ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് കേരളം നോക്കിക്കാണുന്നത്. കേന്ദ്ര ധനമന്ത്രി ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലും റയിൽവെ ബജറ്റിലും അമിത പ്രതീക്ഷ ഇല്ലെങ്കിലും പ്രതീക്ഷ ഉണ്ടെന്നാണ് കേരളത്തിൽ നിന്നുള്ള 19 എംപിമാരും പറയുന്നത്.
എയിംസിലും, റെയിൽവേ വികസനത്തിലും റോഡ് വികസനത്തിലും ഇത്തവണ തീരുമാനം ഉണ്ടാകുമെന്നുതന്നെയാണ് കേരളത്തിലെ എംപിമാരും പറയുന്നത്. കേരളത്തിൽ എയിംസ്, പ്രത്യേക റെയിൽവേ സോൺ, മൂന്നാം റെയിൽ പാത, അങ്കമാലി ശബരിപാത, തലശ്ശേരി മൈസൂർ റെയിൽപാത, ശബരിമല ഹൈവേ തുടങ്ങിയ കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ പ്രഖ്യാപനമുണ്ടാകുമെന്നും എംപിമാർ പറയുന്നു.
ബജറ്റ് ദേശീയ തലത്തിലാണെങ്കിലും തൻ്റെ മണ്ഡലത്തിലെ ആവശ്യങ്ങളിൽ പ്രതീക്ഷ ഉണ്ടെന്നാണ് എൻ.കെ. പ്രേമചന്ദ്രൻ എംപി പറയുന്നത്. കേരളത്തിൻ്റെ പൊതുതാൽപര്യത്തിന് മുൻതൂക്കം നൽകുമ്പോൾ തന്നെ വ്യവസായ ഇടനാഴി പ്രാവർത്തികമാക്കപ്പെട്ടാൽ ആലൂത്തിരിന് ഗുണം ലഭിക്കുമെന്ന പ്രതീക്ഷ തന്നെയാണ് കെ. രാധാകൃഷണൻ എംപിക്കും പങ്കുവെയ്ക്കാനുള്ളത്.
അതേസമയം, റബർകർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരവും മലയോര പാതയുമാണ് പത്തനംതിട്ട എംപി ആൻ്റോ ആന്റണിയുടെ പ്രതീക്ഷ. എന്തായാലും നരേന്ദ്രമോദി സർക്കാരിൻ്റെ മുന്നാം ഊഴത്തിലെ രണ്ടാം ബജറ്റ് കേരളം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.