കാസർഗോഡ് ഭർത്താവ് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതിനെത്തുടർന്ന് 21കാരിയായ യുവതി കോടതിയെ സമീപിച്ചു. ഭർത്താവിനും കുടുംബത്തിനുമെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്. ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലാണ് യുവതി ഹർജി നൽകിയത്. വിവാഹസമയത്ത് നൽകിയ 20 പവൻ സ്വർണം തിരികെ നൽകണമെന്നും ജീവനാംശം നൽകണമെന്നും യുവതി ആവശ്യപ്പെട്ടു.
ALSO READ: "വിദേശത്തുള്ള ഭർത്താവ് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി"; പരാതിയുമായി കാസർഗോഡ് സ്വദേശിനിയായ 21കാരി
ഭർതൃ വീട്ടിൽ അനുഭവിച്ച പീഡനത്തിന് നഷ്ട പരിഹാരം വേണമെന്നും യുവതി കോടതിയെ അറിയിച്ചു. പൊലീസ് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും. വിദേശത്തുള്ള നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖിനെതിരെ ആരോപണവുമായി യുവതി രംഗത്തെത്തിയത്. ഫെബ്രുവരി 21 നായിരുന്നു ഭർത്താവ് അബ്ദുൾ റസാഖ് പെൺകുട്ടിയുടെ പിതാവിൻ്റെ മൊബൈൽ ഫോണിലേക്ക് മുത്തലാഖ് ചൊല്ലി വാട്സ്ആപ് സന്ദേശം അയച്ചത്. മൂന്നു കൊല്ലമായി സഹിക്കുന്നു, നിങ്ങളുടെ മോളെ ഇനി വേണ്ട, ഇതായിരുന്നു യുവാവിൻ്റെ വാട്സആപ്പ് സന്ദേശം. ശേഷം മൂന്ന് തലാഖ് ചൊല്ലി നിങ്ങളുടെ മോളെ വേണ്ട എന്നും സന്ദേശത്തിൽ പറയുന്നു.
2022 ഓഗസ്റ്റ് എട്ടിനായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ്സ ആറുമാസത്തിനുശേഷം സ്ത്രീധനം പോരെന്നു പറഞ്ഞ് ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചിരുന്നെന്നും യുവതി ആരോപിച്ചു. വിവാഹസമയത്തുണ്ടായിരുന്ന 20 പവൻ ആഭരണങ്ങൾ ഭർത്താവ് വിറ്റുവെന്നും പരാതിയിൽ പറയുന്നു. വിവാഹനിശ്ചയ സമയത്ത് 50 പവൻ സ്വർണം വേണമെന്ന് അബ്ദുൾ റസാഖ് ആവശ്യപ്പെട്ടിരുന്നു. ബാക്കി സ്വർണം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഭർതൃവീട്ടുകാർ നിരന്തരമായി പീഡിപ്പിച്ചതെന്നും പരാതിയിലുണ്ട്.