NEWSROOM

വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം: പ്രസവമെടുക്കാൻ സഹായിച്ച സ്ത്രീ പൊലീസ് കസ്റ്റഡിയിൽ

പ്രസവമെടുക്കാൻ സഹായിച്ച ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച പെരുമ്പാവൂർ അറയ്ക്കപ്പടി സ്വദേശിനി അസ്മ മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പ്രസവമെടുക്കാൻ സഹായിച്ച ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സംഭവത്തിൽ യുവതിയുടെ ഭർത്താവ് സിറാജുദീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തതതാണ്.

മലപ്പുറം ചട്ടിപറമ്പിലെ വാടകവീട്ടില്‍ നടന്ന പ്രസവത്തിലാണ് ആലപ്പുഴ സ്വദേശി സിറാജുദീന്റെ ഭാര്യ അസ്മ അമിത രക്തസ്രാവം മൂലം മരിച്ചത്. മൃതദേഹം അസ്മയുടെ പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചപ്പോള്‍ ബന്ധുക്കള്‍ സംശയം പ്രകടിപിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലാണ് അമിത രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തിയത്.അസ്മയുടെ നവജാത ശിശു പെരുമ്പാവൂരില്‍ ചികിത്സയിൽ തുടരുകയാണ്.


നേരത്തെ നടന്ന നാല് പ്രസവങ്ങളിൽ രണ്ടും വീട്ടില്‍ വെച്ചായിരുന്നു എന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രസവത്തിന് സഹായിച്ചവരെയും കൂട്ടു നിന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും എസ്പി പറഞ്ഞു. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് പെരുമ്പാവൂരിലേക്ക് വിളിച്ചതെന്ന് മൃതദേഹം കൊണ്ടുപോയ പെരിന്തല്‍മണ്ണയിലെ ആംബുലന്‍സ് ഡ്രൈവര്‍ അനിലും മൊഴി നല്‍കിയിരുന്നു.



മൃതദേഹം തുണിയിലും പായയിലും പൊതിഞ്ഞ നിലയിൽ ആയിരുന്നു. സിറാജുദ്ദീന്റെ സുഹൃത്ത് ആണ് ആംബുലൻസിൽ ഒപ്പം കയറിയത്. കൂടെ നവജാത കുഞ്ഞുമായി കാറിൽ സ്ത്രീകൾ ഉൾപ്പെടെ ആംബുലൻസിനെ അനുഗമിക്കുകയും ചെയ്തു. കുഞ്ഞ് കൂടെ ഉള്ള സ്ത്രീയുടേത് ആണെന്ന് തെറ്റിദ്ധരിച്ചുവെന്നും ഡ്രൈവർ വെളിപ്പെടുത്തി. പുലർച്ചെ മൂന്ന് മണിക്കാണ് മൃതദേഹം ആംബുലൻസിൽ കയറ്റിയത്. പെരുമ്പാവൂരിലെ യുവതിയുടെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം മനസ്സിലായത് എന്നും ആംബുലൻസ് ഡ്രൈവർ അനിൽ വ്യക്തമാക്കിയിരുന്നു.



സിറാജുദിൻ്റേത് ആത്മീയ അന്ധവിശ്വാസം, അശാസ്ത്രീയ ചികിത്സ, വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതുള്‍പ്പെടെയുള്ള ശാസ്ത്രവിരുദ്ധ പ്രചരണമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഏഴാം ക്ലാസ് വരെ മാത്രം ഔപചാരിക വിദ്യാഭ്യാസമുള്ള സിറാജുദീന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ ആത്മീയ പ്രഭാഷണം നടത്തി നിരവധി അനുയായികളെയും നേടിയിട്ടുണ്ട്. യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.

SCROLL FOR NEXT