NEWSROOM

കോഴിക്കോട് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് ചാടിയ യുവതിക്ക് പരിക്ക്; ലോഡ്ജ് ഉടമയടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്

ഹോട്ടല്‍ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാന്‍ ശ്രിച്ചതെന്ന് യുവതി മൊഴിനല്‍കി.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് ചാടിയ യുവതിക്ക് പരിക്ക്.ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അതിക്രമം. സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിക്കാണ് പരിക്കു പറ്റിയത്. ഹോട്ടല്‍ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാന്‍ ശ്രിച്ചതെന്ന് യുവതി മൊഴിനല്‍കി.

ഹോട്ടലിലെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് പെണ്‍കുട്ടി താഴേക്ക് ചാടിയത്. വീഴ്ചയില്‍ നട്ടെല്ലിന് പരിക്കേറ്റ പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൂന്ന് പേര്‍ക്കെതിരെയാണ് കേസ്. ഹോട്ടല്‍ ഉടമ ദേവദാസ്, ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. അതിക്രമിച്ചു കടക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

പ്രതികളുടെ ബന്ധുക്കളും മറ്റും കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് കുടുംബം വെളിപ്പെടുത്തി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതിനാലാണ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നതെന്നും കുടുംബം ആരോപിച്ചു.

ആദ്യം കോഴിക്കോട് മുക്കത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയെ പ്രവേശിപ്പിച്ചിരുന്നത്. യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് പ്രതികളാണ്. പിന്നാലെ പ്രതികള്‍ ആശുപത്രിയില്‍ നിന്ന് കടന്നു കളയുകയായിരുന്നു.

SCROLL FOR NEXT