കത്തോലിക്കാ സഭയെ നവീകരിച്ച വിശുദ്ധനും വഴികാട്ടിയുമായ ഫ്രാൻസിസ് മാർപ്പാപ്പ നിത്യതയിൽ ലയിച്ചു. ഇനി ആരാകും അദ്ദേഹത്തിൻ്റെ പിൻഗാമിയെന്നാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ ഉറ്റുനോക്കുന്നത്. പാപ്പൽ കോൺക്ലേവിലൂടെയാണ് പുതിയ മാർപ്പപ്പയെ തെരഞ്ഞെടുക്കുക. സഭാനേതൃത്വം പതിറ്റാണ്ടുകളായി നിലപാടെടുക്കാൻ മടിച്ച പലകാര്യങ്ങളിലും വ്യക്തമായ നിലപാടെടുക്കാനും എതിർപ്പുകളെ തരണം ചെയ്ത് തീരുമാനങ്ങളിൽ ഉറച്ച് നിൽക്കാനും പോപ്പിന് സാധിച്ചിട്ടുണ്ട്. പിൻഗാമി ആരെന്ന കാര്യത്തിൽ വത്തിക്കാൻ ഒരു സൂചനയും നൽകിയിട്ടില്ല. എന്നാലും പ്രധാനമായും എട്ട് പേരുകളാണ് ഉയർന്ന് കേൾക്കുന്നത്.
1. കർദ്ദിനാൾ പിയട്രോ പരോളിൻ - 70 വയസ്സ് - ഇറ്റലി
ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകളെ സ്വാഗതം ചെയ്ത വ്യക്തിത്വമാണ് കർദ്ദിനാൾ പിയട്രോ പരോളിൻ. 2014ൽ ഫ്രാൻസിസ് മാർപാപ്പ മാർ പിയട്രോ പരോളിനെ കർദ്ദിനാളായി ഉയർത്തി. നിലവിൽ വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറിയായ കർദിനാൾ, കഴിഞ്ഞ 11 വർഷമായി ഫ്രാൻസിസ് മാർപാപ്പയൊടൊപ്പം സേവനം അനുഷ്ഠിച്ചുവരികയാണ്.
2. കർദ്ദിനാൾ ഫ്രിഡോലിൻ അംബോംഗോ ബെസുങ്കു- 65 വയസ്സ് - ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
ആഫ്രിക്കയിലെയും മഡഗാസ്കറിലെയും എപ്പിസ്കോപ്പൽ കോൺഫറൻസുകളുടെ അധ്യക്ഷൻ. 2023ൽ നടന്ന ഒരു അടിയന്തര യോഗത്തിൽ ഫ്രാൻസിസ് മാർപാപ്പയിൽ നിന്ന് ബെസുങ്കു അനുഗ്രഹം നേടി. യാഥാസ്ഥിതിക നിലപാടുകളുടെ വക്താവായ ബെസുങ്കു, ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് ഉയർന്നുകേൾക്കുന്ന പേരുകളിലൊന്നാണ്.
3. കർദ്ദിനാൾ വില്യം ജേക്കബ്സ് ഐക്ക് -71 വയസ്സ് - നെതർലാൻഡ്സ്
71കാരനായ കർദിനാൾ വില്യം ജേക്കബ്സ് ഐക്ക്, നെതർലാൻഡിൽ നിന്നുള്ള കർദ്ദിനാലാണ്. കത്തോലിക്ക സഭയിലെ യാഥാസ്ഥിതിക വാദികളിൽ പ്രമുഖൻ. ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയാണ് ഡോക്ടർ കൂടിയായ മാർ വില്യം ജേക്കബ്സിനെ കർദ്ദിനാളായി ഉയർത്തിയത്.
4. കർദ്ദിനാൾ പീറ്റർ എർഡോ -72 വയസ്സ് - ഹംഗറി
ഹംഗറിയിൽ ജനിച്ച കർദ്ദിനാൾ പീറ്റർ എർഡോ യൂറോപ്പിലെ ബിഷപ്പ് കോൺഫറൻസ് കൗൺസിലിന്റെ മുൻ പ്രസിഡൻ്റാണ്. കത്തോലിക്ക സഭയുടെ സമകാലിക ഭരണകാര്യങ്ങളിൽ നിർണായക ഇടപെടലുകൾ നടത്തുന്ന വ്യക്തിത്വം. 72കാരനായ അദ്ദേഹത്തെ 2003ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കർദ്ദിനാളായി നിയമിച്ചു.
