അസമിന് പിന്നാലെ ജാർഖണ്ഡിലും ദേശീയ പൗരത്വ രജിസ്റ്റർ(എൻആർസി) നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. മുഖ്യമന്ത്രി ഹേമന്ത് സോറൻ നുഴഞ്ഞുകയറ്റക്കാരെ അനുകൂലിക്കുകയാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം. നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് ഭൂമി സംരക്ഷിക്കുകയാണ് എൻആർസി നടപ്പാക്കുന്നതിന് പിന്നിലെ ലക്ഷ്യമെന്നും ബിജെപിയുടെ ജാർഖണ്ഡ് തെരഞ്ഞെടുപ്പിൻ്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പറഞ്ഞു.
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും, ജാർഖണ്ഡ് മുക്തി മോർച്ചയും(ജെഎംഎം) വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു ശിവരാജ് സിംഗ് ചൗഹാൻ്റെ ആരോപണം. വോട്ടിനായി അനധികൃത കുടിയേറ്റക്കാരെ അനുകൂലിക്കുകയാണ് ജെഎംഎം. ഇത് അനുവദിക്കാനാകില്ല. ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ എൻആർസി നടപ്പാക്കാനാണ് തീരുമാനം. 'റൊട്ടി, മാട്ടി ഔർ ബേട്ടി' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. ബിജെപിയുടെ പ്രകടന പത്രിക ഉടനെ പുറത്തിറക്കുമെന്നും ജാർഖണ്ഡിനെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് ഇനി വരാനിരിക്കുന്നതെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
ALSO READ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഉത്തരാഖണ്ഡ് സർക്കാർ; അവസാനഘട്ട നടപടികൾ പൂർത്തിയായി
സന്താൾ മേഖലയിലെ ആദിവാസി ജനസംഖ്യ 44% ആയിരുന്നു. ഇപ്പോൾ അത് 28% ആയി കുറഞ്ഞു. നുഴഞ്ഞുകയറ്റക്കാർ കൂടിയത് ജനസംഖ്യയെ സാരമായി ബാധിച്ചെന്നും മുസ്ലീം വിഭാഗത്തെ പരാമർശിച്ച് കേന്ദ്രമന്ത്രി ചൗഹാൻ പറഞ്ഞു. ജെഎംഎം സർക്കാരിന്റെ കാലാവധി 2025 ജനുവരിയിൽ അവസാനിക്കുകയാണ്. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.