NEWSROOM

ബിടെക് ബിരുദധാരി; ആരായിരുന്നു കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് നംബാല കേശവ റാവു?

1955ല്‍ ആന്ധ്രയിലെ ശ്രീകാകുളത്താണ് നംബാല കേശവറാവു എന്ന ബസവരാജിന്റെ ജനനം. സ്‌കൂള്‍ കാലത്ത് അറിയപ്പെടുന്ന കബഡി കളിക്കാരനായിരുന്ന കേശവറാവു

Author : ന്യൂസ് ഡെസ്ക്

എന്‍ഐഎ വര്‍ഷങ്ങളായി തിരയുന്ന നേതാവാണ് ഛത്തീഗഡിലെ നാരായണ്‍പൂര്‍ മേഖലയില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന വധിച്ച സിപിഐ മാവോയിസ്റ്റ് നേതാവ് നംബാല കേശവ റാവു. ഒരു കോടി രൂപയാണ് കേശവ റാവുവിന്റെ തലയ്ക്ക് സുരക്ഷാസേനയിട്ടിരുന്ന വിലയെന്നാണ് വിവരം. 1980ന് ശേഷമുള്ള കേശവറാവുവിന്റെ ഒരു ചിത്രം പോലും സുരക്ഷാസേനയ്ക്ക് ലഭ്യമായിരുന്നില്ല.



1955ല്‍ ആന്ധ്രയിലെ ശ്രീകാകുളത്താണ് നംബാല കേശവറാവു എന്ന ബസവരാജിന്റെ ജനനം. സ്‌കൂള്‍ കാലത്ത് അറിയപ്പെടുന്ന കബഡി കളിക്കാരനായിരുന്ന കേശവറാവു. ഇപ്പോഴത്തെ വാറംഗല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിടെക് ബിരുദം നേടി. പഠനകാലത്ത് ഇടത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്ന കേശവറാവു പതിയെ നക്‌സല്‍ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടു.

1980ല്‍ ആന്ധ്രപ്രദേശില്‍ സിപിഐ എംഎല്‍ പീപ്പിള്‍സ് വാര്‍ രൂപീകരിച്ചതിന്റെ പ്രധാന സംഘാടകരിലൊരാളും കമാന്‍ഡറുമായി. എണ്‍പതുകളുടെ അവസാനം ബസ്തറടക്കമുള്ള മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിച്ചു. സിപിഐ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ നിരവധി സുപ്രധാന പദവികള്‍ വഹിച്ച കേശവറാവു 2018ലാണ് ജനറല്‍ സെക്രട്ടറിയും സുപ്രീം കമാന്‍ഡറുമായി തിരഞ്ഞെടുക്കപ്പെടുന്നത്.



ഛത്തീസ്ഗഡ്, ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുണ്ടായ മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്കെല്ലാം പിന്നില്‍ കേശവറാവുവാണെന്ന് നേരത്തെ തന്നെ സുരക്ഷാസേന സംശയിച്ചിരുന്നു. ഗറില്ല യുദ്ധമുറയും ഐഇഡി സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുമുള്ള ആക്രമണങ്ങളും ആസൂത്രണം ചെയ്തിരുന്നത് കേശവറാവുവാണെന്ന് ഇന്റലിജന്‍സ് വിവരം നല്‍കിയിരുന്നു.



2010ല്‍ ദന്തേവാഡയില്‍ 76 സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന് പിന്നിലെ ബുദ്ധികേന്ദ്രവും കേശവറാവു തന്നെ. ഗഗണ്ണ, പ്രകാശ്, കൃഷ്ണ, വിജയ്, കേശവ്, രാജു, ഉമേഷ് തുടങ്ങി നിരവധി പേരുകളിലാണ് ഓരോ സ്ഥലങ്ങളിലും ഇയാള്‍ അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി ഇപ്പോള്‍ ഏറ്റുമുട്ടലുണ്ടായ ഛത്തീസ്ഗഡിലെ അബ്ജുമാദ് വനമേഖലയിലാണ് ബസവരാജ് ക്യാമ്പ് ചെയ്തിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.

SCROLL FOR NEXT