5. കർദ്ദിനാൾ ലൂയിസ് അൻ്റോണിയോ ടാഗിൾ - 67 വയസ്സ് - ഫിലിപ്പീൻസ്
ഏഷ്യൻ പോപ്പ് ഫ്രാൻസിസ് എന്ന് വിളിക്കപ്പെടുന്ന ലൂയിസ് അന്റോണിയോ ടാഗിൾ വത്തിക്കാൻ നിരീക്ഷകരുടെയും വാതുവെപ്പുകാരുടെയും ഇടയിൽ പ്രമുഖനാണ്. സാമൂഹിക ഇടപെടലിലൂടെ ശ്രദ്ധേയനായ വ്യക്തിത്വം. സ്വവർഗാനുരാഗികളോടും വിവാഹമോചിതരും പുനർവിവാഹം ചെയ്തവരോടുമുള്ള സഭയുടെ നിലപാടിനെ വിമർശിച്ച വ്യക്തി. കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഏഴാമത്തെ ഫിലിപ്പിനോ പൗരൻ. 2012ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്. തെരഞ്ഞെടുക്കപ്പെട്ടാൽ ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്ന് വരുന്ന ആദ്യത്തെ പോപ്പായിരിക്കും അദ്ദേഹം.
6. കർദ്ദിനാൾ റെയ്മണ്ട് ബർക്ക് - 76 വയസ്സ് - യുഎസ്എ
അമേരിക്കയിൽ നിന്നുള്ള കർദ്ദിനാളാണ് 76കാരനായ കർദ്ദിനാൾ റെയ്മണ്ട് ബർക്ക്. ഫ്രാൻസിസ് മാർപാപ്പയുടെ ലിബറൽ ചിന്താഗതിയെ പലപ്പോഴും വിമർശിച്ച വ്യക്തി. വിസ്കോൺസിൻ സ്വദേശിയും സെന്റ് ലൂയിസിലെ മുൻ ആർച്ച് ബിഷപ്പുമാണ്. എൽജിബിടി വിഭാഗത്തോടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടിനെ കടുത്തഭാഷയിൽ വിമർശിച്ചുള്ള കർദിനാൾ സഭയിലെ യാഥാസ്ഥിതിക വാദികളിൽ പ്രമുഖൻ. 2010ൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയാണ് ബർക്കിനെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്.
7. കർദ്ദിനാൾ മരിയോ ഗ്രെച്ച് - 67 വയസ്സ് - മാൾട്ട
ബിഷപ്പുമാരുടെ സിനഡിന്റെ നിലവിലെ സെക്രട്ടറി ജനറലാണ് 67കാരനായ കർദിനാൾ മാരിയോ ഗ്രെച്ച്. ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകളെ പിന്തുണയ്ക്കുന്നവരിൽ പ്രമുഖൻ. 2020ൽ ഫ്രാൻസിസ് മാർപ്പാപ്പയാണ് ഗ്രെച്ചിനെ കർദ്ദിനാളായി നിയമിച്ചത്.
ALSO READ: അർജൻ്റീനയില് പട്ടാള ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായ വികാരി; പുരോഗമന വഴികളില് സഞ്ചരിച്ച മാർപാപ്പ
8. കർദ്ദിനാൾ മാറ്റിയോ സുപ്പി - 69 വയസ്സ് - ഇറ്റലി
ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റായ മാറ്റിയോ സുപ്പി റോമിലാണ് ജനിച്ചത്. ഫ്രാൻസിസ് മാർപാപ്പയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന കർദ്ദിനാൾ. യുക്രെയ്നിൽ മാർപാപ്പയുടെ സമാധാന ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചു. 2019ലാണ് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തിയത്.
പാപ്പൽ കോൺക്ലേവ് എന്ന തെരഞ്ഞെടുപ്പ് സമ്മേളനം നടത്തിയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുന്നത്. ഇതിൽ 80 വയസ്സിൽ താഴെയുള്ള 138 കർദിനാളുകൾ രഹസ്യ വോട്ടെടുപ്പിലൂടെ പുതിയ പോപ്പിനെ തെരഞ്ഞെടുക്കും. ഈ പ്രക്രിയ 15 മുതൽ 20 ദിവസങ്ങൾ വരെ നീളാം.