NEWSROOM

അഭയാർഥി ക്യാമ്പിൽ നിന്ന് ഹമാസിലേക്ക്; ആരാണ് ഇസ്മയിൽ ഹനിയ?

1980-കളുടെ അവസാനത്തോടെയാണ് ഹമാസിന്റെ റാഡിക്കല്‍ ഓപ്പറേഷനുകളില്‍ ഇസ്മയില്‍ ഹനിയ സജീവ സാന്നിധ്യമാകുന്നത്

Author : ന്യൂസ് ഡെസ്ക്

ഹമാസ് മേധാവിയും മുന്‍ പലസ്തീൻ പ്രധാനമന്ത്രിയുമായിരുന്ന ഇസ്മയിൽ ഹനിയ ഇറാൻ്റെ തലസ്ഥാനമായ തെഹ്‌റാനിൽ വെച്ച് കൊല്ലപ്പെട്ടിരിക്കുകയാണ്. ഗാസയിലെ ബന്ദികളെ മോചിപ്പിക്കുന്നതുൾപ്പെടെ, സംഘർഷത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ചർച്ചകളിൽ പങ്കെടുത്തിരുന്ന പ്രധാന വ്യക്തിയായിരുന്നു ഇസ്മയിൽ ഹനിയ. പലസ്തീനിലെ ഹാമിസിന്റെ വളര്‍ച്ചയ്‌ക്കൊപ്പം അടയാളപ്പെടുത്താവുന്ന ജീവിതമായിരുന്നു ഹനിയയുടേത്.

ഗാസ അഭയാര്‍ഥി ക്യാമ്പായ അല്‍-ഷാതിയില്‍ 1962 ലാണ് ഇസ്മയില്‍ ഹനിയ ജനിച്ചത്. ഹമാസ് ജനത അനുഭവിച്ച കെടുതികളത്രയും നേരിട്ട് അനുഭവിച്ചായിരുന്നു ഹനിയയുടെ വളർച്ച. ഇസ്രയേല്‍ അധിനിവേശം ശക്തമായ രണ്ടാം ഇന്‍തിഫാദയിലെ ഹനിയയുടെ നേതൃപാടവം അദ്ദേഹത്തെ പലസ്തീന്‍ പോരാട്ടത്തിന്റെ ശ്രദ്ധ കേന്ദ്രമാക്കി.

1980-കളുടെ അവസാനത്തോടെയാണ് ഹമാസിന്റെ റാഡിക്കല്‍ ഓപ്പറേഷനുകളില്‍ ഇസ്മയില്‍ ഹനിയ സജീവ സാന്നിധ്യമാകുന്നത്. ഹമാസ് നേതാവായിരുന്ന അഹമ്മദ് യാസിന്റെ അടുത്ത അനുയായിരുന്നു ഹനിയ. 2004ല്‍ യാസിനെ ഇസ്രായില്‍ കൊലപ്പെടുത്തി. യാസീന്റെ ഓഫീസ് കാര്യങ്ങളുടെ നേതൃത്വം ഇസ്മയില്‍ ഹനിയ ഏറ്റെടുത്തതോടെ ഹമാസിനുള്ളിലെ ഇസ്മയിലിൻ്റെ വളര്‍ച്ച ആരംഭിച്ചു.

2006ല്‍ വെസ്റ്റ് ബാങ്കില്‍, ഗാസയിലെ പലസ്തീന്‍ അതോറിറ്റി നടത്തിയ തെരഞ്ഞെടുപ്പില്‍ ഹനിയയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. എന്നാല്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ പാര്‍ട്ടിയായ ഫതഹും ഹമാസും തമ്മിലുള്ള സംഘര്‍ഷം ഉടലെടുത്തതോടെ, 2007-ല്‍ ഹമാസ് സര്‍ക്കാരിനെ മഹ്‌മൂദ് അബ്ബാസ് പിരിച്ചുവിട്ടു. ഉത്തരവ് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന ഹനിയ, ഗാസയില്‍ ഭരണം തുടരുകയായിരുന്നു.

ALSO READ: ഹമാസ് നേതാവ് ഇസ്മയില്‍ ഹാനിയ ഇറാനില്‍ കൊല്ലപ്പെട്ടു

പിന്നീട് 2017ലാണ് ഹനിയ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും  ഇറങ്ങുന്നത്. പിന്നീട് 2018 മുതൽ ഖത്തറിലേക്ക് സ്ഥലം മാറിയ ഹനിയ ദോഹയിൽ നിന്നായിരുന്നു ഹമാസിൻ്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. എന്നാൽ ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തെക്കുറിച്ച് ഹനിയക്ക് എത്രത്തോളം അറിവുണ്ടായിരുന്നെന്നതിൽ വ്യക്തതയില്ല. ഗാസയിലെ ഹമാസ് മിലിട്ടറി കൗൺസിൽ തയാറാക്കിയ പദ്ധതി, വളരെ രഹസ്യമായായിരുന്നു സൂക്ഷിച്ചിരുന്നത്.

ഇസ്രയേലിന്റെ നോട്ടപുള്ളികളുടെ പട്ടികയിലെ ആദ്യ പേര് ഹനിയയുടേതായിരുന്നു. ഒട്ടനവധി തവണ അദ്ദേഹത്തിന് നേരെ വധ ശ്രമങ്ങള്‍ ഉണ്ടായി. ഇക്കഴിഞ്ഞ ഏപ്രില്‍ 14 നായിരുന്നു ഇസ്രയേല്‍ ആക്രമണത്തില്‍ ഇസ്മയില്‍ ഹനിയയുടെ മൂന്ന് ആണ്‍മക്കള്‍ കൊല്ലപ്പെട്ടത്. 'പലസ്തീനിലെ മക്കളുടെ രക്തത്തേക്കാൾ വലുതല്ല എൻ്റെ മക്കളുടെ രക്തം' എന്നായിരുന്നു മരണ വാര്‍ത്തയ്ക്ക് പിന്നാലെ ഇസ്മയില്‍ ഹനിയ പറഞ്ഞത്.



പലസ്തീനിലെ ജനപ്രിയനായ നേതാവായിരുന്നു ഇസ്മയില്‍ ഹനിയ കാര്യങ്ങളെ വളരെ കൃത്യതയോടെ സമീപിക്കുന്ന നേതാവാണ്.  ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാന്‍ ചൊവ്വാഴ്ചയാണ് ഇസ്മയിൽ ഹനിയ ഇറാനിലെത്തിയത്. ബുധനാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഇസ്മയിലും അംഗരക്ഷകനും കൊല്ലപ്പെട്ടതായാണ് വിവരം. അദ്ദേഹത്തിന്റെ കൊലപാതകം പലസ്തീന്‍ ജനതയ്ക്കു വലിയ മുറിവാണ് ഉണ്ടാക്കിയിരിക്കുന്നത്. തിരിച്ചടിക്കുമെന്ന മുന്നറിയിപ്പ് ഹമാസ് നല്‍കി കഴിഞ്ഞു. നിലവിലെ വെടി നിര്‍ത്തല്‍ ചര്‍ച്ചകള്‍ അടക്കമുള്ളവയെ ഇത് എങ്ങനെ ബാധിക്കുമെന്നതാണ് ഇപ്പോഴുയരുന്ന ആശങ്ക.



SCROLL FOR NEXT