NEWSROOM

കോതമംഗലത്ത് ജനവാസമേഖലയിൽ ആശങ്കപരത്തി വന്യമൃഗങ്ങൾ; പ്രതിഷേധവുമായി ആദിവാസി യുവാവ്

കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമെത്തി വീടുതകർത്തതിന് പിന്നാലെയാണ് സോളമൻ പ്രതിഷേധവുമായി രംഗത്തെത്തിയത്

Author : ന്യൂസ് ഡെസ്ക്

ഇടുക്കി അടിമാലി പഞ്ചായത്തിൻ്റെ വനമേഖലയോട് ചേർന്ന പ്രദേശമായ കോതമംഗലം എളമ്പ്ലശേരികുടിയിൽ വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷം. കാട്ടാന, കാട്ടുപോത്ത് എന്നിവയാണ് കൂടുതലായും ജനവാസമേഖലയിലെത്തി ശല്യമുണ്ടാക്കുന്നത്. സംഭവത്തിൽ ഒറ്റയാൾ പ്രതിഷേധവുമായി ആദിവാസി യുവാവ് രംഗത്തെത്തി. ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പിന്തിരിപ്പിച്ചത് .

കഴിഞ്ഞ ദിവസം സോളമൻ എന്ന ആദിവാസി യുവാവിൻ്റെ വീട് കാട്ടാനക്കൂട്ടം തകർത്തിരുന്നു. പിന്നാലെയാണ് സോളമൻ പ്രതിഷേധവുമായി എത്തിയത്. വീടില്ലാത്ത തനിക്ക് താമസിക്കാൻ ഇടം നൽകണമെന്നായിരുന്നു ആദിവാസിയുവാവിൻ്റെ ആവശ്യം. അടിമാലി പഞ്ചായത്തിലെ ഇരുപതാം വാർഡായ കാഞ്ഞിരവേലി മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായ പ്രദേശമെന്ന് നാട്ടുകാർ പറയുന്നു . കഴിഞ്ഞ ദിവസം കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിലെ നേര്യമംഗലം വനമേഖലയില്‍ രാത്രി റോഡിലിറങ്ങിയ കാട്ടാനകൾ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു .


അടിമാലി വാളറ കാഞ്ഞിരവേലിക്ക് സമീപത്ത് കാട്ടുപോത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയതിൽ നാട്ടുകാർ വലിയ ആശങ്കയിലാണ്. അതിർത്തി വനമേഖലയിൽ വലിയ പ്രതിഷേധമാണ് ആദിവാസി വിഭാഗത്തിൽ ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്നത്. ഇടവിട്ടുണ്ടാകുന്ന മഴക്കെടുതിക്ക് പിന്നാലെയാണ് വന്യമൃഗങ്ങളുടെ ശല്യവും പ്രദേശവാസികൾ നേരിടുന്നത്.

SCROLL FOR NEXT