പുല്‍ കോര്‍ട്ട് ടെന്നീസില്‍ ഇനി പുതിയ റാണി. വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ അമാന്‍ഡ അനിസിമോവയെ തകര്‍ത്ത് പോളണ്ടിന്റെ ഇഗ സ്വിടെകിന് കിരീടം. സെൻ്റർ കോര്‍ട്ടില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ഒരു പോയിന്റ് പോലും അമാന്‍ഡയ്ക്ക് വിട്ടുകൊടുക്കാതെയാണ് ഇഗയുടെ ആധികാരിക ജയം.
അതല്ലെങ്കില്‍, ഇഗയ്ക്ക് മുന്നില്‍ ഒരു ഗെയിം പോലും നേടാനാകാതെ അമാന്‍ഡ അടിയറവ് പറഞ്ഞുവെന്നു കൂടി വായിക്കാം. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം അരീന സെബലെങ്കയെ അട്ടിമറിച്ച് തകര്‍പ്പന്‍ ഫോമില്‍ എത്തിയ അമാന്‍ഡ ഇഗയ്ക്ക് മുന്നില്‍ പ്രഭാവം നഷ്ടപ്പെട്ട് ഇല്ലാതാകുന്ന കാഴ്ചയാണ് സെന്‍ട്രല്‍ കോര്‍ട്ടില്‍ കാണികള്‍ കണ്ടത്. 6-0, 6-0 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇഗയുടെ ജയം.
കിരീട നേടത്തോടെ, ചില ചരിത്രം കൂടിയാണ് ഇഗ ഇന്ന് എഴുതിച്ചേര്‍ത്തത്. ഓപ്പണ്‍ യുഗത്തില്‍ വിംബിള്‍ഡണ്‍ ഫൈനലില്‍ ഒരു താരത്തിന്റെ ഡബിള്‍ ബാഗല്‍ (6-0, 6-0) വിജയമാണിത്. മാത്രമല്ല, 1911 നു ശേഷം ആദ്യമായാണ് ടൂര്‍ണമെന്റില്‍ ഇത് സംഭവിക്കുന്നത്. അതേസമയം, ഓപ്പണ്‍ കാലഘട്ടത്തില്‍ വിംബിള്‍ഡണ്‍ ഫൈനലില്‍ ഒരു ഗെയിം പോലും നേടാനാകാതെ തോല്‍ക്കുന്ന ആദ്യ താരമായി അമാന്‍ഡയും മാറി. 1988 ല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ സ്റ്റെഫി ഗ്രാഫ് നതാഷ സ്വെരേവയെ പരാജയപ്പെടുത്തിയതാണ് ഇതിന് മുമ്പ് ഇങ്ങനെയൊരു വിജയമുണ്ടായത്.
കരിയറിലെ ആദ്യ വിംബിള്‍ഡണ്‍ കിരീട നേട്ടത്തോടെ നേട്ടം കൈവരിക്കുന്ന ആദ്യ പോളിഷ് താരമെന്ന ഖ്യാതിയും ഇഗയ്ക്ക് സ്വന്തം. ഇഗയുടെ ആറാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടമാണിത്. ഇനി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം മാത്രമാണ് ഇഗയ്ക്ക് മുന്നില്‍ നേടാനായുള്ളത്.
വെറും 57 മിനുട്ടിലായിരുന്നു ഇഗയുടെ ജയം. മത്സരത്തിലുടനീളം എട്ടാം സീഡായ ഇഗയുടെ സര്‍വാധിപത്യമാണ് കണ്ടത്. 13ാം സീഡായ അമാന്‍ഡയുടെ തുടര്‍ച്ചയായ പിഴവുകളും. ഇഗയ്ക്ക് യാതൊരു വെല്ലുവിളി ഉയര്‍ത്താനും അമാന്‍ഡയ്ക്ക് ആയില്ല. അനിസിമോവയുടെ 28 അണ്‍ഫോഴ്സ്ഡ് പിഴവുകള്‍ ഇഗയുടെ വിജയം അനായാസമാക്കി. ആകെ പോയിന്റില്‍ 55-24 എന്ന അമ്പരപ്പിക്കുന്ന ലീഡോടെയാണ് മത്സരം അവസാനിച്ചത്.