NEWSROOM

പട വിജയിച്ചു ഇനി പാളയത്തില്‍ പോര്; മഹായുതിയുടെ മുഖ്യമന്ത്രി ആരാകും? ഷിന്‍ഡെയോ ഫഡ്നാവിസോ?

അധികാരത്തില്‍ തുടരാന്‍ ഒരിക്കല്‍ കൂടി അവസരം ലഭിച്ച മഹായുതിക്ക് മുന്നില്‍ ഇനിയുള്ള മണിക്കൂറുകള്‍ നിർണായകമാണ്

Author : ശ്രീജിത്ത് എസ്

മഹാരാഷ്ട്രയിലെ ജനങ്ങള്‍ അവരെ ആര് നയിക്കണമെന്ന് കൃത്യവും വ്യക്തവുമായി പറഞ്ഞിരിക്കുന്നു. 288 മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 235 ഇടത്ത് മഹായുതി സഖ്യം 'മഹാ' വിജയം സ്വന്തമാക്കി. ശക്തമായ പ്രചരണം കാഴ്ചവെച്ചിട്ടും 49 ഇടത്ത് മാത്രം തങ്ങളുടെ അടയാളം അവശേഷിപ്പിക്കാനെ മഹാ വികാസ് അഘാഡി സഖ്യത്തിനു സാധിച്ചുള്ളൂ.

അധികാരത്തില്‍ തുടരാന്‍ ഒരിക്കല്‍ കൂടി അവസരം ലഭിച്ച മഹായുതിക്ക് മുന്നില്‍ ഇനിയുള്ള മണിക്കൂറുകള്‍ നിർണായകമാണ്. ആരായിരിക്കണം മുഖ്യമന്ത്രി എന്ന കാര്യത്തില്‍ മുന്നണിക്കുള്ളില്‍ സമവായമുണ്ടായില്ലെങ്കില്‍ അനവധി രാഷ്ട്രീയ നാടകങ്ങള്‍ക്ക് മഹാരാഷ്ട്ര വേദിയാകും.

ഒരു ചില്ലയില്‍ തന്നെ കൂടുറപ്പിക്കാമെന്ന് ഉറപ്പിച്ച (പ)കക്ഷികളല്ല മഹായുതിയിലുള്ളത്. അതുകൊണ്ട് തന്നെ സർക്കാരിലെ ഉന്നത സ്ഥാനം ആർക്ക് കൊടുക്കുമെന്നത് നിർണായകമാണ്. അധികാരം നിലനിർത്താന്‍ സാധിക്കുമെന്ന് മഹായുതി സഖ്യം ആദ്യമേ ഉറപ്പിച്ചിരുന്നു. നേതാക്കളുടെ ശരീര ഭാഷയില്‍ തന്നെ അത് പ്രകടമായിരുന്നു. ജയിക്കുമെന്ന തോന്നലുണ്ടായപ്പോള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്നണിയില്‍ നിന്നും നിരവധി പേരുകള്‍ ഉയർന്നുകേട്ടിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പേരുകള്‍ ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെയുടെയും ബിജെപി നേതാവും ഉപ മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസിന്‍റേതുമാണ്. ഇരുവരും തുല്യ ശക്തികള്‍, മുന്നണിയിലെ പ്രധാന പാർട്ടികളിലെ പ്രമുഖർ. തെരഞ്ഞെടുപ്പിലും വന്‍മുന്നേറ്റമാണ് ഇരുവരും കാഴ്ചവെച്ചത്. കോപ്രി-പച്ച്പഗാഡി മണ്ഡലത്തില്‍ 120717 വോട്ടുകള്‍ക്കാണ് എക്നാഥ് ഷിന്‍ഡെ വിജയിച്ചത്. നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ ഫഡ്നാവിസ് 39710 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. ഇരുവരും ജനങ്ങള്‍ തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് തെളിയിച്ച സാഹചര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീർണമാകുന്നു. മുഖ്യമന്ത്രി സ്ഥാനം തങ്ങളുടെ അവകാശമാണെന്ന് മഹായുതിയും ബിജെപിയും ഉന്നയിക്കാന്‍ ഇവരുടെ മിന്നും വിജയം കാരണമാകും. സഖ്യത്തിലെ ഏറ്റവും വലിയ വിജയം നേടിയ ബിജെപിയുടെ വാക്കുകളാകും അന്തിമമെന്ന് മാത്രം. നിലവില്‍ 124 മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർഥികള്‍ ലീഡ് ചെയ്യുന്നത്.

