NEWSROOM

മത പണ്ഡിതന്മാർ മതം പറയുമ്പോൾ മറ്റുള്ളവർ ഇടപെടുന്നതെന്തിന്?; കാന്തപുരത്തെ പിന്തുണച്ച് പിഎംഎ സലാം

"മതം പറയാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശമുണ്ട്. കാന്തപുരം എന്നും തെറ്റുകൾക്ക് എതിരെ പറയുന്നയാളാണ്"

Author : ന്യൂസ് ഡെസ്ക്


എം.വി. ഗോവിന്ദനെതിരെയുള്ള പ്രസ്താവനയിൽ കാന്തപുരത്തെ പിന്തുണച്ച് മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. മത പണ്ഡിതന്മാർ മതം പറയുമ്പോൾ മറ്റുള്ളവർ അതിൽ എന്തിനാണ് ഇടപെടുന്നതെന്നും പിഎംഎ സലാം ചോദിച്ചു.

ചൂരൽമല മുണ്ടക്കൈ പുനരധിവാസത്തിൽ സർക്കാരിനെ പിഎംഎ സലാം തള്ളി. ഇനിയും കാത്തിരിക്കാനാകില്ല. കാലതമാസത്തിന് ജനങ്ങളോട് മറുപടി പറയാൻ കഴിയില്ല. സർക്കാരിനെ കാത്ത് നിൽക്കാൻ കഴിയാത്ത സാഹചര്യമാണ്. പണം തരുന്ന ആളുകളോട് ലീഗിന് നീതി പുലർത്തേണ്ടതുണ്ട്.സ്വന്തം വഴി നോക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ടന്നും പിഎംഎ സലാം പറഞ്ഞു.

"മതം പറയാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശമുണ്ട്. കാന്തപുരം എന്നും തെറ്റുകൾക്ക് എതിരെ പറയുന്നയാളാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ അത് കണ്ടതാണ്. പോളിറ്റ് ബ്യൂറോയിൽ ആകെ ഉള്ളത് ഒരു സ്ത്രീയാണ്. വനിതാ മുഖ്യമന്ത്രിമാർ ഉണ്ടാകുന്നത് സിപിഎം തടഞ്ഞു." പിഎംഎ സലാം പറഞ്ഞു. മാർക്സിസ്റ്റ് എന്നും സ്ത്രീകൾക്ക് എതിരാണെന്നും പിഎംഎ സലാം വിമർശിച്ചു.

മെക് സെവൻ വ്യായാമത്തിനെതിരെ നേരത്തെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. പുരുഷന്മാരും സ്ത്രീകളും ഇടകലർന്നുകൊണ്ടുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കും. സമുദായത്തെ പൊളിക്കാനുള്ളതാണ് അത്തരം പദ്ധതികളെന്നും വിശ്വാസ സംരക്ഷണമാണ് പ്രധാനമെന്നും കാന്തപുരം മുസ്ലിയാർ പറഞ്ഞിരുന്നു. അതിനെ പരോക്ഷമായി കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചിരുന്നു.

SCROLL FOR NEXT