ഇടുക്കി മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയും കാട്ടുപോത്തും ഇറങ്ങി. നല്ലതണ്ണി എസ്റ്റേറ്റ് ലയങ്ങൾക്കടുത്താണ് പകലും രാത്രിയും കാട്ടുപോത്ത് ഇറങ്ങിയത്. ചിറ്റുവാരെ സൗത്ത് ഡിവിഷനിലാണ് പടയപ്പ എന്ന കാട്ടാന തമ്പടിച്ചിരിക്കുന്നത്.
മൂന്നാറിൽ കാട്ടുപോത്തിൻ്റെയും കാട്ടാനയുടേയും ശല്യം വർധിക്കുകയാണ്. തോട്ടം മേഖലയിലെ ജനവാസമേഖലയിലാണ് കാട്ടുപോത്തും കാട്ടാനയും ഇറങ്ങിയത്. പ്രദേശത്തെ കൃഷി ഉൾപ്പെടെ നാശം ഉണ്ടാക്കിയതായി നാട്ടുകാർ പറയുന്നു.
ജനവാസ മേഖലയിൽ നിന്ന് ഇതുവരെ പടയപ്പ പിൻവാങ്ങിയിട്ടില്ലെന്നാണ് വിവരം. പച്ചക്കറി കൃഷിയുൾപ്പെടെ വ്യാപകമായി കാട്ടാന നശിപ്പിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. ജനവാസ മേഖലയിൽ ഇറങ്ങിയ വന്യജീവികളെ കാട്ടിലേക്ക് മടക്കി അയക്കാൻ വനം വകുപ്പ് നടപടികൾ സ്വീകരിക്കുന്നില്ലെന്നുമുള്ള ആരോപണം തോട്ടം തൊഴിലാളികൾ ഉന്നയിക്കുന്നു.