NEWSROOM

പുലിയും, ആനയും കാട്ട് പന്നിയുമെല്ലാം ജനവാസ മേഖലയിൽ; ഭീതിയോടെ കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖല

പത്തനാപുരം ചിതൽവെട്ടി എസ്റ്റേറ്റിന് സമീപം ഒന്നിലധികം തവണ പുലിയെ കണ്ടതോടെയാണ് വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്. കൂട്ടിൽ വീണ പുലിയെ പിടികൂടി ഉൾക്കാട്ടിലേക്ക് വിട്ടു.

Author : ന്യൂസ് ഡെസ്ക്


കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്നു. പുലിയും, ആനയും കാട്ട് പന്നിയുമൊക്കെ ജനവാസ മേഖലയിൽ ഇറങ്ങിയതോടെ ഭയത്തോടെയാണ് ഇവിടെയുള്ളവർ കഴിയുന്നത്.


പത്തനാപുരം ചിതൽവെട്ടി എസ്റ്റേറ്റിന് സമീപം ഒന്നിലധികം തവണ പുലിയെ കണ്ടതോടെയാണ് വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്. കൂട്ടിൽ വീണ പുലിയെ പിടികൂടി ഉൾക്കാട്ടിലേക്ക് വിട്ടു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ചിതൽവെട്ടി പ്രദേശത്തിനടുത്ത് പുന്നലയിൽ വീണ്ടും പുലിയിറങ്ങി കന്നുകാലിയെ കൊന്നു. വീട്ടുടമസ്ഥൻ പുലിയെ കണ്ടതായി സ്ഥിരീകരിക്കുന്നു. പ്രദേശത്ത് രാത്രി പുറത്തിറങ്ങാൻ ഭയപ്പെടുകയാണ് നാട്ടുകാർ.

പുന്നലയിൽ തന്നെ തച്ചക്കോട് ഭാഗത്ത് കാട്ടാനക്കൂട്ടം നിരന്തരം ശല്യമുണ്ടാക്കുന്നതായും നാട്ടുകാർ പറയുന്നു. പ്രദേശത്തെ എസ്എഫ്സികെയുടെ കശുമാവിൻ തോട്ടത്തിലാണ് ആനയെത്തുന്നത്.
തെന്മല പഞ്ചായത്തിലെ നാഗമല വാർഡിലെ സത്യശീലൻ്റെ പശുക്കിടാവിനെ കഴിഞ്ഞ ദിവസം വന്യ മൃഗം അക്രമിച്ച് കൊന്നു. ഇവിടേയും ഭയത്തോടെയാണ് നാട്ടുകാർ കഴിയുന്നത്.



അതേ സമയം പുന്നലയിലെ കടശേരി ഭാഗത്ത് വനം വകുപ്പ് കൂട് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഒന്നിലധികം പുലികളെ കണ്ട മേഖലയാണിത്. തെന്മല നാഗമല പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ള മേഖലയാണ്. പ്രദേശത്ത് പെട്രോളിങ് ശക്തമാക്കാനും വനം വകുപ്പ് തീരുമാനിച്ചു.

SCROLL FOR NEXT