NEWSROOM

"കള്ളനെ പോലെ മെത്രാൻ പള്ളിയിൽ കയറി"; ബോസ്‌കോ പുത്തൂരിനെ കായികമായി നേരിടുമെന്ന് വിമത വിഭാഗം, സുരക്ഷയൊരുക്കുമെന്ന് പൊലീസ്

ബോസ്കോ പുത്തൂർ ആവശ്യപ്പെട്ട പ്രകാരം പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് എസിപി സി ജയകുമാർ ന്യൂസ് മലയാളത്തോട് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

സിറോ മലബാർ സഭാ തർക്കം നിലനിൽക്കെ വിമത വിഭാഗത്തിൻ്റെ എതിർപ്പ് അവഗണിച്ച് പുത്തൂർ പള്ളിയിൽ സ്ഥാനമേറ്റെടുത്ത മെത്രാൻ ബോസ്ക്കോ പുത്തൂരിനെ കായികമായി നേരിടുമെന്ന് വെല്ലുവിളിച്ച് വിമത വിഭാഗം. കള്ളനെ പോലെയാണ് മെത്രാൻ പള്ളിയിൽ കയറിയതെന്ന് വിമത വിഭാഗം വക്താവ് റിജൂ കാഞ്ഞൂകാരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഡീക്കൻമാരുടെ പ്രശ്നം പരിഹരിക്കാതെ മെത്രാനെ പള്ളിയിൽ കയറ്റില്ലെന്നായിരുന്നു വിമത വിഭാഗം പറഞ്ഞിരുന്നത്.

അതേസമയം, ബോസ്കോ പുത്തൂർ ആവശ്യപ്പെട്ട പ്രകാരം പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് എസിപി സി ജയകുമാർ ന്യൂസ് മലയാളത്തോട് പറഞ്ഞു. അതിക്രമിച്ച് കടക്കാൻ ശ്രമിച്ചാൽ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വിമതർക്കെതിരെ സഭാ നേതൃത്വം നടപടി കടുപ്പിച്ചിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപത കൂരിയായിൽ നിന്ന് വിമത വൈദികരെ ഒഴിവാക്കി. ഫാ. വർഗീസ് പൊട്ടക്കൽ, ഫാ. ആൻ്റണി പെരുമായെൻ എന്നിവരെയാണ് ചുമതലകളിൽ നിന്ന് നീക്കിയത്.

ഫാദർ ജേക്കബ് പാലക്കാപ്പിള്ളി എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ പ്രോട്ടോസിഞ്ചലൂസാകും. ഫാ. ജോഷി പുതുവയെ ചുമതലകളിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്. ഫാദർ ജോഷി പുതുവ പുതിയ ചാൻസലറാകും. വിമത വൈദികർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായിട്ടാണ് നേതൃതലത്തിലെ ഈ അഴിച്ചു പണിയെന്നാണ് സൂചന.

SCROLL FOR NEXT