കാട്ടുതീ പടര്‍ന്നതിനെ തുടർന്ന് 25,000 പേരെ മാറ്റിപ്പാര്‍പ്പിച്ചതിനു പിന്നാലെ കാനഡയിലെ ടൂറിസ്റ്റ് കേന്ദ്രമായ ജാസ്പറില്‍ കെട്ടിടങ്ങള്‍ക്ക് തീപിടിച്ചു. ജാസ്പറിലെ ദേശീയോദ്യാനത്തിലേക്ക് പടർന്ന തീ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയെന്നാണ് അധികൃതര്‍ പറയുന്നത്.
ബ്രിട്ടീഷ് കൊളംബിയ വൈല്‍ഡ്ഫയര്‍ സര്‍വീസിൻ്റെ റിപ്പോര്‍ട്ട് പ്രകാരം, ഈ പ്രദേശത്ത് 58,000 മിന്നല്‍പ്പിണറുകളാണ് കഴിഞ്ഞ ആഴ്ച പതിച്ചത്. 1,900 അഗ്നിശമന സേനാംഗങ്ങളെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. അലാസ്‌ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ അഗ്നിശമന വിഭാഗങ്ങളുടെ സഹായവും ജാസ്പറില്‍ ലഭ്യമാക്കിയിട്ടുണ്ട്. ആല്‍ബര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി താപ തരംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രക്ഷാ പ്രവർത്തനങ്ങള്‍ക്കായി ഫെഡറല്‍ സഹായത്തിനു അനുമതി നല്‍കിയിട്ടുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. കഴിഞ്ഞ ആഴ്ച യുഎസിലെ കാലിഫോര്‍ണിയ, യൂട്ടാ എന്നിവിടങ്ങളിലും വന്‍ കാട്ടുതീയുണ്ടായിരുന്നു. ദേശീയ കാലാവസ്ഥ സര്‍വീസിൻ്റെ കണക്കുകള്‍ പ്രകാരം യുഎസില്‍ 30 മില്യണ്‍ ആളുകളെയാണ് താപ തരംഗം ബാധിച്ചിരിക്കുന്നത്.