ലൈംഗിക പീഡന കേസിൽ പ്രതിയായ കൊല്ലം എംഎൽഎ മുകേഷിൻ്റെ രാജിക്കായി മുന്നണിക്കുള്ളിൽ നിന്നടക്കം സമ്മർദം ശക്തമാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. സമാന കേസുകളിൽ പ്രതികളായ രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജി വെച്ചിട്ടില്ലെന്നും, അതുകൊണ്ട് മുകേഷിൻ്റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎം നിലപാട്. മുകേഷ് രാജിവക്കുന്നതാണ് ഉചിതമെന്ന സിപിഐ നിലപാട് സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്യും. നാളെ സിപിഎം സംസ്ഥാന സമിതി യോഗവും ചേരുന്നുണ്ട്.
മുകേഷിനെതിരായ ആരോപണം ഉയർന്ന വന്നതു മുതൽ എംഎൽഎ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ധാർമികത മുൻനിർത്തി മുകേഷ് മാറിനിൽക്കണമെന്ന സിപിഐ നിലപാട് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് ചേരുന്ന യോഗത്തിൽ എന്ത് തീരുമാനം സ്വീകരിക്കുമെന്നത് ഏറെ നിർണായകമാണ്.
അതേസമയം, എംഎൽഎ മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. മഹിളാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഇന്ന് കൊല്ലം ജില്ലയിലെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും. വനിതാ കൂട്ടായ്മ വിമൺ കളക്ടീവും മാർച്ച് നടത്തും. മുകേഷിൻ്റെ പട്ടത്താനത്തെ വീട്ടിലേക്ക് ബിജെപിയും പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.