പത്തനംതിട്ട ജില്ലയുടെ മലയോര മേഖലകളിലും നഗരത്തിലുമുൾപ്പെടെ വന്യജീവികളുടെ ശല്യം രൂഷമാകുന്നു. ആനയും കുരങ്ങും കാട്ടുപോത്തും ആണ് മലയോര മേഖലയിലെങ്കിൽ, കാട്ടുപന്നി ശല്യമാണ് ജില്ലയുടെ മറ്റു പ്രദേശങ്ങളിൽ ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്.
ഏറെക്കാലമായി, പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിലുള്ളവർ ഇരുട്ടു വീണാൽ പുറത്തേക്കിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. ആനയും പുലിയും കടുവയും ഭീതി സൃഷ്ടിക്കുമ്പോൾ കുരങ്ങും മയിലും കാട്ടുപന്നിയും മനുഷ്യന്റെ സ്വൈരജീവിതം തകർക്കുന്നു. പലരുടെയും വീടിനു മുറ്റത്ത് വരെ ആന എത്തിനിൽക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞു മടുത്തിരിക്കുകയാണ് ജില്ലയിലെ മലയോര ജനത.
മലയോര മേഖലയിൽ മാത്രമല്ല ഈ ദുരവസ്ഥ. ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള കർഷകരും കാട്ടുപന്നികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. കാട്ടുപന്നി ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. രാത്രികാലങ്ങളിൽ കാട്ടുപന്നി കാരണമുള്ള വാഹന അപകടങ്ങളും പതിവായിരിക്കുന്നു. കോന്നി മെഡിക്കൽ കോളേജ് പരിസരം കാട്ടുപോത്തുകളുടെ വിഹാരകേന്ദ്രമാണ്. ഇതൊന്നിനും വനപാലകർക്ക് പരിഹാരമില്ലെന്നാണ് ജനങ്ങൾ പറയുന്നത്.
വന്യജീവി ശല്യം കാരണം സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും വനംവകുപ്പ് അവരുടെ ഉത്തരവാദിത്തം നിർവഹിക്കുന്നില്ല എന്നും ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ കേരള കൗൺസിൽ ഓഫ് ചർച്ച് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വന്യമൃഗ ശല്യം എല്ലാ സീമകളും ലംഘിച്ചെന്നും പരിഹാരം കാണേണ്ട വനപാലകർ അത് ചെയ്യുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.