NEWSROOM

പലസ്തീനില്‍ വെടിനിര്‍ത്തലിന് പകരം ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നത് എന്തുകൊണ്ട്?

ലീഡര്‍ എന്നല്ല ഡീലര്‍ എന്നാണ് ഡോണള്‍ഡ് ട്രംപിന് ഇപ്പോഴുള്ള വിശേഷണം. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിലാണെങ്കിലും ഇസ്രായേല്‍-പാലസ്തീന്‍ വിഷയത്തിലാണെങ്കിലും ഡീല്‍ ഉറപ്പിക്കുകയാണ് ട്രംപ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്


പലസ്തീനില്‍ വെടിനിര്‍ത്തലിനു പകരം കടുത്ത ആക്രമണം എങ്ങനെ ഉണ്ടായി? ആഗോള ശക്തികളായി ഒന്നിച്ചു നിന്ന യൂറോപ്പും അമേരിക്കയും രണ്ടു തട്ടിലായതാണ് ഇതിന് കാരണം. ഇതോടെ റഷ്യ യുക്രെയ്‌നിലും ഇസ്രായേല്‍ ഗാസയിലും ആക്രമണം കടുപ്പിക്കുകയായിരുന്നു.

ലീഡര്‍ എന്നല്ല ഡീലര്‍ എന്നാണ് ഡോണള്‍ഡ് ട്രംപിന് ഇപ്പോഴുള്ള വിശേഷണം. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിലാണെങ്കിലും ഇസ്രായേല്‍-പാലസ്തീന്‍ വിഷയത്തിലാണെങ്കിലും ഡീല്‍ ഉറപ്പിക്കുകയാണ് ട്രംപ് ചെയ്തത്. ഇന്ത്യ-പാകിസ്ഥാന്‍ വിഷയത്തിലും ഡീല്‍ ഉറപ്പിക്കുന്ന ട്രംപിനെയാണ് ലോകം കണ്ടത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ട്രംപ് ഗള്‍ഫില്‍ വന്നു മടങ്ങിയ ശേഷം ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചത്?

ഈ യുദ്ധത്തിന് കാരണം ഒന്നേയുള്ളു. അമേരിക്കയും യൂറോപ്പും ഇപ്പോള്‍ രണ്ടു തട്ടിലാണ്. അവര്‍ ഒന്നിച്ചു നില്‍ക്കുമ്പോഴല്ലാതെ ഭയപ്പാടിന്റെ കാര്യമില്ല. പുടിനുവേണ്ടി ട്രംപ് ഇറങ്ങിയപ്പോള്‍ പിളര്‍ന്നതാണ് അമേരിക്ക-യൂറോപ്പ് ബന്ധം. രണ്ടാം ലോകയുദ്ധാനന്തരം 1949ല്‍ ആരംഭിച്ച ബന്ധമാണ് ആദ്യമായി മുറിഞ്ഞത്. അതുവരെ സെലന്‍സ്‌കിക്കും യുക്രെയ്‌നും വേണ്ടി ഒരേശബ്ദത്തില്‍ നിന്നതാണ് യൂറോപ്പും അമേരിക്കയും. ട്രംപ് വന്നതോടെ അമേരിക്ക റഷ്യക്കൊപ്പമെന്ന നിലയായി. സെലന്‍സ്‌കിയെ പിന്തുണയ്ക്കാന്‍ യൂറോപ്പ് മാത്രവും.

പ്രബല ശക്തികള്‍ രണ്ടായതോടെ ധൈര്യം കൂടിയത് പുടിനാണ്. ഡീല്‍ ഉറപ്പിക്കും മുന്‍പ് യുക്രെയ്‌നെ പരമാവധി നശിപ്പിക്കുക എന്ന നിലയിലേക്കു പോയി. ഇനി ഇതേ വിഷയത്തില്‍ പുടിന്‍ എസ്‌തോണിയയിലേക്ക് സൈന്യത്തെ അയച്ചാലും സംഭവിക്കുന്നത് ഇതു തന്നെ ആയിരിക്കും. ട്രംപിന്റെ അമേരിക്ക എസ്‌തോണിയയ്‌ക്കൊപ്പമാകില്ല, പുടിനൊപ്പമായിരിക്കും. യൂറോപ്പിന്റെ മാത്രം പിന്തുണകൊണ്ട് എസ്‌തോണിയയ്ക്ക് പുടിനെതിരേ പിടിച്ചുനില്‍ക്കാനും കഴിയില്ല. ബെഞ്ചമിന്‍ നെതന്യാഹു ചെയ്തതും ഇതുതന്നെയാണ്. അമേരിക്കയും യൂറോപ്പും രണ്ടു തട്ടിലായതോടെ യോജിച്ചുള്ള സമ്മര്‍ദം വരില്ല. ഡീല്‍ ഉറപ്പിക്കും മുന്‍പ് വെസ്റ്റ് ബാങ്ക് കൂടി ഗാസ പോലെ നശിപ്പിക്കാം. സ്വന്തം രാഷ്ട്രീയ നിലനില്‍പ്പിന് അത് അനിവാര്യവുമാണ്.

SCROLL FOR NEXT