NEWSROOM

കോഴിക്കോട് എകരൂലിൽ ചികിത്സാപ്പിഴവിനെ തുടർന്ന് യുവതിയും ഗർഭസ്ഥശിശുവും മരിച്ച സംഭവം: ആശുപത്രിക്കെതിരെ കേസെടുക്കണമെന്ന് യുവതിയുടെ കുടുംബം

അശ്വതി വേദന കൊണ്ട് ഉറക്കെ കരയുന്ന ശബ്ദം കേട്ടിരുന്നതായും വിവേക് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് എകരൂലിൽ ചികിത്സാപ്പിഴവിനെ തുടർന്ന് മരിച്ച അശ്വതിയുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. സംഭവത്തിൽ അത്തോളിയിലെ മലബാർ മെഡിക്കൽ കോളേജിനെതിരെ ആരോപണം കടുപ്പിച്ചിരിക്കുകയാണ് അശ്വതിയുടെ കുടുംബം. ആശുപത്രിയുടെ അനാസ്ഥയാണ് മരണ കാരണം എന്ന് ആരോപിച്ച ഭർത്താവ് വിവേക് ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിസേറിയൻ വേണം എന്ന് ആവശ്യപ്പെട്ടിട്ടും ചെയ്യാൻ ആശുപത്രി തയ്യാറായില്ല. അശ്വതി വേദന കൊണ്ട് ഉറക്കെ കരയുന്ന ശബ്ദം കേട്ടിരുന്നതായും വിവേക് പറഞ്ഞു.


അശ്വതിയുടെ മരണം ഉറപ്പിക്കാൻ വേണ്ടി മാത്രമാണ് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് അശ്വതിയുടെ സഹോദരൻ അഖിൽ വ്യക്തമാക്കി. നിയമ നടപടിയുമായി മുൻപോട്ട് പോകുമെന്നും കുടുംബം അറിയിച്ചു.


ഈ മാസം 7ാം തീയതിയാണ് പ്രസവവേദനയെ തുടർന്ന് അശ്വതിയെ മലബാർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുന്നത്. രണ്ട് ദിവസത്തിന് ശേഷം അശ്വതിക്ക് വീണ്ടും അതിതീവ്ര വേദന അനുഭവപ്പെട്ടു. ഇതോടെ ആശുപത്രി അധികൃതർ അശ്വതിക്ക് ഇൻജക്ഷൻ നൽകി. ഈ മരുന്ന് ഓവർഡോസായതാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിൻ്റെ പ്രധാന ആരോപണം. ഇൻജക്ഷൻ നൽകിയ ശേഷം യുവതിയെ പ്രസവത്തിനായി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു എന്നായിരുന്നു അധികൃതർ ആദ്യം കുടുംബത്തിന് നൽകിയ വിവരം. എന്നാൽ അൽപസമയത്തിന് ശേഷം കുഞ്ഞ് അമ്മയുടെ വയറ്റിൽ നിന്ന് തന്നെ മരണപ്പെട്ടതായി ഇവർ അറിയിച്ചു.


പിന്നാലെ മൂന്ന് ശസ്ത്രക്രിയ നടന്നതായും അശ്വതിക്ക് ആന്തരിക രക്തസ്രാവമുണ്ടായതായും അധികൃതർ പറഞ്ഞു. യുവതിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനും നിർദേശം നൽകി. എന്നാൽ സ്വകാര്യ ആശുപത്രി നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് വ്യക്തമായിരുന്നു. നേരത്തെ ആവശ്യമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ അശ്വതിയെ രക്ഷിക്കാമെന്നായിരുന്നു സ്വകാര്യ ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരം. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കകം തന്നെ അശ്വതി മരണത്തിന് കീഴടങ്ങിയിരുന്നു.





































SCROLL FOR NEXT