NEWSROOM

ഡൊണാൾഡ് ട്രംപിൻ്റെ രണ്ടാം വരവ് യൂറോപ്പിന് ദുരന്തമാകുമോ?

ട്രംപിന്റെ "അമേരിക്ക ഫസ്റ്റ്" നയം മുതൽ, ആഗോള കാര്യങ്ങളോടുള്ള അദ്ദേഹത്തിൻ്റെ സമീപനം വരെ സാമ്പത്തികമായും രാഷ്ട്രീയമായും തന്ത്രപരമായും യൂറോപ്പിന് തിരിച്ചടിയാകും

Author : ന്യൂസ് ഡെസ്ക്

ഡൊണാൾഡ് ട്രംപിൻ്റെ കീഴിൽ യൂറോപ്-യുഎസ് ബന്ധം എത്രകണ്ട് അഭിവൃദ്ധിപ്പെടുമെന്നുള്ളത് ഒരു വലിയ ചോദ്യമാണ്. റിപ്പബ്ലിക്കൻ പ്രസിഡന്റിന്റെ തിരിച്ചുവരവിനെ അത്ര എളുപ്പത്തിൽ ഉൾകൊള്ളാൻ യൂറോപ്പിന് കഴിയില്ല എന്നതും വസ്തുതയാണ്. എന്നാൽ എന്താകും ട്രംപിൻ്റെ യുഎസ് തെരഞ്ഞെടുപ്പ് വിജയത്തിൽ യൂറോപ്പിന് ഭയക്കാൻ ഉള്ളത്?. ട്രംപിന്റെ "അമേരിക്ക ഫസ്റ്റ്" നയം മുതൽ, ആഗോള കാര്യങ്ങളോടുള്ള അദ്ദേഹത്തിൻ്റെ സമീപനം വരെ സാമ്പത്തികമായും രാഷ്ട്രീയമായും തന്ത്രപരമായും യൂറോപ്പിന് തിരിച്ചടിയാകും. നാറ്റോ സഖ്യത്തിനുള്ള പിന്തുണ വെട്ടിക്കുറയ്ക്കൽ, ട്രാൻസ്അറ്റ്ലാന്റിക് ട്രേഡ് വാർ, യുഎസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ യൂറോപ്യൻ നിയന്ത്രണത്തെച്ചൊല്ലിയുള്ള പോരാട്ടം, എഐ, ക്രിപ്‌റ്റോകറൻസികൾ എന്നിവയിന്മേലുള്ള നയങ്ങളും ട്രംപിൻ്റെ രണ്ടാം പ്രസിഡൻസിയിൽ യൂറോപ് നേരിട്ടേക്കാവുന്ന പ്രശ്നങ്ങളിൽ പ്രധാനമാണ്.

യുറോപ്പില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് പത്ത് ശതമാനം മുതല്‍ താരിഫ് വര്‍ധന ട്രംപിന്റെ അജണ്ടയിലുള്ള പ്രധാന നയമാണ്. ഇത് അമേരിക്ക ഫസ്റ്റ് നയം തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമാണ്. ബെയ്ജിംഗുമായുള്ള സാമ്പത്തിക ബന്ധം വെട്ടിക്കുറയ്ക്കാൻ വാഷിംഗ്ടണിൽ നിന്നുള്ള കടുത്ത സമ്മർദ്ദം നേരിടുന്ന സമയത്ത് തന്നെയാണ് യൂറോപ്പിൽ നിന്നുള്ള സാധങ്ങൾക്ക് താരിഫ് ചുമത്തുമെന്ന പ്രഖ്യാപനവും വരുന്നത്. കൂടാതെ അമേരിക്ക-ചൈന വ്യാപാര സംഘർഷം രൂക്ഷമാകുന്ന സാഹചര്യങ്ങളും യൂറോപ്പിന് വെല്ലുവിളിയാകാൻ സാധ്യതയേറെയാണ്.

