ഹോളിവുഡ് നടന്‍ മാത്യു പെറിയുടെ മരണത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തതിനു പിന്നാലെ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ജസ്‌വീൻ സംഗ എന്ന നാല്‍പ്പത്തിയൊന്നുകാരിയുടേത്. മാത്യു പെറിക്ക് നിരോധിത ലഹരിമരുന്നായ 'കെറ്റാമിന്‍' എത്തിച്ചത് ജസ്‌വീൻ ആണെന്നാണ് കണ്ടെത്തല്‍. അമേരിക്കന്‍, ബ്രിട്ടീഷ് പൗരത്വമുള്ള ജസ്‌വീൻ ലോസ് ഏഞ്ചല്‍സിലെ 'കെറ്റാമിന്‍ റാണി' എന്ന പേരില്‍ കുപ്രസിദ്ധയാണ്.
ഹോളിവുഡിലെ ജസ്‌വീന്റെ വീട് 'ലഹരി മരുന്നുകളുടെ സാമ്രാജ്യം' എന്നാണ് വിദേശ മാധ്യമങ്ങളടക്കം വിശേഷിപ്പിക്കുന്നത്. മെത്താംഫെറ്റാമൈന്‍, കൊക്കെയ്ന്‍, അടക്കമുള്ള മാരക ലഹരി മരുന്നുകള്‍ ഇവിടെ സംഭരിക്കുകയും പായ്ക്ക് ചെയ്ത് വില്‍പന നടത്തുകയും ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ നടന്ന പരിശോധനയില്‍ ലിക്വിഡ് കെറ്റാമിന്റെ 79 കുപ്പികളും 2,000 മെത്ത് ഗുളികകളും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മാത്യു പെറിക്കു വേണ്ടി അദ്ദേഹത്തിന്റെ സഹായി വഴി രണ്ട് തവണ കെറ്റാമിന്റെ 50 കുപ്പികള്‍ ജസ്‌വീന്‍ എത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. ഒക്ടോബര്‍ 13 നാണ് ജസ്‌വീൻ ആദ്യമായി മാത്യു പെറിക്ക് കെറ്റാമിന്‍ സാംപിള്‍ നല്‍കുന്നത്. ഇതിനു തൊട്ടടുത്ത ദിവസം അദ്ദേഹം 25 കുപ്പികള്‍ ജസ്‌വീനില്‍ നിന്ന് വാങ്ങി. ഒരാഴ്ച്ചയ്ക്കുള്ളില്‍ വീണ്ടും 25 കുപ്പി ലഹരി മരുന്ന് വാങ്ങി.
Also Read: ലഹരിയോടുള്ള ആസക്തിയെ മുതലെടുത്തു: ഫ്രണ്ട്‌സ് സീരീസ് നടൻ മാത്യൂ പെറിയുടെ മരണത്തിൽ 5 പേർക്കെതിരെ കേസ്
മാത്യു പെറിയില്‍ നിന്ന് വന്‍ ഓര്‍ഡറുകള്‍ ലഭിച്ചതോടെ, 'കെറ്റാമിന്‍ ലോലിപോപ്പ്' എന്ന പേരില്‍ ബോണസും ജസ്‌വീന്‍ നല്‍കിയിരുന്നുവെന്നാണ് കണ്ടെത്തല്‍. സ്വന്തം വസതിയിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അന്നുവരെ ദിനംപ്രതി ആറ് ഡോസ് ലഹരി മരുന്ന് മാത്യു പെറി ഉപയോഗിച്ചിരുന്നു. മാത്യു പെറിയുടെ മരണത്തിനു പിന്നാലെ, ചാറ്റുകളും പണമിടപാട് രേഖകളും ഡിലീറ്റ് ചെയ്യാന്‍ ജസ്‌വീന്‍ അദ്ദേഹത്തിന്റെ സഹായിയോട് ആവശ്യപ്പെട്ടിരുന്നു.
കെറ്റാമിന്‍ വിതരണം ചെയ്യാനുള്ള ഗൂഢാലോചന, മയക്കുമരുന്ന് കൈകാര്യം ചെയ്യല്‍, വിതരണം ചെയ്യാനുള്ള ഉദ്ദേശത്തോടെ മെത്താംഫെറ്റാമൈന്‍, കെറ്റാമിന്‍ എന്നിവ കൈവശംവെച്ചു എന്നീ കുറ്റങ്ങളാണ് ജസ്‌വീനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ പത്ത് വര്‍ഷം തടവുശിക്ഷയും പരമാവധി ജീവപര്യന്തവും വരെ ലഭിക്കാം.
1994 മുതൽ 2004 വരെ നീണ്ട ലോകപ്രശസ്ത സീരീസ് 'ഫ്രണ്ട്‌സി'ലൂടെ കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ നടനാണ് മാത്യു പെറി. മാത്യു പെറി അവതരിപ്പിച്ച 'ചാന്‍ഡ്‌ലർ' എന്ന കഥാപാത്രം ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കിയിരുന്നു. നെറ്റ്ഫ്‌ളിക്‌സില്‍ ഇന്നും ഏറ്റവും ജനപ്രീതിയുള്ള സീരീസുകളില്‍ ഒന്നാണ് ഫ്രണ്ട്‌സ്. നിരവധി ഹോളിവുഡ് ചിത്രങ്ങളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം വീട്ടിലെ സ്വിമ്മിംഗ് പൂളിലാണ് അമ്പത്തിനാലുകാരനായ മാത്യു പെറിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കെറ്റാമിന്റെ അമിതോപയോഗമാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു കണ്ടെത്തല്‍. രക്തത്തില്‍ വലിയ തോതില്‍ ലഹരിമരുന്നിന്റെ അളവ് കണ്ടെത്തിയിരുന്നു. ഡോക്ടറുടെ കുറിപ്പോടെയല്ലാതെ ലഭിക്കാത്ത ലഹരിമരുന്നാണ് കെറ്റാമിന്‍. ഇത് വന്‍തോതില്‍ മാത്യു പെറിക്ക് എങ്ങനെ ലഭിച്ചുവെന്ന അന്വേഷണത്തിലായിരുന്നു പൊലീസ്. രണ്ട് ഡോക്ടര്‍മാര്‍ അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് നടന്റെ മരണത്തില്‍ പൊലീസ് കേസെടുത്തത്.