സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നവംബർ 13 ന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ് കേരളം. വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. വോട്ടെണ്ണൽ നവംബർ 23ന് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതോടെ പ്രധാന മുന്നണികളെല്ലാം തന്നെ തെരഞ്ഞെടുപ്പ് അങ്കത്തിനായി ഒരുങ്ങിക്കഴിഞ്ഞു.
വയനാട് സീറ്റ് രാഹുൽഗാന്ധി ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പാലക്കാട്ടെ കോൺഗ്രസ് എംഎൽഎയായിരുന്ന ഷാഫി പറമ്പിലും ചേലക്കര എംഎല്‍എയായിരുന്നു കെ. രാധാകൃഷ്ണനും എംപിമാരായതിനെ തുടർന്നാണ് ഇരുമണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. യുഡിഎഫിനെ സംബന്ധിച്ച് വയനാടും പാലക്കാടും സിറ്റിംഗ് സീറ്റാണ്. അതുകൊണ്ട് തന്നെ സീറ്റ് നിലനിർത്താനുള്ള തന്ത്രങ്ങൾ തന്നെയാകും കോൺഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ട. എൽഡിഎഫിലും സ്ഥിതി വ്യത്യസ്തമല്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ചേലക്കര നിലനിർത്തുക എന്നത് മുന്നണിയുടെ അഭിമാന പ്രശ്നമാണ്. . അതേസമയം 'തൃശൂർ മോഡൽ' പരീക്ഷിക്കാനാകും ബിജെപി ശ്രമിക്കുക.
പാലക്കാട്ടെ പ്രധാന പാർട്ടികളുടെ സ്ഥാനാർഥി സാധ്യതാപട്ടികയിൽ പോരാട്ടം മുറുകുമെന്ന ചിത്രം തന്നെയാണ് കാണാൻ കഴിയുന്നത്. എൽഡിഎഫ് സ്ഥാനാർഥിയായി ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ. ബിനുമോൾക്കാണ് മുൻഗണന കൂടുതൽ. കൂടാതെ മുൻ എംഎൽഎ ടി.കെ. നൗഷാദ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി. വസീഫ് എന്നിവരും സാധ്യതാപട്ടികയിലുണ്ട്. യുഡിഎഫ് സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തില്‍ വരുമെന്നാണ് സൂചനകള്‍. കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം, കെപിസിസി സോഷ്യൽ മീഡിയസെൽ, സംസ്ഥാന കോ- ഓർഡിനേറ്റർ പി. സരിൻ എന്നിവർക്കും മുൻഗണയുണ്ട്.
തൃശൂർ മോഡൽ വിജയം പാലക്കാടും സ്വന്തമാക്കുമെന്ന ഉറപ്പിലാണ് എൻഡിഎയും തെരഞ്ഞെടുപ്പിനെ കാണുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിനെ വീണ്ടും രംഗത്തിറക്കിയേക്കുമെന്നാണ് സൂചന. കൂടാതെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവരും എൻഡിഎ സ്ഥാനാർഥി സാധ്യതാപട്ടികയിൽ ഇടംനേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചേലക്കരയില്‍ മുന്‍ എംഎല്‍എ യു.ആര്‍. പ്രദീപിനെ ഇറക്കാനായിരിക്കും എല്‍ഡിഫ് നീക്കം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രദീപിന്‍റെ പേരായിരുന്നു ഉയര്‍ന്നു കേട്ടിരുന്നത്. യുഡിഎഫ് ആകട്ടെ, ആലത്തൂര്‍ മുന്‍ എംപി രമ്യ ഹരിദാസിനെ കളത്തിലിറക്കാനാണ് ശ്രമിക്കുന്നത്. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര രമ്യ ഹരിദാസും മത്സരിക്കുമെന്ന സൂചനകള്‍ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ നല്‍കിയിരുന്നു.
അതേസമയം 2024 ൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ - 52779 വോട്ടുകൾ നേടിയാണ് വിജയിച്ചത്. എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാറിന് - 43072 വോട്ടുകൾ, എൽഡിഎഫ് സ്ഥാനാർഥി എ വിജയരാഘവന്- 34640 വോട്ടുകളുമാണ് ലഭിച്ചത്.
ALSO READ: "ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ യാഥാർഥ്യ വിരുദ്ധം, അംഗീകരിക്കാനാവില്ല,": ജയറാം രമേശ്
2021 ൽ പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ലഭിച്ചത് 54079 വോട്ടുകളാണ്. രണ്ടാം സ്ഥാനത്തെത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി ഇ. ശ്രീധരനെ അപേക്ഷിച്ച് 3859 വോട്ടിന്റെ ഭൂരിപക്ഷമാണ് ഷാഫി പറമ്പിലിന് ലഭിച്ചത്. എൻഡിഎ സ്ഥാനാർഥി ഇ. ശ്രീധരന് - 50220 എൽഡിഎഫ് സ്ഥാനാർഥി സി. പി. പ്രമോദിന് - 36433 എന്നിങ്ങനെയായിരുന്നു വോട്ട് നില.
വയനാടും സമാന സ്ഥിതിയാണുള്ളത്. സിറ്റിംഗ് സീറ്റുകൂടിയായ വയനാട് കൈവിട്ട് കളയാതിരിക്കുകയാണ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാന ലക്ഷ്യം. പ്രിയങ്കാ ഗാന്ധിയുടെ പേര് തന്നെയാണ് വയനാട്ടിൽ ഉയർന്നു കേൾക്കുന്നത്. അതേസമയം, സിപിഐക്ക് തന്നെയാകും ഇത്തവണ എൽഡിഎഫ് സീറ്റ് നൽകുക. ഇരുമുന്നണികളിലെയും സ്ഥാനാർഥികളെ മുന്നിൽ കണ്ട് ഒത്ത ഒരു പോരാളിയെ കളത്തിൽ ഇറക്കാൻ തന്നെയാകും എൻഡിഎയും ശ്രമിക്കുക.