NEWSROOM

ആഗ്ര-ലക്‌നൌ എക്സ്പ്രസ്‌വേയിൽ കാറിനുള്ളിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി

പരീക്ഷ എഴുതാതെ തന്നെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നൽകുന്ന തട്ടിപ്പ് സംഘം യുവതിയെ കെണിയിൽപ്പെടുത്തുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ആഗ്ര-ലക്‌നൌ എക്സ്പ്രസ്‌വേയിൽ കാറിനുള്ളിൽ 20 കാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. പരീക്ഷ എഴുതാതെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്ന സംഘമാണ് യുവതിയെ പീഡിപ്പിച്ചത്. പീഡനദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ സംഘം യുവതിയെ എക്‌സ്പ്രസ്‌വേയിൽ ഉപേക്ഷിച്ചു. ആഗ്ര സ്വദേശിനിയായ 20 കാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്.

പരീക്ഷ എഴുതാതെ തന്നെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നൽകുന്ന തട്ടിപ്പ് സംഘം യുവതിയെ കെണിയിൽപ്പെടുത്തുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ പരസ്യം കണ്ടാണ് യുവതി തട്ടിപ്പുകാരെ ഫോണിൽ ബന്ധപ്പെട്ടത്. 30,000 രൂപയ്ക്ക് സർട്ടിഫിക്കറ്റ് നൽകാമെന്ന് ഫോണിലൂടെ പരിയപ്പെട്ട രാകേഷ് കുമാർ എന്ന വ്യക്തി പറഞ്ഞു. ഇതനുസരിച്ച് ആദ്യം 15,000 രൂപ അയച്ചുകൊടുത്തു. ബാക്കി തുകയുമായി ആഗ്ര-ലക്‌നൌ എക്സ്പ്രസ്‌വേയിൽ എത്താനായിരുന്നു നിർദേശം.

രാകേഷ് കുമാറിനൊപ്പം ശ്രീനിവാസ് ശർമയെന്ന വ്യക്തിയും ഉണ്ടായിരുന്നു. ഇരുവരും ചേർന്ന് യുവതിയെ കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിക്കുകയായിരുന്നു. ബലാത്സംഗ രംഗം ക്യാമറയിൽ പകർത്തിയ ശേഷം ഇവർ ആഗ്ര-ലക്‌നൌ എക്സ്പ്രസ്‌വേയിൽ യുവതിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ആദ്യം ആഗ്ര പൊലീസിൽ പരാതിപ്പെട്ടെങ്കിലും കേസെടുക്കാൻ തയ്യാറായില്ലെന്ന് യുവതി ആരോപിക്കുന്നു. തുടർന്ന് ലക്നൌ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.


SCROLL FOR NEXT