കണ്ണൂരിലെ മലയോര മേഖലകളിൽ വന്യജീവി ആക്രമണം രൂക്ഷമാകുന്നു. കേളകം ചെട്ടിയാപറമ്പിൽ കാട്ടുപന്നി കൃഷി നശിപ്പിച്ചതിന് പിന്നാലെ കർഷകന്‍ ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കി . ചെട്ടിയാപറമ്പിൽ ബിജുവാണ് മരത്തിനു മുകളിൽ കയറി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയത്.
ബിജുവിന്‍റെ ഇഞ്ചി കൃഷി ഇന്നലെ രാത്രി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചിരുന്നു. ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു ബിജു കൃഷി ഇറക്കിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാട്ടുപന്നികളെ വെടിവെക്കാൻ ഉത്തരവിറക്കാമെന്ന് ഉറപ്പ് നൽകി അനുനയിപ്പിച്ചാണ് ബിജുവിനെ മരത്തില്‍ നിന്നും താഴെയിറക്കിയത്.
അതേസമയം, അയ്യങ്കുന്നിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു. കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് പതിവായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡിഎഫ്ഒ എത്താതെ ഉദ്യോഗസ്ഥരെ പോകാൻ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. സോളാർ വേലി നിർമാണം പൂർത്തിയാക്കാത്തതാണ് കാട്ടാനകൾ കൃഷിഭൂമിയിൽ എത്താൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പണം അനുവദിച്ചിട്ടും നിർമാണം പൂർത്തിയാകാത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടെന്ന ആക്ഷേപവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. ഇതോടെയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞത്. പൊലീസും ഫോറസ്റ്റ് റേഞ്ച് ഓഫീസറും സ്ഥലത്തെത്തിയ ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.