ഈ കാരണങ്ങള്‍ കൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് സഖ്യത്തിലെ സമാധാന അന്തരീക്ഷത്തെ തന്നെ ബാധിച്ചേക്കാം. മഹായുതിയിലെ കാലാവസ്ഥ അത്ര ശരിയല്ലെന്നാണ് സർവെ ഫലങ്ങള്‍ക്ക് ശേഷം വന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ മുൻനിർത്തിയാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഷിന്‍ഡെയ്ക്ക് അനുകൂലമായാണ് ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതെന്നുമായിരുന്നു ശിവസേന വക്താവായ സഞ്ജയ് ഷിർസാത്ത് പറഞ്ഞത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് വേണ്ടി വാദിക്കുന്നവർക്ക് മുന്നില്‍ മറ്റ് ഓപ്ഷനുകള്‍ ഒന്നുംതന്നെയില്ല- ഫഡ്നാവിസ് മാത്രം. ബിജെപിയിൽ നിന്ന് ആരെങ്കിലും മുഖ്യമന്ത്രിയാകുകയാണെങ്കിൽ അത് ദേവേന്ദ്ര ഫഡ്‌നാവിസായിരിക്കുമെന്നായിരുന്നു ബിജെപി നേതാവ് പ്രവീൺ ദാരേക്കറുടെ പ്രഖ്യാപനം. മഹായുതി സഖ്യത്തിലെ എല്ലാവരും കൂടിയിരുന്ന് ആലോചിച്ച് നല്ലൊരു തീരുമാനത്തിലെത്തുമെന്നാണ് ബിജെപി നേതാവിന്‍റെ ശുഭപ്രതീക്ഷ. അപ്പോഴും മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കും എന്ന തരത്തിലുള്ള പ്രവീൺ ദാരേക്കറുടെ പ്രതികരണം മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ വെളിവാക്കുന്നതാണ്.


മറാത്ത മുഖമായ ഷിന്‍ഡെ, പരിചയസമ്പന്നനായ ഫഡ്നാവിസ്

ഏക്നാഥ് ഷിന്‍ഡെ

ബാല്‍ താക്കറെയുടെ ശിവസേനയെ പിളർത്തിയെന്ന വിമർശനം നിലനില്‍ക്കുമ്പോള്‍ തന്നെ മഹായുതിയിലെ മറാത്ത മുഖമാണ് ഏക്നാഥ് ഷിന്‍ഡെ. സേനയുടെ ആശയങ്ങളില്‍‌ വിട്ടുവീഴ്ച വരുത്തി മൃദു സമീപനം സ്വീകരിച്ച ഉദ്ധവിന്‍റെ നയങ്ങളോട് വിയോജിച്ചാണ് ബിജെപിക്കൊപ്പം മഹായുതിയിലേക്കെത്തിയതെന്ന ന്യായം വലിയൊരു വിഭാഗത്തിനു സ്വീകര്യമാണെന്നാണ് ഏക്നാഥിന്‍റെ ജനപിന്തുണ സൂചിപ്പിക്കുന്നത്.

മഹായുതി സർക്കാരിനെതിരെ പ്രതിപക്ഷം കടുത്ത അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തന്നെ ചില പ്രത്യേക പദ്ധതികളിലൂടെ ജനകീയ മുഖം സൃഷ്ടിക്കാന്‍ ഏക്നാഥ് ഷിന്‍ഡെ ശ്രദ്ധ പുലർത്തിയിരുന്നു. 'മുഖ്യമന്ത്രി ലഡ്കി ബാഹിന്‍ സ്കീം' അത്തരത്തില്‍ ഒന്നാണ്. 2.4 കോടിയിലധികം സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ ധനസഹായം വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതി മുഖ്യമന്ത്രിയെന്ന നിലയില്‍ ഷിന്‍ഡെയുടെ പ്രധാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനായി ഈ സ്കീം പ്രകാരം നവംബറില്‍ നല്‍കേണ്ട തുക സർക്കാർ മുൻകൂട്ടി വിതരണം ചെയ്തിരുന്നു. ഈ തുക 2,100 ആയി ഉയർത്തുമെന്നും ഷിന്‍ഡെ വാഗ്ദാനം ചെയ്തിട്ടുണ്ട്. 47.7 ശതമാനം സ്ത്രീ വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇവരില്‍ ഭൂരിപക്ഷത്തിന്‍റെ വോട്ടും ഏക്നാഥിനെ പിന്തുണച്ചുവെന്നാണ് മഹായുതിയുടെ മുന്നേറ്റം സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ അതിനു കാരണം മുഖ്യമന്ത്രിയെന്ന നിലയില്‍ ഏക്നാഥ് ഷിന്‍ഡെ അവതരിപ്പിച്ച 'ലഡ്കി ബാഹിന്‍ സ്കീം' തന്നെയാണ്. വന്‍ കിട കമ്പനികളെ ഷിന്‍ഡെ സർക്കാർ ഗുജറാത്തിലേക്ക് പറഞ്ഞുവിടുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണത്തിന്‍റെ മുനയൊടിച്ചതും ഇത് തന്നെ.

