NEWSROOM

എന്തുകൊണ്ട് സ്പീക്കർ പ്രധാനമന്ത്രിക്ക് മുന്നിൽ തലകുനിച്ചു? ചോദ്യവുമായി രാഹുല്‍ ഗാന്ധി; ഓം ബിര്‍ളയുടെ മറുപടി ഇങ്ങനെ

Author : ന്യൂസ് ഡെസ്ക്

സ്പീക്ക‍ർ ഓം ബിർളയും പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും തമ്മില്‍ ലോക്‌സഭയില്‍ വാദപ്രതിവാദം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ എന്തിനാണ് സ്പീക്കര്‍ തല കുനിച്ചതെന്ന് രാഹുല്‍ ഗാന്ധി ചോദ്യം ഉന്നയിച്ചു. സ്പീക്ക‍ർ ആയതിന് ശേഷം പരസ്പരം കൈ കൊടുക്കുന്ന സമയത്താണ് പ്രധാനമന്ത്രിക്ക് മുന്നിൽ സ്പീക്കർ തല താഴ്ത്തി വണങ്ങിയത്.

താൻ കൈ തരാൻ വന്നപ്പോൾ സ്‌പീക്കർ നേരെ നിന്നുവെന്നും, നരേന്ദ്ര മോദി വന്നപ്പോൾ തല താഴ്ത്തി വണങ്ങിയെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. എന്നാൽ, സഭയിലെ ഏറ്റവും മുതിർന്ന ആളാണ് മോദിയെന്നും, മുതിർന്നവരെ ബഹുമാനിക്കുന്നത് സംസ്കാരത്തിൻ്റെ ഭാഗമാണെന്നും ഓം ബിര്‍ള പറഞ്ഞു. താൻ ഈ സംസ്കാരവും മൂല്യങ്ങളും പിന്തുടരുന്ന ആളാണെന്നും ഓം ബിർള പ്രതികരിച്ചു. തന്നേക്കാൾ പ്രായം കുറഞ്ഞവരോടും തനിക്ക് ബഹുമാനമുണ്ടെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

സ്പീക്കറുടെ മറുപടിക്ക്, ഇത് ജനാധിപത്യ സംവിധാനമാണെന്നും സ്പീക്കർ സഭയുടെ അധ്യക്ഷനാണെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു. ആർക്ക് മുന്നിലും തല താഴ്ത്തേണ്ട ആളല്ല സ്പീക്കറെന്നും സഭയിൽ ഏറ്റവും ബഹുമാനിക്കപ്പെടേണ്ടത് സ്പീക്കർ ഓം ബിർളയെ തന്നെയാണെന്നും രാഹുൽ ​ഗാന്ധി തിരിച്ചടിച്ചു.

SCROLL FOR NEXT