നിര്‍മല സീതാരാമന്‍ 
NEWSROOM

ആരെല്ലാം വാഴും, ഏതെല്ലാം വീഴും?; കേന്ദ്ര ബജറ്റിൽ വളരാനും തളരാനും സാധ്യതയുള്ള മേഖലകള്‍

കൺസ്യൂമർ ഗുഡ്സ് നിർമാതാക്കൾ, റിയൽ എസ്റ്റേറ്റ്, ഹൗസിംഗ് ഫിനാൻസ് സ്ഥാപനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, വാഹന കമ്പനികൾ എന്നിവയ്ക്ക് ഗുണം ചെയ്യുമെങ്കിലും ചില മേഖലകൾക്ക് ഈ തീരുമാനങ്ങൾ വലിയ തിരിച്ചടിയാകാനും സാധ്യതയുണ്ട്

Author : ന്യൂസ് ഡെസ്ക്

മൂന്നാം മോദി സർക്കാരിന്റ ആദ്യ പ്രധാന നയ പ്രഖ്യാപനത്തിൽ സർക്കാർ ഇന്ന് വാർഷിക ബജറ്റ് അവതരിപ്പിക്കും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റ് സർക്കാരിന്റെ സാമ്പത്തിക മുൻ​ഗണനകളിൽ ‌മാറ്റങ്ങൾ വരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏൽക്കേണ്ടി വന്ന തിരിച്ചടികൾ മുൻനിർത്തി വ്യക്തിഗത നികുതികൾ കുറയ്ക്കുകയോ ഉപഭോക്തൃ കേന്ദ്രീകൃത മേഖലകളിലെ ചെലവ് വർദ്ധിപ്പിക്കുകയോ ചെയ്തുകൊണ്ട് ബജറ്റ് കുറച്ചുകൂടി ജനപ്രിയമാക്കുക എന്ന നയമായിരിക്കും സർക്കാർ സ്വീകരിക്കാൻ സാധ്യത.

കൺസ്യൂമർ ഗുഡ്സ് നിർമാതാക്കൾ, റിയൽ എസ്റ്റേറ്റ്, ഹൗസിംഗ് ഫിനാൻസ് സ്ഥാപനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, വാഹന കമ്പനികൾ എന്നിവയ്ക്ക് ഗുണം ചെയ്യുമെങ്കിലും ചില മേഖലകൾക്ക് ഈ തീരുമാനങ്ങൾ വലിയ തിരിച്ചടിയാകാനും സാധ്യതയുണ്ട്. 2024ലെ കേന്ദ്ര ബജറ്റിൽ നേട്ടങ്ങൾ കൊയ്യാനും തിരിച്ചടികൾ നേരിടാനും സാധ്യതയുള്ള മേഖലകൾ ഇനി പറയുന്നവയാണ്.

​റൂറൽ ലിങ്ക്ഡ് മേഖലകൾ

ഹിന്ദുസ്ഥാൻ യൂണിലിവർ പോലുള്ള ഉപഭോക്തൃ ഉൽപ്പന്ന നിർമാതാക്കളെയും ടിവിഎസ് മോട്ടോർസ്, ഹീറോ മോട്ടോകോർപ്പ് തുടങ്ങിയ ഇരുചക്രവാഹന നിർമാതാക്കളെയും സഹായിക്കുന്നതിനും ഉപഭോഗം ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്ന ഗ്രാമീണ പദ്ധതികൾക്കായി സർക്കാർ കൂടുതൽ ഫണ്ട് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ വരുന്നത്. പുകയില ഉത്പന്നങ്ങൾക്ക് അഞ്ച് മുതൽ ഏഴ് ശതമാനം വരെ നികുതി വർധനവ് ഉണ്ടായേക്കും. ഇത് രാജ്യത്തെ ഏറ്റവും വലിയ സിഗരറ്റ് നിർമാതാക്കളായ ഐടിസിക്ക് ​ഗുണമായി ഭവിക്കും.

റിയൽ എസ്റ്റേറ്റ്

മാക്രോടെക് ഡെവലപ്പേഴ്‌സ്, സൺടെക്ക് റിയൽറ്റി തുടങ്ങിയ ഡെവലപ്പർമാർക്ക് പ്രയോജനം ചെയ്യുന്ന, അഫോർഡബിളായിട്ടുള്ള ഭവനപദ്ധതികൾക്കായി സർക്കാർ കൂടുതൽ ഫണ്ട് അനുവദിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർ‌ട്ടുകളുണ്ട്. മാത്രമല്ല, ന​ഗര പ്രദേശങ്ങളിലെ ഭവന പദ്ധതികൾക്കായി പലിശ സബ്‌സിഡി സ്കീം വരുന്നതോടെ ആവാസ് ഫിനാൻസിയേഴ്‌സ്, ഹോം ഫസ്റ്റ് ഫിനാൻസ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾക്ക് ​ഗുണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

വാഹന നിർമാതാക്കൾ

ഇലക്ട്രിക്കൽ വാഹനങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷം മാത്രം സർക്കാർ നൽകിയത് 115 കോടി രൂപയുടെ സബ്സിഡിയാണ്. ഈ ട്രെൻഡ് തുടരും എന്നു തന്നെയാണ് കരുതുന്നത്. അങ്ങിനെയെങ്കിൽ അത് ഏറ്റവും കൂടുതൽ ​ഗുണം ചെയ്യുക ഇന്ത്യയിലെ മുൻനിര ഇ-കാർ നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സിനും ഐപിഒ - ബൗണ്ട് ഇ-സ്‌കൂട്ടർ നിർമാതാക്കളായ ഒല ഇലക്ട്രിക്, ഇ-ബസ് നിർമാതാക്കളായ ഒലെക്‌ട്ര ഗ്രീൻടെക്, ജെബിഎം ഓട്ടോ എന്നിവയ്ക്കുമായിരിക്കും. ഇനി അതല്ല, ഇലക്ട്രിക് വാഹനങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന മുൻ​ഗണന ഹൈബ്രിഡ് വാഹന വിപണിയിലേക്ക് മാറുകയാണെങ്കിൽ, അത് ​ഗുണം ചെയ്യുക മാരുതി സുസുക്കിയ്ക്കായിരിക്കും.


മാനുഫാക്ച്ചറിങ്

പ്രാദേശിക ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് സ്കീമുകളുടെ മുന്നേറ്റം തുടരുമെന്ന് റിപ്പോർട്ടുകളുണ്ട്. ടെക്നോളജി ഹാർഡ്വെയർ, ടെലികോം ഉപകരണങ്ങൾ, ഇലക്ട്രോണിക്സ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമാതാക്കളായ ഡിക്സൺ ടെക്നോളജീസ്, ഐഡിയഫോർജ് ടെക്നോളജി, ബയോകോൺ തുടങ്ങിയവർക്ക് ഈ തീരുമാനത്തിന്റെ ​ഗുണം ലഭിക്കുമെന്നും പറയപ്പെടുന്നു.

ലാർസൻ ആൻഡ് ടൂബ്രോ പോലുള്ള ക്യാപിറ്റൽ ഗുഡ്‌സ് കമ്പനികൾക്കും ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങൾക്കും ബജറ്റിലെ മൂലധനച്ചെലവിൽ ഉണ്ടായേക്കാവുന്ന വർധനയിൽ നിന്ന് പ്രയോജനം ലഭിക്കുമെന്നാണ് ജെഫറീസിന്റെ റിപ്പോർട്ടിൽ പറയുന്നത്.

SCROLL FOR NEXT