എന്നാല്‍, ബിജെപിയെ ആശ്രയിച്ച് മുന്നോട്ട് പോകുന്നതാണ് ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന്‍റെ പ്രധാന പോരായ്മ. മുഖ്യമന്ത്രി സ്ഥാനം പോലൊരു വലിയ തീരുമാനത്തെയും ഇത് ബാധിച്ചേക്കും. മഹായുതി അധികാരത്തിലെത്തിയാൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകണമെന്നാണ് ബിജെപി പ്രവർത്തകർ ആഗ്രഹിക്കുന്നതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെ പ്രതികരണം ഷിന്‍ഡെ വിഭാഗത്തിനു വലിയ പ്രഹരമായിരുന്നു. ഇനി കേന്ദ്രം, അതായത് നരേന്ദ്ര മോദിയും അമിത് ഷായും തീരുമാനിക്കുന്ന ആളാകും മുഖ്യമന്ത്രി എന്നു കൂടി പറഞ്ഞു വയ്ക്കുന്നുണ്ട് ചന്ദ്രശേഖർ. രണ്ടാം വട്ടവും ഫഡ്നാവിസിനെ വെട്ടി ഷിന്‍ഡെയെ പ്രീതിപ്പെടുത്താന്‍ ഇവർ ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ മഹായുതിയിലും ഷിന്‍ഡെയുടെ അധികാരത്തിനായുള്ള നിലവിളി ഉയരുന്നത് കേട്ടേക്കാം.


ദേവേന്ദ്ര ഫഡ്നാവിസ്‍

മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂമികയ്ക്ക് സുപരിചിതമായ മുഖമാണ് ദേവേന്ദ്ര ഫഡ്നാവിസ്‍. ഭരണപരിചയവും പരിചയസമ്പന്നനുമായ നേതാവ്. ബിജെപിയുടെ മഹാരാഷ്ട്രയിലെ ശബ്ദവും ഉരുവവും എല്ലാം ഫഡ്നാവിസ് തന്നെ. കൂറുമാറി സഖ്യത്തിലേക്കെത്തിയവർക്കു വേണ്ടി തങ്ങളുടെ നേതാവിനെ ഡഗൗട്ടിലിരുത്താന്‍ ഇത്തവണ ബിജെപി ശ്രമിക്കില്ല. സർവേ ഫലങ്ങള്‍ക്ക് പിന്നാലെ ബിജെപി നേതാക്കള്‍ ഇതിന്‍റെ സൂചന നല്‍കുയും ചെയ്തിരുന്നു. മഹാരാഷ്ട്രയെ സേന-എന്‍‌സിപി പിന്തുണയില്ലാതെ സ്വന്തമാക്കാനുള്ള ബിജെപിയുടെ ശ്രമം കൂടി ഇതിനു പിന്നിലുണ്ട്.

ഏക്നാഥ് ഷിന്‍ഡെയെപ്പോലെ മറാത്ത മുഖമല്ലായെന്നതാണ് മുന്‍ മഖ്യമന്ത്രി കൂടിയായ ഫഡ്നാവിസിന്‍റെ പ്രധാന ദൗർബല്യം. മാത്രമല്ല, ഷിന്‍ഡെ സർക്കാരില്‍ ഉപമുഖ്യമന്ത്രിയായി പ്രവർത്തിച്ചത് ഫഡ്നാവിസിന്‍റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. 2014 മുതല്‍ 2019 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു ദേവേന്ദ്ര ഫഡ്നാവിസ്. 'ഉപചാപ രാഷ്ട്രീയത്തിന്‍റെ' പ്രതിനിധിയായി വിലയിരുത്തപ്പെടുന്നതും ഫഡ്നാവിസിനു തിരിച്ചടിയാണ്. മറാത്തവാദവും ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളുമാണ് മുഖ്യമന്ത്രി സ്ഥാനത്തിനും ഫഡ്നാവിസിനും ഇടയിലെ മറ്റൊരു പ്രധാന പ്രതിബന്ധം.


എന്നാല്‍, മഹായുതിയുടെ വിജയത്തിനു പിന്നിലെ 'കിങ് മേക്കർ' താനാണ് എന്ന് സ്ഥാപിക്കാന്‍ ഷിന്‍ഡെയ്ക്ക് സാധിച്ചാല്‍ സ്ഥിതിഗതികള്‍ മാറും. ഫഡ്നാവിസിനു ഉപമുഖ്യമന്ത്രി എന്ന പ്രോത്സാഹന സമ്മാനവുമായി തൃപ്തനാകേണ്ടി വരും. എന്നാല്‍ ഈ സാധ്യതയും ആപേക്ഷികമാണ്.  തർക്കങ്ങള്‍ പരിഹരിക്കാനായി ഉപ മുഖ്യമന്ത്രി സ്ഥാനമെന്ന ചീട്ട് ബിജെപി വീണ്ടും ഉയർത്തിയാല്‍ അതിനും മുന്നണിക്കുള്ളില്‍ തർക്കമുണ്ടായേക്കും. എന്‍സിപിയും അജിത് പവാറിനും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കാന്‍ സാധിച്ചില്ലെങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി അവർ പിടിമുറുക്കിയേക്കും. അങ്ങനെയെങ്കില്‍ മഹായുതിയില്‍ ഇനി പട പാളയത്തിലായിരിക്കും.

SCROLL FOR NEXT