തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ യുവതി ജീവനൊടുക്കിയത് അപവാദ പ്രചരണം മൂലമാണെന്ന പരാതിയുമായി കുടുംബം. മരിച്ച പ്രവീണയുടെ അയൽവാസികളായ യുവാക്കൾ അശ്ലീലച്ചുവയോടെ പെരുമാറിയതും അപവാദ പ്രചാരണം നടത്തിയതുമാണ് മകളുടെ മരണത്തിന് കാരണമെന്ന് പിതാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് മരിക്കുന്നതിന് മുമ്പ് പ്രവീണ നൽകിയ പരാതി പൊലീസ് അന്വേഷിച്ചില്ലെന്നും ആക്ഷേപമുണ്ട്.
ALSO READ: പൊതുജനത്തെ വലച്ച് KSRTC പണിമുടക്ക്, 50% ജീവനക്കാർ ജോലിക്കെത്തില്ല; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
തിങ്കളാഴ്ചയാണ് വെഞ്ഞാറമൂട് സ്വദേശി പ്രവീണയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവീണയെ ചിലർ ശല്യം ചെയ്തിരുന്നതായി കുടുംബം പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. അയൽവാസിയായ അശ്വിന്‍ വാട്ട്സാപ്പിൽ അശ്ലീല സന്ദേശമയക്കുകയും സുഹൃത്തുമായി ചേർന്ന് പ്രവീണക്കെതിരെ അപവാദ പ്രചരണം നടത്തുകയും ചെയ്തെന്നാണ് പരാതി. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ബൈക്കിടിച്ച് പ്രവീണയ്ക്ക് പരിക്കേറ്റിരുന്നു. ഈ അപകടത്തിൽ ഉൾപ്പടെ ദുരൂഹത സംശയിക്കുകയാണ് കുടുംബം.
അശ്ലീല സന്ദേശമയക്കുന്നതും അപവാദ പ്രചാരണം നടത്തുന്നതും ചൂണ്ടിക്കാട്ടി പ്രവീണ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. മോശക്കാരിയായി ചിത്രീകരിച്ചത് മൂലം നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ഈ പരാതിയിൽ വെഞ്ഞാറമൂട് പൊലീസിൽ നിന്ന് നടപടി ഉണ്ടായില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം.