കൽ റാപ് വീഡിയോ. ഒരു വീഡിയോ ആഗോളതലത്തിൽ ശ്രദ്ധ നേടാൻ ഇതിൽ കൂടുതൽ എന്ത് വേണം?
ഹനുമാൻകൈൻഡിൻ്റെ തുടക്കം
നാലാം ക്ലാസുമുതൽ ഡിഗ്രി വരെ അമേരിക്കയിലെ ഹൂസ്റ്റണിലായിരുന്നു സൂരജിൻ്റെ പഠനം. ഇനി പഠനം നാട്ടിലാവാമെന്ന ചിന്തയിൽ കോയമ്പത്തൂരിലെത്തിയ സൂരജ് പതിയെ തൻ്റെ മേഖല റാപ് സംഗീതമാണെന്ന് തിരിച്ചറിഞ്ഞു. ജോലിയും പഠനവും ഉപേക്ഷിച്ച സൂരജ്, മുഴുവൻ സമയം സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തൻ്റെ തീരുമാനം ശരിയാണെന്ന് ഹനുമാൻകൈൻഡിന് വ്യക്തമാവാൻ അധികം സമയമെടുത്തില്ല. കളരി എന്ന ആദ്യ ട്രാക്ക് തന്നെ വമ്പൻ ഹിറ്റായി. മലയാളി റാപ്പർമാരുമായി ചേർന്ന നിർമിച്ച ബീർ ആന്റ് ബിരിയാണി, ജെങ്കിസ്, ഡാംസൺ, റഷ് അവർ, ഗോ ടു സ്ലീപ് തുടങ്ങിയ ട്രാക്കുകളും റാപ് പ്രേമികൾ ഏറ്റെടുത്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഹനുമാൻകൈൻഡ് ജനശ്രദ്ധ നേടി.
റെക്കോർഡെഡ് സംഗീതത്തേക്കാൾ ഹനുമാൻകൈൻഡിനെ സ്റ്റേജിൽ കാണാനായിരുന്നു പ്രേക്ഷകർക്കിഷ്ടം. ഹനുമാൻകൈൻഡിന് വേദികളെ പിടിച്ചുലക്കാനൊരു പ്രത്യേക കഴിവുണ്ടായിരുന്നു. റാപ് സംഗീതത്തിൻ്റെ മുഴുവൻ സത്തും തൻ്റെ സ്റ്റേജ് പെർഫോർമെൻസുകളിലൂടെ പുറത്തെത്തിക്കാൻ ഹനുമാൻകൈൻഡിന് കഴിഞ്ഞു. ഇന്ത്യയിലെ പ്രധാന റാപ്പർമാരിലൊരാളായി മാറാൻ സൂരജിന് അധികം സമയം വേണ്ടിവന്നില്ലെന്ന് തന്നെ സാരം. ഫഹദ് ഫാസിലിൻ്റെ ആവേശത്തിൽ ഹനുമാൻകൈൻഡ് ഒരുക്കിയ ലാസ്റ്റ് ഡാൻസെന്ന ട്രാക്കും സൂപ്പർഹിറ്റായി മാറിയിരുന്നു. അടുത്തിടെയൊന്നും ഇന്ത്യൻ സംഗീതത്തിൽ തന്നെ ഇത്രയധികം ചർച്ചചെയ്യപ്പെട്ട മ്യൂസിക് വീഡിയോ പുറത്തിറങ്ങിയിട്ടില്ല. വിമർശനങ്ങൾക്കും പ്രശംസകൾക്കുമൊപ്പം ലോകസംഗീതത്തിൽ തന്നെ ചരിത്രമാവുകയാണ് ഹനുമാൻകൈൻഡും ബിഗ്ഡോഗ്സും.