NEWSROOM

വഖഫ് ബില്ലിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യും; പി.കെ. കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്ക്

കേസുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി നാളെ ചർച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

വഖഫ് ബില്ലിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. നിയമ ഭേദഗതിയിൽ ശക്തമായി എതിർപ്പ് അറിയിച്ചതാണെന്നും കേസുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി നാളെ ചർച്ച നടത്തുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. മുനമ്പം പ്രശ്നം സംസ്ഥാനത്ത് തന്നെ പരിഹരിക്കാൻ കഴിയും, പ്രശ്നം പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ പി.കെ. കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്ക് തിരിക്കും. നിയമനടപടികൾ ഏകോപിപ്പിക്കുകയാണ് ഉദ്ദേശം. കബിൽ സിബൽ അടക്കമുള്ള നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തും. ഇന്ന് ഉച്ചയോടെയാണ് കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്ക് തിരിക്കുന്നത്.

മലപ്പുറത്തിനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദപരാമർശത്തിന് ഒരു പിന്തുണയും കിട്ടിയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭൂമി കുലുങ്ങും എന്ന് കരുതിയുള്ള പരാമർശമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്രയും വൃത്തികെട്ട പ്രസ്താവന ചർച്ചയാക്കാൻ താല്പര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

SCROLL FOR NEXT