കോഴിക്കോട് ചക്കിട്ടപ്പാറയിലെ വന്യജീവി പ്രശ്നത്തിൽ പഞ്ചായത്തിൻ്റെ നിയമപരമായ ഏത് നടപടിയും സ്വാഗതം ചെയ്യുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ഭരണഘടനാ സ്ഥാപനങ്ങളിൽ നിയമപരമായേ പഞ്ചായത്തിന് മുന്നോട്ട് പോകാനാവൂ. അതുകൊണ്ട് തന്നെ നിയമപരമായി അവർ പോകുന്നതിനെ പിന്തുണയ്ക്കുക തന്നെ ചെയ്യുമെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.
"പഞ്ചായത്തും മന്ത്രിയും വകുപ്പും എല്ലാം നിയമം പാലിക്കേണ്ടതുണ്ട്. ഇവർ വികാരപരമായാണ് ഈ നീക്കം നടത്തിയത്. കേന്ദ്ര വനനിയമത്തിൽ കാലാനുസൃതമായ ഭേദഗതി വേണമെന്ന ആവശ്യത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും നിയമപരമായി തന്നെ നീങ്ങണം. കോടതിയെ സമീപിച്ച് അവർ മുന്നോട്ടുപോകുന്നത് സ്വാഗതാർഹമാണ്," എ.കെ. ശശീന്ദ്രൻ പറഞ്ഞു.
നാട്ടിലിറങ്ങുന്ന എല്ലാ വന്യ ജീവികളെയും വെടിവെച്ചു കൊല്ലാനുള്ള നിലപാട് കഴിഞ്ഞ ദിവസം ചക്കിട്ടപ്പാറ പഞ്ചായത്ത് മയപ്പെടുത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം റദ്ദാക്കാൻ വനം വകുപ്പ് ശുപാർശ ചെയ്തതിനു പിന്നാലെയായിരുന്നു നിലപാട് മാറ്റം. വനം വകുപ്പ് നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
വെടിവെച്ച് കൊല്ലുന്നതിന് എതിരെയുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ വിയോജന കുറിപ്പ് സർക്കാരിലേക്ക് അയക്കും. സർക്കാർ നിലപാട് അറിഞ്ഞ ശേഷം മാത്രമായിരിക്കും തുടർ നടപടിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അറിയിച്ചിരുന്നു. കാട്ടുപന്നികളെ കൊല്ലാൻ ഉത്തരവിടുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാരം റദ്ദാക്കാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. ഈ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും പ്രസിഡൻ്റ് അറിയിച്ചു.
പ്രതിഷേധ സൂചകമായി ഈ മാസം 24ന് പെരുവണ്ണാമുഴി ഫോറസ്റ്റ് ഓഫീസ് പഞ്ചായത്ത് ഭരണ സമിതി ഉപരോധിക്കും. 19, 20, 21 തീയതികളിൽ പ്രത്യേക ഗ്രാമസഭ ചേരുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചിരുന്നു.