NEWSROOM

കുണ്ടറയിൽ സ്ത്രീധനം ചോദിച്ച് നവവധുവിന് ക്രൂരപീഡനം; ഭർത്താവിൻ്റെ ഭീഷണി ശബ്ദസന്ദേശം പുറത്ത്

ഭര്‍ത്താവ് പേരയം സ്വദേശി നിതിനെതിരെ കുണ്ടറ പൊലീസ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു

Author : ന്യൂസ് ഡെസ്ക്

കൊല്ലം കുണ്ടറയില്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഏഴ് ദിവസം മുൻപ് വിവാഹം കഴിഞ്ഞ യുവതിക്കാണ് ക്രൂര മർദനമേറ്റത്. ഭര്‍ത്താവ് പേരയം സ്വദേശി നിതിനെതിരെ കുണ്ടറ പൊലീസ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു. നിതിൻ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം ന്യൂസ് മലയാളത്തിന് ലഭിച്ചു.

കഴിഞ്ഞ മാസം 25നാണ് പേരയം സ്വദേശിയായ നിതിനും നാന്തിരിക്കൽ സ്വദേശിയായ ഇരുപത്തിയൊന്‍പതുകാരിയും തമ്മില്‍ വിവാഹം നടന്നത്. പത്ത് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇരുപത് പവന്‍ സ്വര്‍ണാഭരണം യുവതിയുടെ വീട്ടുകാർ നൽകിയിരുന്നു. വിവാഹശേഷം നാലാം നാൾ സ്വര്‍ണാഭരണം എവിടെയെന്ന് ഭര്‍ത്താവ് നിതിന്‍ ചോദിച്ചു. പണയം വെച്ചെന്ന യുവതിയുടെ മറുപടി കേട്ട നിതിൻ, കിടപ്പുമുറിയില്‍ വെച്ച് ക്രൂരമായി മര്‍‌ദ്ദിച്ചെന്നാണ് പരാതി. മർദനത്തിൻ്റെ പാടുകൾ യുവതിയുടെ ശരീരത്തിലുണ്ട്.

പത്തനംതിട്ട കൊടുമണ്ണില്‍ ബിവറേജസ് മദ്യശാലയിലെ ജീവനക്കാരനാണ് നിതിൻ. അതേസമയം, സ്ത്രീധനം ആവശ്യപ്പെട്ടെന്നുള്ള പരാതി വ്യാജമാണെന്ന് നിതിൻ്റെ കുടുംബം വ്യക്തമാക്കി. യുവതി നിതിനെ അക്രമിച്ചതായും ആരോപണമുണ്ട്. യുവതിയുടെ പരാതിയിൽ ഗാര്‍ഹിക പീഡനത്തിന് നിതിനെതിരെ കേസെടുത്തതായി കുണ്ടറ പൊലീസ് അറിയിച്ചു.

SCROLL FOR NEXT