NEWSROOM

'എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ തൊഴിലിടം'; #CINEMACODEOFCONDUCT സിനിമ പെരുമാറ്റച്ചട്ടവുമായി WCC

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ മലയാള സിനിമ വ്യവസായത്തെ പുനര്‍നിര്‍മിക്കുന്നതിന് ചില പുതിയ നിര്‍ദേശങ്ങളുടെ പരമ്പര ആരംഭിക്കുന്നുവെന്ന് ഡബ്ല്യൂസിസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

മലയാള സിനിമ വ്യവസായത്തില്‍ പുതിയ സിനിമ പെരുമാറ്റച്ചട്ടം നിര്‍ദേശിച്ച് ഡബ്ല്യൂസിസി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയില്‍ മലയാള സിനിമ വ്യവസായത്തെ പുനര്‍നിര്‍മിക്കുന്നതിന് ചില പുതിയ നിര്‍ദേശങ്ങളുടെ പരമ്പര ആരംഭിക്കുന്നുവെന്ന് ഡബ്ല്യൂസിസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ഇൻഡസ്‌ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നു. മലയാള സിനിമ
വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടമായിരിക്കും ഇതെന്നും ഡബ്ല്യൂസിസി പറഞ്ഞു. കുടുതല്‍ വിശദാംശങ്ങള്‍ കൂട്ടായ്മ വൈകാതെ പുറത്തുവിടും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ മുന്‍നിര്‍ത്തിയുള്ള പെരുമാറ്റച്ചട്ടമാകും ഡബ്ല്യൂസിസി വിഭാവനം ചെയ്യുന്നത് എന്നാണ് സൂചന. നടിമാരുടെ വേതനം, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളുടെ അഭാവം, കാസ്റ്റിങ് കൗച്ച് തുടങ്ങിയ പ്രശ്നങ്ങള്‍ ഇതില്‍ പ്രതിപാദിച്ചേക്കും.

മലയാള സിനിമ സെറ്റുകള്‍ സ്ത്രീസൗഹൃദമല്ലെന്നും നടിമാര്‍ ലൈംഗികാതിക്രമത്തിന് ഇരകളായിട്ടുണ്ട് തുടങ്ങിയ ഗുരുതര വിഷയങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 

SCROLL FOR NEXT