നിക്ഷേപത്തിലും ഉൽപ്പാദനക്ഷമതയിലും നവീകരണത്തിലും യുഎസിനും ചൈനയ്ക്കും പിന്നിലാണ് യൂറോപ്യൻ സമ്പദ്‌വ്യവസ്ഥ. ഒരു റിപ്പബ്ലിക്കൻ ഭരണകൂടം എല്ലാ യൂറോപ്യൻ ഉൽപ്പന്നങ്ങൾക്കും ഉയർന്ന താരിഫ് ഏർപ്പെടുത്തി മുന്നോട്ട് പോകുകയാണെങ്കിൽ പൊതുതാൽപ്പര്യങ്ങൾ സംരക്ഷിച്ച് മുന്നോട്ട് പോകാൻ യൂറോപ്യൻ രാജ്യങ്ങൾക്ക് കഴിയുമോ എന്നതും വ്യക്തമല്ല. അതേസമയം ജിയോപൊളിറ്റിക്കൽ ഔട്ട്സോഴ്സിങിന്റെ യുഗം അവസാനിച്ചതായും, യൂറോപ്പ് സ്വന്തം ശക്തിയിൽ വളരുകയും വിശ്വസിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പോളിഷ് പ്രധാനമന്ത്രി ഡോണാൾഡ് ടസ്ക് ആവശ്യപ്പെട്ടിരുന്നു. ട്രംപിൻ്റെ വിജയം യൂറോപ്യന്മാരെ അവരുടെ പ്രതിരോധത്തിനായി കൂടുതൽ കൂട്ടായി പ്രവർത്തിക്കാനും, നാറ്റോയുടെ ശക്തമായ യൂറോപ്യൻ പില്ലർ കെട്ടിപ്പടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രപരമായി, ട്രംപിൻ്റെ വിജയം നാറ്റോയുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിലേക്കാണ് വിരൽ ചൂണ്ടുക. ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ പ്രതിരോധച്ചെലവിൽ വേണ്ടത്ര പണം നൽകാത്ത നാറ്റോ സഖ്യകക്ഷികളുമായി ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ റഷ്യ പ്രോത്സാഹിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. റഷ്യൻ ആക്രമണത്തിനെതിരെ യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിരോധത്തിനും താൻ വരില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം ട്രംപിൻ്റെ ആദ്യ ടേമിലെ കടുത്ത സമീപനങ്ങൾ യൂറോപ്യൻ സഖ്യകക്ഷികളെ പ്രതിരോധച്ചെലവ് വർധിപ്പിക്കുന്നതിലേക്ക് എത്തിച്ചുവെന്നാണ് ട്രംപിൻ്റെ അനുയായികൾ അവകാശപ്പെടുന്നത്.

യൂറോപ്പിൻ്റെ ആഭ്യന്തര രാഷ്ട്രീയത്തിലും ട്രംപിൻ്റെ രണ്ടാം പ്രസിഡൻസി ദോഷകരമായേക്കാം എന്ന വിലയിരുത്തലുകളുമുണ്ട്. മുഖ്യധാരാ യൂറോപ്യൻ യാഥാസ്ഥിതികരെ വലത്തേക്ക് കൊണ്ടുപോകാൻ ട്രംപിന് കഴിയുമെന്നാണ് നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. കൂടാതെ കുടിയേറ്റവും ലിംഗ പ്രശ്‌നങ്ങളും, യൂറോപ്പിൻ്റെ ലിബറൽ മൂല്യങ്ങളെ ദുർബലപ്പെടുത്തുമെന്നും വിലയിരുത്തലുകൾ ഉണ്ട്. എന്തിരുന്നാലും ട്രംപിന്റെ തിരിച്ചുവരവ് യൂറോപ്പിനെ സംബന്ധിച്ച് വിനാശകരമാകാം എന്നുപോലും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

SCROLL FOR NEXT